Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലക്കാട് ബി.ജെ.പിയിലെ  വിഭാഗീയത മറനീക്കി പുറത്ത്‌

പാലക്കാട് - മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എക്ക് ജന്മനാടിന്റെ ആദരം പാർട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തു വരാൻകൂടി വേദിയാവുന്നു.  മുരളീധര പക്ഷത്തിന്റെ അസാന്നിധ്യം സജീവ ചർച്ചയായതോടെയാണിത്. വരുന്ന ഞായറാഴ്ച പാലക്കാട്ട് നടക്കാനിരിക്കുന്ന ഒ.രാജഗോപാൽ നവതിയാഘോഷമാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ അസാന്നിധ്യം മൂലം ശ്രദ്ധേയമാവുന്നത്. 
വടക്കന്തറ അശ്വതി കല്യാണ മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, മന്ത്രി എ.കെ. ബാലൻ എന്നിവരടക്കം മറ്റു രാഷ്ട്രീയ പ്പാർട്ടികളുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമ്പോൾ അസാന്നിധ്യം മൂലം ശ്രദ്ധിക്കപ്പെടുന്നത് വി. മുരളീധരൻ എം.പിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ കെ. സുരേന്ദ്രനുമാണ്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായറിയപ്പെടുന്ന പാലക്കാട് നഗരത്തിൽ പാർട്ടിയുടെ കരുത്ത് വിളിച്ചറിയിക്കും വിധത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കൃഷ്ണദാസിനും സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിനും വലിയ പങ്കാളിത്തമില്ലെന്നതും ചർച്ചയായി മാറിയിട്ടുണ്ട്. വി. മുരളീധരന്റെ വിശ്വസ്തരാണ് ഇരു നേതാക്കളും. ജില്ലയിൽ പി.കെ. കൃഷ്ണദാസ് പക്ഷത്തിനു നേതൃത്വം നൽകുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ ആണ് നവതി ആഘോഷക്കമ്മിറ്റിയുടെ ജനറൽ കൺവീനർ. 
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന നവതിയാഘോഷച്ചടങ്ങിന്റെ നോട്ടീസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള, മുതിർന്ന നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. രാമൻ പിള്ള, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, സുരേഷ് ഗോപി എം.പി എന്നിവരുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ജില്ലാ പ്രസിഡന്റിന്റെ പേര് ഇല്ലാതെ നോട്ടീസ് അടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബി.ജെ.പിയുടെ പരിപാടി അല്ല നവതി ആഘോഷം എന്നായിരുന്നു എൻ. ശിവരാജന്റെ മറുപടി. 
ചേരിപ്പോരിൽ നട്ടം തിരിയുന്ന ജില്ലാ ബി.ജെ.പി ഘടകത്തിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിർന്ന നേതാവിന്റെ നവതിയാഘോഷച്ചടങ്ങ്. കെ.സുരേന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്റാക്കാൻ അവസാനം വരെ ഉറച്ചു നിന്നയാളായിരുന്നു ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ.കൃഷ്ണദാസ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായിട്ടും പാർട്ടി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ പിള്ളക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ബോർഡുകളൊന്നും പാലക്കാട്ട് സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പുതിയ പ്രസിഡന്റിന് ജില്ലയിലെ ആദ്യ സ്വീകരണം ഷൊർണൂരിൽ നൽകിയപ്പോഴും ശ്രദ്ധിക്കപ്പെട്ടത് ജില്ലാ പ്രസിഡന്റിന്റേയും സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറിന്റേയും അസാന്നിധ്യം തന്നെ.  
പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ പാലക്കാട് പോലെ പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന ഒരു സ്ഥലത്ത് ചേരിപ്പോര് ശക്തിപ്പെടുന്നതിൽ ആർ.എസ്.എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. പി.കെ. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖയായ ശോഭാ സുരേന്ദ്രൻ തന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ പാലക്കാട്ടുണ്ടായ വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രൻ ജില്ലയിലെ പ്രമുഖർക്കെതിരേ പാർട്ടിയിൽ പരാതി നൽകിയിരുന്നു. അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന വി. മുരളീധരൻ അത് അവഗണിക്കുകയാണ് ഉണ്ടായത്. എന്നാൽ കാര്യങ്ങളുടെ പോക്ക് സുഗമമാക്കിയില്ലെങ്കിൽ ജില്ലയിലെ സംഘടനാ കാര്യങ്ങളിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്നാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന മുന്നറിയിപ്പ്.

 

Latest News