Sorry, you need to enable JavaScript to visit this website.

നിയമ പോരാട്ടം നടത്തിയത് ചാരമുദ്രയിൽനിന്ന്  മോചനം തേടി -നമ്പി നാരായണൻ

തിരുവനന്തപുരം - ചാരനെന്ന മുദ്ര കുത്തലിൽ നിന്നുള്ള മോചനത്തിനായിട്ടായിരുന്നു തന്റെ നിയമ പോരാട്ടമെന്ന് ചാരക്കേസിൽ കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. 50 ലക്ഷം നഷ്ടപരിഹാരം ലഭ്യമാകുന്നതിനേക്കാൾ  ചാരമുദ്രയിൽ നിന്ന് മോചിതനായതിലാണ് തനിക്ക് സന്തോഷം. പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യം ചെയ്യലിനിടെ തന്നെ ക്രൂരമായി മർദ്ദിച്ച ഐ.ബി ഉദ്യോഗസ്ഥേരാടുള്ള പകരം വീട്ടലിന് രണ്ടു ചെരിപ്പ് താൻ മാറ്റിവെച്ചിട്ടുണ്ടെന്നും അവരെ ആരെയും ഇപ്പോൾ കാണാനില്ലെന്നും നമ്പി നാരാണൻ പറഞ്ഞു. തന്നെ ചോദ്യം ചെയ്യുമ്പോൾ ഐ.ബി വിഭാഗം ക്രൂരമായി തല്ലിയിരുന്നു. താൻ കുറ്റക്കാരനല്ലെന്നും എന്തിനാണ് ഉപദ്രവിക്കുന്നതെന്നുമുള്ള ചോദ്യത്തിന് താനാദ്യം കുറ്റക്കാരനല്ലെന്ന് തെളിയിക്കൂ എന്നും അങ്ങനെ തെളിയിച്ചാൽ താങ്കളുടെ വീട്ടിൽ വന്ന് ചെരിപ്പിന് അടിവാങ്ങിക്കൊളളാമെന്നുമായിരുന്നു അവരുടെ മറുപടി. 13 പേരടങ്ങുന്ന സംഘമാണ് മർദ്ദിച്ചത്. അതിൽ 11 പേരെ തനിക്കറിയാം. അവരാരും ഇപ്പോൾ എവിടെയാണെന്ന് അറിയില്ല.  കേസ് എന്തിനായിരുന്നുവെന്ന് ഇപ്പോഴും അറിയില്ല. കരുണാകരനെ താഴെ ഇറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാകാം. അല്ലെങ്കിൽ റഷ്യയിൽ നിന്ന് സാങ്കേതിക വിദ്യ വാങ്ങുന്നതിൽ അമേരിക്കയ്ക്കുള്ള എതിർപ്പാകാം. ഇന്ത്യ സ്‌പെയ്‌സ് സങ്കേതിക വിദ്യ നേടി ശക്തിയാർജ്ജിക്കുന്നതിനെതിരെയുള്ള വിദേശ ഗൂഢാലോചനയുമാകാം ഇതിനു പിന്നിൽ. അങ്ങനെ അല്ലെങ്കിൽ  സാങ്കേതിക വിദ്യ റഷ്യ നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച  അമേരിക്ക എന്തിനാണ് തങ്ങൾ സാങ്കേതിക വിദ്യ നൽകാമെന്ന് പറഞ്ഞത്.  തനിക്ക് സംശയങ്ങൾ മാത്രമാണുള്ളത്. ഇക്കാര്യത്തിൽ വസ്തുത  വ്യക്തമാക്കേണ്ടത് അന്ന് പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസാണ്. 
കേസെല്ലാം ഐ.ബിയാണ് കെട്ടിച്ചമച്ചതെങ്കിൽ അക്കാര്യം സിബി മാത്യൂസ് കോടതിയിൽ പറയണം. തീ ഇല്ലാതെ തന്നെ പുകയുണ്ടായി എന്നതാണ് വാസ്തവം. ഇല്ലാത്ത ക്രയോജനിക് സങ്കേതിക വിദ്യ എങ്ങനെയാണ് വിൽക്കാനാവുക. വികാസ്  എഞ്ചിൻ വിൽക്കുന്നു എന്ന് പറയുന്നത് അങ്ങാടിയിൽ ധാരാളം കിട്ടുന്ന കത്തിരിക്ക കടത്തിക്കൊണ്ട് പോയി എന്ന് പറയുന്ന പോലെയാണ്.  കള്ളക്കേസുകൾ  കെട്ടിച്ചമച്ചവർ അത്ര ബുദ്ധിമാൻമാരല്ല.  ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്തരം  വിഡ്ഢിത്തങ്ങൾ ഉണ്ടാകുമായിരുന്നില്ല. 
സിബി മാത്യൂസ് തന്നോട് മാപ്പ് ചോദിച്ചുവെന്ന് എവിടെയും താൻ പറഞ്ഞിട്ടില്ല. സൂര്യകൃഷ്ണമൂർത്തിയോട് സിബി മാത്യൂസ് ആവശ്യപ്പട്ടതിനെ തുടർന്ന് താൻ അദ്ദേഹത്തെ കണ്ടിരുന്നു. ഒന്നും അറിയില്ലായിരുന്നുവെന്നും പോലീസ് മേധാവി മധുസൂദനൻ നായർ പറഞ്ഞിട്ടാണ് താനിതൊക്കെ ചെയ്തതെന്നുമാണ് അന്ന് സിബി മാത്യൂസ് പറഞ്ഞത്. എന്നാൽ മധുസൂദനൻ നായർ നേരെ തിരിച്ചാണ് പറഞ്ഞത്.  
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാരണങ്ങളെ തുടർന്നാണ് താൻ ഐ.എസ്.ആർ.ഒയിൽ നിന്ന് രാജിവെച്ചത്.  നവംബറിലാണ് രാജി നടന്നതെങ്കിലും അതിനും മാസങ്ങൾ മുൻപ് ഇക്കാര്യം താൻ ആവശ്യപ്പെട്ടിരുന്നു. അന്ന് ചാരക്കേസ് ഉണ്ടായിട്ടു പോലുമില്ല. 
കേസ് ഉണ്ടായതിന് വലിയ കാരണം മാധ്യമങ്ങളാണ്. വിവരക്കേട് കൊണ്ട് ചിലർ കേട്ടതെല്ലാം എഴുതിപ്പിടിപ്പിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരെ വഴി തെറ്റിച്ചവർക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നു. എങ്കിലും തനിക്ക് മാധ്യമ പ്രവർത്തകരോട് ഒരു ശത്രുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News