Sorry, you need to enable JavaScript to visit this website.

പ്രളയ ദുരിതാശ്വാസം: പ്രത്യേക അക്കൗണ്ട് തുറക്കില്ല

  • ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

കൊച്ചി- പ്രളയ ദുരിതാശ്വാസത്തിനായി കൈക്കൊണ്ട നടപടികൾ വിശദീകരിച്ച് സർക്കാർ ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചു. 
ഓഗസ്റ്റ് 14 ന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകകൾ നേരത്തെ ഫണ്ടിലുണ്ടായിരുന്ന തുകയുമായി കൂട്ടിച്ചേർക്കില്ലെന്നും എന്നാൽ പ്രത്യേക അക്കൗണ്ട് ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ 14 ബാങ്കിളിലായി അക്കൗണ്ട് തുറന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വീകരിച്ചു വരികയാണ്. 
സർക്കാർ ജീവനക്കാരുടെ സംഭാവന സ്വീകരിക്കാൻ ട്രഷറിയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. 2018 ഓഗസ്റ്റ് 14 ന് ശേഷം ലഭിച്ച തുകകൾ പ്രത്യേകമായിയാണ് സൂക്ഷിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നഷ്ടപരിഹാരം വിലയിരുത്തലും വിതരണവും സംബന്ധിച്ച് വിശദമായ നടപടിക്രമങ്ങൾ ഹൈക്കോടതിയിൽ മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നേരിട്ട് ഹാജരായി വിശദീകരിച്ചു.
ഇതുവരെ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽനിന്നും 6.77 ലക്ഷം ദുരിത ബാധിതർക്ക് 419.78 കോടി രൂപ ഇതുവരെ വിതരണം ചെയ്തതായി സർക്കാർ വ്യക്തമാക്കി. 
നഷ്ടം വിലയിരുത്തൽ സെപ്തംബർ 30 നകം പൂർത്തിയാക്കും. നഷ്ടം വിലയിരുത്തുന്നതിനും വിതരണത്തിലും ഗ്രാമസഭകളുടെയും വില്ലേജ് തല സമിതികളുടെയും സേവനം ഉറപ്പാക്കും. പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് പ്രാഥമിക കണക്കുകൾ പ്രകാരം നാൽപതിനായിരം കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ടെന്നും ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,000 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കൂടുതൽ സഹായം നൽകുമെന്ന പ്രതീക്ഷയാണുള്ളതെന്നും സർക്കാർ ബോധിപ്പിച്ചു. 

Latest News