Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍; പുതുതായി മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും 

തിരുവനന്തപുരം- കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്വം. കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിച്ചു. കെ. സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിച്ചു നിയമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. പ്രചാരണ സമിതി അധ്യക്ഷനായി കെ. മുരളീധരനേയും നിയമിച്ചു. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍.

കെ.എസ്.യുവിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുരംഗത്തേക്ക് കടന്നുവന്നത്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ച് തവണയും, വടകരയില്‍ രണ്ട് തവണയും വിജയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന മുല്ലപ്പള്ളി മലബാറിലെ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായിരുന്നു. കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 1968-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 1978-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. ഇ.കെ. നായനാര്‍  സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ 58 ദിവസം നീണ്ട് നിന്ന പദയാത്ര ശ്രദ്ധേയമായിരുന്നു. ആ സമയത്ത് പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ്. 

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച് നിന്നു. 1984ല്‍ കണ്ണൂരില്‍ നിന്നും ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. 1988ല്‍ എ.ഐ.സി.സി ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒടുവില്‍ എഐസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സിഅധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

1984,1989, 1991, 1996, 1998-ലും കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്നും ലോക്സഭയിലെത്തി. 2014ല്‍ വടകരയില്‍ നിന്നും വീണ്ടും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന ലോകസഭ അംഗം കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏഴ് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ പാര്‍ലമെന്റ് സമിതികളിലും, ബോര്‍ഡുകളിലും മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. തായാട്ട് ശങ്കരന്റെയും പി.പി. ഉമ്മര്‍ കോയയുടേയും നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പുറത്തിറങ്ങിയ വിപ്ലവം ദിനപത്രത്തില്‍ ചീഫ് സബ്ബ് എഡിറ്ററായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ക്യൂബയിലെ ഹവാനയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ദിര ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
 

Latest News