മക്ക- കഴിഞ്ഞ ഹജ് സീസണിൽ ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ബസുകളിലെ ഡ്രൈവർമാർക്ക് നടത്തിയ ലഹരി, ഉത്തേജക മരുന്ന് പരിശോധനയിൽ 50 ഡ്രൈവർമാർ കുടുങ്ങി. ഇവർ ലഹരി, ഉത്തേജ മരുന്നുകൾ ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് ഇവരെ ഉടൻ തന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തി. കഴിഞ്ഞ ഹജ് സീസണിൽ ഹജ് ട്രാൻസ്‌പോർട്ടേഷൻ കമ്പനികളിലെ 3,070 ഡ്രൈവർമാർക്കാണ് ലഹരി, ഉത്തേജക മരുന്ന് പരിശോധന നടത്തിയത്. മക്കയിലെ സെന്റർ ഫോർ പോയിസൺ കൺട്രോൾ ആന്റ് ഫോറൻസിക് കെമിസ്ട്രിയാണ് ബസ് ഡ്രൈവർമാരെ ലഹരി, ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയരാക്കുന്നത്.
രണ്ടു മിനിറ്റിനകം പരിശോധനാ ഫലം ലഭിക്കും. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ ഉടനടി ഡ്രൈവർമാരെ ജോലിയിൽ നിന്ന് അകറ്റിനിർത്തും. പകരം ബസ് ഓടിക്കുന്നതിന് ബന്ധപ്പെട്ട ബസ് കമ്പനിയിൽ നിന്ന് ബദൽ ഡ്രൈവർമാരെ ലഭ്യമാക്കും. ലഹരി, ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവരായി പരിശോധനയിൽ തെളിയുന്ന ഡ്രൈവർമാരെ തുടർ നടപടികൾക്കായി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റിന് കൈമാറുകയാണ് ചെയ്യുക.
ഹജ് തീർഥാകരുടെ ബസുകൾ മദീനയിലേക്ക് കടത്തിവിടുന്ന കേന്ദ്രത്തിൽ ലഹരി, ഉത്തേജക മരുന്ന് പരിശോധനക്ക് സ്ഥിരം സെന്ററുണ്ട്. ഇവിടെ വേഗത്തിൽ പരിശോധനകൾ നടത്തുന്നതിന് ആവശ്യമായ അത്യാധുനിക സജ്ജീകരണങ്ങളും പര്യാപ്തമായത്ര വിദഗ്ധ ജീവനക്കാരുമുണ്ട്. കഴിഞ്ഞ ഹജ് സീസണിൽ മക്ക-മദീന റോഡിൽ 270 ബസുകളാണ് കേടായി വഴിയിൽ കുടുങ്ങിയത്. എയർ കണ്ടീഷനർ തകരാർ, ടയർ പഞ്ചറാകൽ എന്നിവയാണ് ബസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തകരാറുകളെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.