റിയാദ്- ഈ വർഷം ആദ്യത്തെ ഏഴു മാസത്തിനിടെ സൗദി അറേബ്യ 151.9 കോടി ബാരൽ അസംസ്‌കൃത എണ്ണ വിദേശങ്ങളിലേക്ക് കയറ്റി അയച്ചതായി കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ക്രൂഡ് ഓയിൽ കയറ്റുമതി 149.7 കോടി ബാരലായിരുന്നു. ഈ വർഷം എണ്ണ കയറ്റുമതിയിൽ ഒന്നര ശതമാനം വർധനവ് രേഖപ്പെടുത്തി.
ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലത്ത് 2.3 കോടി ബാരൽ എണ്ണയാണ് സൗദി അറേബ്യ അധികം കയറ്റി അയച്ചത്. ഈ വർഷം ആദ്യത്തെ ഏഴു മാസത്തിനിടെ പ്രതിദിനം ശരാശരി 71.7 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ തോതിലായിരുന്നു സൗദിയുടെ കയറ്റുമതി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 70.5 ലക്ഷം ബാരലായിരുന്നു.
ഇക്കൊല്ലം ജനുവരിയിൽ പ്രതിദിനം 71.7 ലക്ഷം ബാരലും ഫെബ്രുവരിയിൽ 72.5 ലക്ഷം ബാരലും മാർച്ചിൽ 71.2 ലക്ഷം ബാരലും ഏപ്രിലിൽ 73.1 ലക്ഷം ബാരലും മേയിൽ 69.8 ലക്ഷം ബാരലും ജൂണിൽ 72.4 ലക്ഷം ബാരലും ജൂലൈയിൽ 71.2 ലക്ഷം ബാരലും തോതിൽ ക്രൂഡ് ഓയിൽ കയറ്റി അയച്ചു. 2017 ജനുവരിയിൽ പ്രതിദിനം 77.1 ലക്ഷം ബാരലും ഫെബ്രുവരിയിൽ 69.5 ലക്ഷം ബാരലും മാർച്ചിൽ 72.3 ലക്ഷം ബാരലും ഏപ്രിലിൽ 70 ലക്ഷം ബാരലും മേയിൽ 69.2 ലക്ഷം ബാരലും ജൂണിൽ 68.8 ലക്ഷം ബാരലും ജൂലൈയിൽ 66.9 ലക്ഷം ബാരലുമായിരുന്നു സൗദിയുടെ എണ്ണ കയറ്റുമതി. 2017 ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ എണ്ണ കയറ്റുമതിയിൽ 6.3 ശതമാനം വർധനവ് രേഖപ്പെടുത്തി. ജൂലൈയിൽ പ്രതിദിന എണ്ണ കയറ്റുമതിയിൽ നാലേകാൽ ലക്ഷം ബാരലിന്റെ വർധനവാണുണ്ടായത്. എന്നാൽ ഇക്കഴിഞ്ഞ ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ എണ്ണ കയറ്റുമതിയിൽ 1.7 ശതമാനം കുറവ് രേഖപ്പെടുത്തി.
ജൂലൈയിൽ സൗദിയിലെ എണ്ണ റിഫൈനറികളിൽ ഉപയോഗിച്ച ക്രൂഡ് ഓയിലിന്റെ അളവിൽ 0.024 ശതമാനം കുറവുണ്ടായി. ജൂലൈയിൽ സൗദി റിഫൈനറികൾ പ്രതിദിനം ശരാശരി 27.68 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വീതമാണ് സംസ്‌കരിച്ചത്. ജൂലൈയിൽ സൗദിയുടെ അസംസ്‌കൃത എണ്ണ ഉൽപാദനത്തിൽ പ്രതിദിനം രണ്ടു ലക്ഷം ബാരലിന്റെ കുറവുണ്ടായി. ജൂലൈയിൽ പ്രതിദിനം 10.288 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വീതമാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്. ജൂലൈയിൽ സൗദിയുടെ ക്രൂഡ് ഓയിൽ സംഭരണത്തിൽ 55 ലക്ഷം ബാരലിന്റെ കുറവുണ്ടായി. ജൂലൈ അവസാനത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കരുതൽ സംഭരണം 22.9 കോടി ബാരലാണ്.