Sorry, you need to enable JavaScript to visit this website.

ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം- കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണം നേരിടുന്ന   ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ പത്തിന് വൈക്കം ഡിവൈ.എസ്.പി ഓഫീസിൽ ഹാജരാവാനാണ് ബിഷപ്പിനോട് നിർദേശിച്ചിരിക്കുന്നത്. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാകും ചോദ്യം ചെയ്യുക. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി വിശദമായ ചോദ്യാവലിയാണ് ബിഷപ്പിനായി അന്വേഷണ സംഘം കരുതിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന സൂചന ബലപ്പെട്ടു.
ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മൂലം തിരക്കുപിടിച്ച് അറസ്റ്റിലേക്ക് കടക്കുന്നത് ശരിയാവില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വൈക്കത്ത് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ  ഏറ്റുമാനൂരിലെ ഹൈടെക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഏറ്റുമാനൂർ സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. മൊഴിയെടുക്കുന്നതോടൊപ്പം ബിഷപ്പിനെ വൈദ്യപരിശോധന നടത്തുന്നതിനുള്ള തയാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.
ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിക്കുന്നതിന് തുടർച്ചയായി മൂന്നു ദിവസമെങ്കിലും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. വൈക്കവും ഏറ്റുമാനൂരും കൂടാതെ കോട്ടയം പോലീസ് ക്ലബ്ബും ചോദ്യം ചെയ്യലിനായി ക്രമീകരിച്ചിട്ടുണ്ട്. 
കേസിൽ ബിഷപ്പിനെതിരേ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. അഞ്ച് ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. മൂന്ന് തെളിവുകൾ പോലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. 
അതിനിടെ ബിഷപ്പിന്റെ സഹായികളും ജലന്ധർ രൂപതയിലെ വൈദികരുമടങ്ങുന്ന സംഘം കോട്ടയത്ത് നേരത്തെ തന്നെയെത്തിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവർ ചർച്ച നടത്തിയതായും അറിയുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ജലന്ധറിലെത്തിയാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തത്.  
 

Latest News