സൗദിയില്‍ കൂടുതല്‍ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നു; കഴിഞ്ഞ വര്‍ഷം 11,000 കേസുകള്‍

റിയാദ് - കഴിഞ്ഞ വര്‍ഷം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റികള്‍ക്കു (ലേബര്‍ കോടതികള്‍) മുന്നില്‍ 11,000 തൊഴില്‍ കേസുകള്‍ എത്തിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതില്‍ 57 ശതമാനം കേസുകളും നല്‍കിയത് വിദേശികളാണ്. 43 ശതമാനം കേസുകള്‍ സൗദി ജീവനക്കാരാണ് നല്‍കിയത്. റബീഉല്‍ അവ്വല്‍ ഒന്നിന് (നവംബര്‍ 9) നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ ലേബര്‍ കോടതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികള്‍ നീതിന്യായ മന്ത്രാലയവും സുപ്രീം ജുഡീഷ്യറി കൗണ്‍സിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലേബര്‍ കോടതികളില്‍ നിയമിക്കുന്നതിന് ജഡ്ജിമാര്‍ക്ക് പരിശീലനങ്ങള്‍ നല്‍കിവരികയാണ്.
ആദ്യ ഘട്ടത്തില്‍ ജിദ്ദ, റിയാദ്, ദമാം, മക്ക, മദീന എന്നിവിടങ്ങളിലാണ് ലേബര്‍ കോടതികള്‍ സ്ഥാപിക്കുക. മറ്റു നഗരങ്ങളില്‍ ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ക്ക് പ്രത്യേക ബെഞ്ചുകള്‍ സ്ഥാപിക്കും. നിലവില്‍ ലേബര്‍ ഓഫീസുകള്‍ക്കു കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റികളാണ് ലേബര്‍ കോടതികളെ പോലെ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ കേസുകള്‍ക്ക് നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക കോടതികളും ബെഞ്ചുകളും സ്ഥാപിക്കുന്നത് തൊഴില്‍ കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിനും കക്ഷികള്‍ക്ക് എളുപ്പത്തില്‍ നീതി ലഭ്യമാക്കുന്നതിനും സഹായിക്കും.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റികള്‍ക്കു മുന്നില്‍ ഇതിനകം എത്തിയ കേസുകള്‍ പുതുതായി സ്ഥാപിക്കുന്ന ലേബര്‍ കോടതികളിലേക്ക് മാറ്റരുതെന്ന് ഉന്നതാധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ തര്‍ക്ക പരിഹാര അതോറിറ്റികള്‍ക്കു മുന്നിലെത്തിയ കേസുകളില്‍ അതോറിറ്റികള്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

 

 

Latest News