കൊച്ചി- പമ്പയിലെയും ശബരി മലയിലെയും പുനർ നിർമാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർവഹിക്കണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി.
സർക്കാർ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട കോൺഗ്രസ് അനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിന് കോടതിയെ ഉപയോഗിക്കരുതെന്നും ജസ്റ്റിസുമാരായ പി.ആർ. രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് താക്കീത് ചെയ്തു. പ്രളയദുരന്തത്തിനു ശേഷമുള്ള പുനർ നിർമാണത്തിന് എല്ലാ മേഖലയിൽനിന്നുമുള്ളവർ കൈകോർത്ത് മുന്നേറുമ്പോൾ ദേവസ്വം ജീവനക്കാർ ഇത്തരം നിലപാട് സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു.
പമ്പയിലെയും ശബരി മലയിലെയും നിർമാണം ദേവസ്വം ബോർഡാണ് നേരത്തെ നടത്തിയിട്ടുള്ളതെന്നും അതിനാൽ പുനർ നിർമാണ ചെലവ് ദേവസ്വം വഹിക്കണമെന്ന സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് കോടതി വിലയിരുത്തി. പമ്പവരെയുള്ള നിർമാണ പ്രവൃത്തികൾ സർക്കാർ നേരിട്ട് പൂർത്തിയാക്കുമെന്ന് ഉത്തരവിൽ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പമ്പയിൽ പുതിയ പാലം നിർമിക്കേണ്ട ആവശ്യകതയില്ലെന്നും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തുവരികയാണെന്നും കോടതി പറഞ്ഞു. മണൽ നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണമായും ഉപയോഗിക്കാനാവില്ലെന്നും വലിയൊരു ഭാഗം മണൽ പമ്പയുടെ തീര സംരക്ഷണത്തിനായി ഉപയുക്തമാക്കുമെന്നും സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ ബോധിപ്പിച്ചു. ദേവസ്വം ജീവനക്കാർക്ക് ഇത്തരമൊരു ഹരജി ഫയൽ ചെയ്യാൻ അവകാശമില്ലെന്നും സർക്കാർ വിശദീകരിച്ചു. ശബരി മലയിലെ പുനർ നിർമാണം സംബന്ധിച്ച ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിനൊപ്പം പരിഗണിക്കാൻ കേസ് കോടതി മാറ്റിവച്ചു.