Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കൂടുതല്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നു

റിയാദ് - ഏതാനും നഗരങ്ങളിലും പ്രവിശ്യകളിലും വൈകാതെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഗതാഗത സുരക്ഷാ പദ്ധതി എക്‌സിബിഷൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലെ തിരക്കിന് ശമനമാകും. പുതിയ ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. വൈകാതെ ഇവ പ്രവർത്തനം തുടങ്ങും. 
ഗതാഗത സുരക്ഷയെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്ന പദ്ധതി അസീറിലും തബൂക്കിലും ജിദ്ദയിലുമാണ് ആദ്യം ആരംഭിച്ചത്. വൈകാതെ എല്ലാ പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഗതാഗത നിയമങ്ങളെ കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിന് സ്‌കൂളുകളിൽ മൊബൈൽ ട്രാഫിക് ഗ്രാമങ്ങൾ സ്ഥാപിക്കണം. കിന്റർഗാർട്ടനുകൾ മുതൽ സെക്കണ്ടറി വരെയുള്ള തലങ്ങളിൽ വിദ്യാർഥികളെ ഗതാഗത സുരക്ഷയെ കുറിച്ച് ബോധവൽക്കരിക്കുന്ന ക്ലാസുകൾ സംഘടിപ്പിക്കണം. ഗതാഗത സുരക്ഷയെ കുറിച്ച ആശയങ്ങൾ വിദ്യാർഥികളുടെ മനസ്സുകളിൽ അധ്യാപകർ നട്ടുവളർത്തണമെന്നും മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി ആവശ്യപ്പെട്ടു. 
 

Latest News