റഷ്യന്‍ വിമാനം വീഴ്ത്തിയത് സിറിയന്‍ സേന, അബദ്ധമെന്ന് പുടിന്‍

മോസ്‌കോ- സിറിയയില്‍ റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ടത് ഇസ്രായിലാണെന്ന ആരോപണത്തില്‍നിന്ന് പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പിന്മാറി. 15 സൈനികരുണ്ടായിരുന്ന വിമാനം ഇസ്രായില്‍ സൈന്യമാണ് വെടിവെച്ചിട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.
ഇസ്രയിലി ജെറ്റ് റഷ്യന്‍ വിമാനത്തെ വെടിവെച്ചുവീഴ്ത്തിയതല്ലെന്ന് പുടിന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. അപകടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. 2015 ല്‍ തുര്‍ക്കി റഷ്യന്‍ വിമാനം വെടിവിച്ചിട്ട സംഭവവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ലെന്നും പുടിന്‍ പറഞ്ഞു.
ഇസ്രായിലാണ് വിമാനം വെടിവെച്ചിട്ടതെന്നും കനത്ത തിരിച്ചടി നല്‍കമെന്നും പ്രതിരോധ മന്ത്രലായം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രാലയത്തിന്റെ പ്രസ്താവന തള്ളിക്കളയുന്നുവെന്നും ഏതു സാഹചര്യത്തിലാണ് പ്രസ്താവന പുറപ്പെടുവച്ചതെന്ന്  ഗൗരവത്തോടെ പരിശോധിക്കുമെന്നും പുടിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് പുടിന്‍ വാര്‍ത്താ ലേഖകരെ കണ്ടത്.
സിറിയയിലെ റഷ്യന്‍ സൈനികരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്ന നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. അപകടം നമുക്ക് എല്ലാവര്‍ക്കും ദുരന്തമാണെന്ന് വിശേഷിപ്പിച്ച പുടിന്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
തിങ്കളാഴ്ച രാത്രിവൈകിയാണ് സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നത്. ഇസ്രായില്‍ ആക്രമണം ചെറുക്കുകയായിരുന്ന ഇറാഖി സേനയാണ് അബദ്ധത്തില്‍ റഷ്യന്‍ വിമാനത്തെ വീഴ്ത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന 15 പേരും മരിച്ചിരുന്നു. 2015 ല്‍ റഷ്യ ഇറാഖില്‍ ഇടപെട്ട ശേഷം ഇതിനു മുമ്പും റഷ്യക്കും ഇറാഖിനും അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഇസ്രായില്‍ സേന ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു. സിറിയയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തിനടയിലാണ് സംഭവമെങ്കിലും തങ്ങള്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് ഇസ്രായില്‍ വിശദീകരിച്ചത്. സിറിയയിലെ അസദ് സേനയാണ് റഷ്യന്‍ വിമാനം വീഴ്ത്തിയതെന്നും ഇറാനും ഹിസ്്ബുല്ലക്കും പങ്കുണ്ടെന്നും ഇസ്രായില്‍ ആരോപിച്ചു.

 

 

Latest News