മലേഷ്യയില്‍ വിഷമദ്യം കഴിച്ച് ഇന്ത്യക്കാരനടക്കം 15 മരണം

ക്വാലാലംപൂര്‍- മലേഷ്യയില്‍ മദ്യത്തില്‍നിന്ന് വിഷബാധയേറ്റ് 15 പേര്‍ മരിക്കുകയും 33 പേര്‍ ആശുപത്രിയിലാവുകയും ചെയ്തു. മരിച്ചവരിലും അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചവരിലും ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്. മരിച്ചവരില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടുമെന്നാണ് ഇന്നലെ വൈകിട്ട് വരെയുള്ള റിപ്പോര്‍ട്ട്.
രണ്ട് തരം വിസ്്കിയും ഒരു തരം ബിയറും കഴിച്ചവരാണ് വിവിധ പ്രദേശങ്ങളില്‍നിന്നായി ആശുപത്രിയില്‍ എത്തിയത്. തലസ്ഥാനമായ ക്വാലാലംപൂരിന് സമീപത്തുള്ള സെലാംഗോറിലാണ് സംഭവമെന്ന് പ്രാദേശിക പോലീസ് മേധാവി മസ്‌ലാന്‍ മന്‍സൂര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ഒരു ഫാക്ടറി തൊഴിലാളിയുടെ മരണത്തോടെയായിരുന്നു തുടക്കം. ചൊവ്വാഴ്ച ഏറ്റവും ഉച്ചയ്ക്ക് ശേഷമാണ് അവസാനത്തെ മരണമെന്ന് വാര്‍ത്താ ഏജന്‍സി ബെര്‍ണാമ റിപ്പോര്‍ട്ട് ചെയ്തു.
മരിച്ച ആദ്യത്തെ ഏഴുപേരില്‍ ഒരു മലേഷ്യന്‍, നാല് നേപ്പാളി, ഒരു ഇന്ത്യന്‍, ഒരു ബംഗ്ലാദേശി പൗരന്മാരാണുള്ളത്. മരിച്ച എല്ലാവരുടേയും പൗരത്വം പോലീസ് മേധാവി വെളിപ്പെടുത്തിയില്ല. എന്നാല്‍ ഭൂരിഭാഗം പേരും വിദേശ തൊഴിലാളികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. മരണ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടല്ല. എന്നാല്‍ മരിച്ച എല്ലാവരേയും മദ്യം കഴിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മരണങ്ങളെ തുടര്‍ന്ന് വിവിധ കടകളില്‍നിന്ന് വിവിധ തരം മദ്യം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലേഷ്യയില്‍ കുറഞ്ഞ വേതത്തിന് ജോലി നോക്കുന്ന ധാരാളം സാദാ വിദേശ തൊഴിലാളികളുണ്ട്. ഫാക്ടറികളിലും കെട്ടിട നിര്‍മാണത്തിലും പ്ലാന്റേഷനുകളിലുമാണ് ഇവരില്‍ ബഹുഭൂരിഭാഗവും ജോലി നോക്കുന്നത്. വ്യാജമദ്യം കഴിച്ചുള്ള മരണങ്ങള്‍ പൊതുവെ മലേഷ്യയില്‍ കുറവാണ്.

 

Latest News