Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം; ജിദ്ദയില്‍ മലയാളി കേന്ദ്രമായ ഷറഫിയയിൽ പല കടകളും അടച്ചു

ജിദ്ദ- പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മുഹറം ഒന്നു മുതൽ നാലു മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമായി നടപ്പാക്കാൻ തുടങ്ങിയതോടെ വിപണിയിൽ മാന്ദ്യം ശക്തമായി. പരിശോധന ഭയന്നും സർക്കാർ നിശ്ചയിച്ച പോലുള്ള സ്വദേശിവൽക്കരണം നടപ്പാക്കാൻ കഴിയാതെയും പല കടകളും അടച്ചിട്ടിരിക്കുകയാണ്. 
ജിദ്ദയിൽ മലയാളി കേന്ദ്രമായ ഷറഫിയയിൽ ഇന്നലെ മണിക്കൂറുകളോളം അധിക കടകളും അടഞ്ഞു കിടന്നു. രാവിലെ മുതൽ എല്ലാ കടകളും തുറന്നിരുന്നുവെങ്കിലും പരിശോധന നടക്കുന്നുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ കടകൾ ഷട്ടറുകൾ താഴ്ത്തി. മതിയായ രേഖകളും സ്വദേശിവൽക്കരണ നടപടികളും പൂർത്തിയാക്കിയ അപൂർവം കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. വൈകുന്നേരത്തോടെ കടകൾ വീണ്ടും തുറന്നെങ്കിലും ആശങ്കയുമായാണ് അധിക പേരും കടകളിലിരുന്നത്. 
സർക്കാർ നിശ്ചയിച്ച പോലെ സ്വദേശിവൽക്കരണം നടപ്പാക്കി മുന്നോട്ടു പോവുക പ്രയാസമാണെന്നാണ് കച്ചവടക്കാർ പറയുന്നത്. പൊതുവെ വിപണി മാന്ദ്യത്തിന്റെ പിടിയിലാണ്. ഇത്തരമൊരു സാഹചഹ്യത്തിൽ അധിക ബാധ്യതകൾ ഏറ്റെടുത്തു മുന്നോട്ടു പോവുക പ്രയാസമാണെന്നതിനാൽ ഇനിയും ഒരു പരീക്ഷണത്തിനു മുതിരാതെ ബിസിനസ് തന്നെ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഒട്ടുമിക്ക പേരും. ഇതിന്റെ ഭാഗമായി ഡിസ്‌ക്കൗണ്ടോടു കൂടിയുള്ള വിറ്റഴിക്കൽ വിൽപനയാണെങ്ങും. താൽക്കാലികമായി സ്വദേശികളെ നിയമിച്ച് സാധനങ്ങൾ വിറ്റഴിച്ച് കിട്ടുന്നതുമായി രംഗം വിടാനാണ് പലരും ഉദ്ദേശിക്കുന്നത്. കടകൾ മൊത്തമായി വിൽക്കാൻ സന്നദ്ധമാണെങ്കിലും എടുക്കാൻ ആളില്ലെന്ന് വർഷങ്ങളായി ബിസിനസ് രംഗത്തുള്ളവർ പറഞ്ഞു. 
കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് മുഹറം ഒന്നു മുതൽ സ്വദേശിവൽക്കരണം കർശനമാക്കിയത്. എല്ലാ സാധനങ്ങളും ഒരേ കടയിൽ തന്നെ വിൽക്കുന്നവരാണ് ഇതിൽ വലഞ്ഞിട്ടുള്ളത്. വാച്ച്, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളുടെ സ്വദേശിവൽക്കരണം അടുത്ത ഘട്ടത്തിലാണെങ്കിലും വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയും ഇതോടൊപ്പം വിൽക്കുന്നവർക്ക് ഈ സാധനങ്ങൾ ഏതെങ്കിലും രീതിയിൽ ഒഴിവാക്കിയാൽ മാത്രമേ കുറച്ചു നാളത്തേക്കു കൂടിയെങ്കിലും പിടിച്ചു നിൽക്കാൻ കഴിയൂ. അതിനാൽ ഇത്തരം സാധനങ്ങൾ എങ്ങനെയും കടകളിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണവർ. മറ്റുള്ളവർ, പരിശോധകർ എപ്പോഴാണ് എത്തുന്നതെന്ന ആശങ്കയുമായി തുറന്നും തുറക്കാതെയുമായി മുന്നോട്ടു പോവുകയാണ്. 
കേരളത്തിൽ വെള്ളപ്പൊക്കക്കെടുതി മൂലം ഉണ്ടായ നഷ്ടത്തേക്കാളും ഭീമമായ നഷ്ടമാവും മലയാളികളായ കച്ചവടക്കാർക്ക് സ്വദേശിവൽക്കരണം മൂലം ഉണ്ടാകുന്നതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞു. ഈ നഷ്ടക്കണക്കുകളും ജീവിത മാർഗം വഴിമുട്ടിയതു മൂലമുള്ള തത്രപ്പാടും തങ്ങൾ ആരോടു പറയുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. 
 

Latest News