കൊച്ചി - പ്രളയത്തിനുത്തരവാദികളായ മുഴുവൻ ആളുകളെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ വാർത്താസമ്മളനത്തിൽ ആവശ്യപ്പെട്ടു.
ഡാമുകൾ തുറന്നുവിട്ടതുകൊണ്ടല്ല, മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന സർക്കാർ വാദം അടിസ്ഥാന രഹിതമാണ്. കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ രക്ഷപ്പെടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ സഹായിക്കാൻ വേണ്ടി തയാറാക്കിയതാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട്. ആ റിപ്പോർട്ട് ഉയർത്തിപ്പിടിച്ചാണ് ഇവിടെ മന്ത്രിമാർ തടിയൂരാൻ ശ്രമിക്കുന്നത്. ഇത് അപകടമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഡാമുകളിലേക്ക് ഒഴുകിവന്ന വെള്ളം, ഒരുമിച്ചു ഡാമുകൾ തുറന്നു വിട്ട വെള്ളം, ഓഗസ്റ്റ് ഒന്നു മുതൽ 18 വരെ ഉൽപാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ അളവ് എന്നീ കാര്യങ്ങൾ പരസ്യമാക്കാൻ കെ.എസ്.ഇ.ബി തയ്യാറാകണം. ഫ്‌ളോ ചാർട്ട് പ്രസിദ്ധീകരിക്കണം. 2017 ഓഗസ്റ്റ് ഒന്നിന് 1077 മില്യൺ കുബിക് മീറ്റർ വെളളമായിരുന്നു എല്ലാ ഡാമുകളിലുമായി ഉണ്ടായിരുന്നത്. എന്നാൽ 2018 ഓഗസ്റ്റ് ഒന്നിന് എല്ലാ ഡാമുകളിലുമായി 3828 മില്യൺ കുബിക് മീറ്റർ വെളളമായി ഉയർന്നു. അതായത് കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വെള്ളം. കനത്ത മഴ തുടർന്ന സാഹചര്യചത്തിൽ ആ സമയത്ത് ഡാമുകൾ തുറക്കാതെ പ്രളയം ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇതിനുത്തരവാദികളായ മുഴുവൻ ആളുകളെയും പ്രോസിക്യൂട്ട് ചെയ്യണം.
കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി മറ്റൊരു ദുരന്തമാണ്. ഓഖി ദുരന്തം ഉണ്ടായപ്പോൾ തന്നെ ഇത് വ്യക്തമായതാണ്. കേരളത്തിലെ സാധാരണ മൽസ്യത്തൊഴിലാളികൾക്കുള്ള അറിവു പോലുമില്ലാത്തവരാണ് ദുരന്ത നിവാരണ അതോറിറ്റിയിൽ ഉള്ളവർ. ഈ സാഹചര്യത്തിൽ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകാതിരിക്കാൻ നിലിവിലെ ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഡാമുകളടെ ഷട്ടറുകൾ തുറന്നുകൊടുത്ത ഗേറ്റ് കീപ്പർമാർക്ക് എന്ത് സാങ്കേതിക പിന്തുണയാണ് കെഎസ്ഇബി ബോർഡ് നൽകിയതെന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മഹാപ്രളയം കഴിഞ്ഞിട്ടും നിയമത്തിൽ അനുശാസിക്കുന്ന തരത്തിൽ ജില്ലാതലത്തിൽ ദുരന്ത നിവാരണ പ്ലാൻ ഉണ്ടാക്കാൻ സർക്കാർ തയാറാകുന്നില്ല. ഡാമുകൾ തുറന്നുവിട്ടാൽ എവിടെയൊക്കെ വെളളപ്പൊക്കമുണ്ടാകും, എത്ര ഉയരത്തിൽ വെളളമുയരും എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഫീൽഡ് മാപ്പിംഗ് നടത്താൻ പോലും സർക്കാർ തയാറാകുന്നില്ല. ഇനി കടുത്ത വരൾച്ചയായിരിക്കും ഉണ്ടാകുക. ഇത് നേരിടാൻ വരൾച്ച മാപ്പിംഗ് ആവശ്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.