- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം
കണ്ണൂർ - കുട്ടിയായും അമ്മയായും അമ്മൂമ്മയായും നിയമപാലകനായും തോണിക്കാരായും നിധിയ പകർന്നാടിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണിൽ ഒരു മാസം മുൻപ് കേരളത്തെ പിടിച്ചുലച്ച പ്രളയം വീണ്ടുമെത്തി. നിധിയയുടെ പ്രകടനത്തെ നിറമനസ്സോടെ പ്രോത്സാഹിപ്പിച്ച കാണികൾ സംഭാവനകൾ കയ്യയച്ച് നൽകി. ചൊക്ലി ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചു കലാകാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനാണ് ഒറ്റയാൾ തെരുവ് നാടകവുമായി രംഗത്തെത്തിയത്.
പ്രളയം സംസ്ഥാനത്തെ എത്രത്തോളം ബാധിച്ചുവെന്നും പിന്നീട് നവകേരളം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങളും അതിൽ പൊതുജനങ്ങൾ സഹകരിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് നിധിയ സുധീഷിന്റെ ഏകാംഗ നാടകത്തിന്റെ പ്രമേയം. പുതിയ കേരളത്തെ വരച്ചു കാട്ടിക്കൊണ്ടാണ് നിധിയയുടെ നാടകം അവസാനിക്കുന്നത്.
നിരവധി അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സവ്യസാചിയാണ് നിധിയ അവതരിപ്പിക്കുന്ന 'കേരളത്തമ്മ' എന്ന നാടകം സംവിധാനം ചെയ്തത്. അനിൽ കെ നിള, ബോബൻ എന്നിവരാണ് അണിയറയിൽ. നാടകരംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ സുധീഷ് പാത്തിക്കലിന്റെയും നിഷയുടെയും മകളാണ് നിധിയ.
തന്റെ നാടകത്തിന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും മയ്യഴി നാടക ഗ്രാമത്തിലെ കലാകാരിയായ നിധിയ പറയുന്നു. പതിനായിരം രൂപയാണ് തെരുവു നാടകത്തിലൂടെ സമാഹരിച്ച് നിധിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയും നിധിയയുടെ ഏകാംഗ നാടകത്തിന് വേദികളൊരുക്കി.