തമിഴുനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെന്ന് പറയുമ്പോൾ ആദ്യം തെളിഞ്ഞു വരിക ഊട്ടി അല്ലെങ്കിൽ കൊടൈക്കനാൽ. ഇതിലും മനോഹരമായ ഒരു ചോയ്‌സിനെ കുറിച്ച് ചിന്തിയ്ക്കാൻ പലരും തയാറാവില്ല. എന്നാൽ സേലം ജില്ലയിലെ യേർക്കാടിൽ ഒരിക്കലെത്തിയവർ ഈ സുന്ദര ദേശം ഒരിക്കലും മറക്കില്ല. കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാരം ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും ഇണങ്ങുന്നതാണ് യേർക്കാട്. ഊട്ടി, കൊടൈക്കനാൽ പോലുള്ള പോപ്പുലർ ഡെസ്റ്റിനേഷനുകളെ അപേക്ഷിച്ച് ചെലവ് തുലോം കുറവ്. സമുദ്ര നിരപ്പിൽനിന്ന് 4970 അടി ഉയരത്തിലാണ് യേർക്കാട്. പൂർവ ഘട്ട മലനിരകളിലെ ഈ സുഖവാസ കേന്ദ്രത്തിൽ വർഷത്തിൽ എല്ലാ മാസവും സീസണാണെന്നതാണ് പ്രധാന സവിശേഷത. താപനില ഒരിക്കലും 29 ഡിഗ്രി സെൽഷ്യസിൽ കൂടില്ല. ഏറ്റവും കുറഞ്ഞ താപനില പതിമൂന്ന് ഡിഗ്രിയും.
കേരളത്തിൽ ചൂട് കൂടുമ്പോൾ പെട്ടെന്ന് എത്തിച്ചേരാവുന്ന പോയന്റ് കൂടിയാണ് യേർക്കാട്.

തിരുവനന്തപുരം, മംഗലാപുരം ഭാഗങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകൾ ഈരോഡ്, സേലം വഴിയാണ് ചെന്നൈ ഭാഗത്തേക്ക് പോകുന്നത്.
ട്രെയിനിൽ വരുന്നവർ ഈരോഡ് ജംഗ്ഷനിൽ നിന്ന് നൂറ് കിലോ മീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. സേലമാണ് ഏറ്റവുമടുത്തുള്ള പ്രധാന നഗരം. സേലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മുപ്പത്തി ഏഴ് കിലോ മീറ്റർ അകലെയാണ് യേർക്കാട്. സേലം നഗരത്തിൽ നിന്ന് 36 കിലോ മീറ്ററുമാണ് ദൂരം. സേലം ബസ് ടെർമിനലിൽ നിന്ന് ഏത് നേരവും ബസ് സർവീസുണ്ട്.

തമിഴുനാട്ടിലെ മൂന്ന് പ്രധാന വിമാന താവളങ്ങളും ഈ ടൂറിസ്റ്റ് കേന്ദ്രത്തിനടുത്താണ്. സേലം വിമാനത്താവളം 38 കിലോ മീറ്റർ അകലെയും തൃശ്ശിനാപ്പള്ളി 165 കിലോ മീറ്റർ അകലെയും കോയമ്പത്തൂർ 195 കി ലോമീറ്റർ അകലെയും സ്ഥിതി ചെയ്യുന്നു.
ടൂറിസ്റ്റ് കേന്ദ്രത്തിലെ താമസമാണ് പലപ്പോഴും പ്രശ്‌നമാവുക. നമ്മുടെ മൂന്നാർ മുതൽ ഊട്ടി വരെ പലേടത്തും ബ്ലേഡ് കമ്പനി നടത്തുന്നത് പോലെയാണ് ഹോട്ടൽ വ്യവസായം. ഈ വക പ്രശ്‌നമൊന്നും യേർക്കാടിലില്ല. തമിഴുനാട് ടൂറിസത്തിന്റേതുൾപ്പെടെ വിവിധ റേഞ്ചുകളിലെ ഹോട്ടൽ മുറികൾ ലഭ്യമാണ്. ഓൺ ലൈനിൽ ബുക്ക് ചെയ്ത് പോകുന്നതാണ് സൗകര്യം.
മുറി വാടകയാണെങ്കിൽ വളരെ തുഛവും. 250 രൂപ മുതൽ മുടക്കിയാൽ താമസിക്കാൻ മുറി ലഭിക്കും. രണ്ടോ മൂന്നോ പേർക്ക് താമസിക്കാനുള്ള മുറികൾക്ക് അഞ്ഞൂറും അറുനൂറുമൊക്കെയാണ് കൂടിയ നിരക്ക്.
ഈ പിക്‌നിക് കേന്ദ്രത്തിന്റെ താഴെ വരണ്ട കുന്നിൻ ചെരിവുകളാണ്. ഇരുപത് ഹെയർ പിൻ വളവുകൾ പിന്നിട്ട് വേണം മുകളിലെത്താൻ. മുകളിലെത്തിയാൽ ഊട്ടിയേക്കാൾ ഹൃദ്യമായ കാലാവസ്ഥ. കുന്നിൻ മുകളിലെ ഹോട്ടലുകളുടേയും കടകളുടേയും ബോർഡുകൾ ഏറെയും മലയാളത്തിൽ. ലോകത്തെവിടെ ചെന്നാലും പുട്ടും കടലക്കറിയും വേണമെന്നുള്ളവർക്കും

നിരാശപ്പെടേണ്ടി വരില്ല. നേരിയ വെയിലുണ്ടെങ്കിലും തണുത്ത കാറ്റ് സുലഭം. സുഗന്ധമുള്ള അന്തരീക്ഷം. സന്ദർശകരുടെ തിരക്ക് കുറവായതിനാൽ അന്തരീക്ഷ മലിനികീരണവും കുറവാണ്. രണ്ട് വ്യൂ പോയന്റുകളുണ്ട്. ലേഡീസ് സീറ്റ് വാച്ച് ടവറും പഗോഡ പോയന്റും.
രണ്ടിടത്തും ടൂറിസ്റ്റുകളുടെ ബഹളമില്ല. വില്ലകൾ പണിത് തുടങ്ങിയ ഇവിടെ ഫോട്ടോയെടുക്കാൻ പറ്റിയ കേന്ദ്രമാണ്. യേർക്കാട് തടാകവും അണ്ണാ പാർക്കും ജപ്പാനീസ് പാർക്കും ഓർക്കിഡ് ഉദ്യാനവും കാപ്പി, ഓറഞ്ച് തോട്ടങ്ങളും മനം കവരുന്നവയാണ്. കാഴ്ചകൾ കണ്ട് മുറിയിലെത്തി ഉറങ്ങിയത് രാത്രി വളരെ വൈകി. രാവിലെ അഞ്ചേ കാലിന് അലാറം അടിക്കുമ്പോൾ നല്ല തണുപ്പായിരുന്നു. മലനിരകൾ പാൽക്കടലായി മാറി. മേഘങ്ങൾ വന്നു മൂടിയ മലകൾ. സന്തോഷത്തിന് മധുരം കൂടി, വേഗം ക്യാമറ പുറത്തെടുത്ത് ക്ലിക്കിയപ്പോൾ അത്യാഹ്ലാദം. മഞ്ഞിൻ പാളികളിലൂടെ സൂര്യൻ അരിച്ചിറങ്ങി. മേഘങ്ങൾ പതുക്കെ മാഞ്ഞു തുടങ്ങി. താഴെ കുറച്ചു വീടുകൾ കാണാം. …മരങ്ങൾക്കിടയിലൂടെ അരുണ ശോഭ വ്യാപിക്കുന്നു. എത്ര മനോഹരമാണ് ഈ കാഴ്ച. പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന യേർക്കാട് ചെലവഴിച്ച ഓരോ നിമിഷവും അപൂർവ അനുഭവമായി.






