ആഫ്രിക്കന്‍ സമാധാനം: സൗദി രാജാവിന് അഭിനന്ദന പ്രവാഹം

ജിദ്ദ - എത്യോപ്യൻ പ്രസിഡന്റ് അബി അഹമ്മദ് അലിയും എരിത്രിയൻ പ്രസിഡന്റ് ഇസയ്യാസ് അഫ്‌വർക്കിയും സമാധാന കരാറിൽ ഒപ്പുവെച്ചതോടെ  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് ലോകത്തിന്റെ അഭിനന്ദന പ്രവാഹം. ഞായറാഴ്ച ജിദ്ദ അൽസലാം കൊട്ടാരത്തിൽ നടന്ന സമാധാന കരാറിൽ ഇരു രാഷ്ട്രത്തലവന്മാരും ഒപ്പുവെച്ചത് വഴി ഇരുപത് വർഷത്തിലേറെ നീണ്ട സംഘർഷത്തിനാണ്  അവസാനമായത്. 
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സമാധാനം പുലരുക എന്ന ചരിത്ര മുഹൂർത്തതിന് പ്രയത്‌നിച്ച രാജാവിന്റെ ആയുരാരോഗ്യത്തിന് പ്രാർഥിക്കുന്നതായി കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽസ്വബാഹ് സന്ദേശം അയച്ചു. രാജാവിനെയും സൗദി ഭരണനേതൃത്വത്തെയും അഭിനന്ദിച്ച് കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽസ്വബാഹ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സന്ദേശമയച്ചു. സൗദി അറേബ്യ ലോകസമാധാനത്തിന്റെ നെടുംതൂണുകളിൽ ഒന്നാണെന്ന് ജിദ്ദ സമാധാന കരാർ വ്യക്തമാക്കുന്നുവെന്ന് ജിബൂത്തി പ്രസിഡന്റ് ഇസ്മായിൽ ഉമർ ജീലി രാജാവിനെ അഭിനന്ദിച്ചും കരാറിനെ പിന്തുണച്ചും അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. 
ആഫ്രിക്കൻ മേഖലയിലും ലോകത്തിലും സമാധാനവും സുരക്ഷിതത്വവും സംസ്ഥാപിക്കുന്നതിന് സൗദി അറേബ്യ നടത്തിയ നീക്കം നിർണായകമാണെന്ന് അറബ് പാർലമെന്റ് പ്രസിഡന്റ് മിശാൽ ബിൻ ഫഹ്മ പറഞ്ഞു. തർക്കങ്ങളും ശത്രുതയും അവസാനിപ്പിക്കുന്നതിനും സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവ സാധ്യമാക്കുന്നതിനുമാണ് സൗദി ഭരണാധികാരികൾ എക്കാലവും പരിശ്രമിച്ചിരുന്നതെന്ന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അഹ്മദ് അൽഉഥൈമീൻ പറഞ്ഞു. രണ്ട് പ്രമുഖ ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിന് സൗദി വഹിച്ച മധ്യസ്ഥ ശ്രമം വിജയിച്ചതിന് ഇന്ന് ലോകം സാക്ഷിയായതായും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസയും സൽമാൻ രാജാവിനെ അഭിനന്ദിച്ച് പ്രസ്താവനയിറക്കി. ലോകസമാധാനത്തിന് സൗദി എത്രത്തോളം ഊന്നൽ നൽകുന്നുവെന്നതിനുള്ള പ്രതിഫലനമാണ് ഈ കരാർ എന്ന് അദ്ദേഹം പറഞ്ഞു. സമാധാന ഉടമ്പടി മേഖലയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് അബ്ദുല്ല ബിൻ ഇബ്രാഹിം ആലുശൈഖ് അഭിപ്രായപ്പെട്ടു. 
ചെങ്കടലിൽ അന്താരാഷ്ട്ര ജലഗതാഗതം സുശക്തമാക്കുന്നതിന് സമാധാന കരാർ സഹായകമാകുമെന്ന് ആഗോള രാഷ്ട്രീയ നിരീക്ഷകനും സൈനിക വിദഗ്ധനുമായ മേജർ ജനറൽ ശാമി അൽദഹേരി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും ബാബുൽ മിൻദബ് കടലിടുക്ക്, ചെങ്കടൽ, ഹോൺ ഓഫ് ആഫ്രിക്ക എന്നിവയോട് അതിർത്തി പങ്കിടുന്നുവെന്ന കാരണത്താലാണ് ഈ നിഗമനത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ്, ആഫ്രിക്കൻ യൂനിയൻ ഹൈക്കമ്മീഷണർ മൂസ ഫഖി മുഹമ്മദി, യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചത്. 
പരസ്പര ശത്രുത അവസാനിപ്പിക്കുന്നതിന് കഴിഞ്ഞ ജൂലൈയിലാണ് എത്യോപ്യൻ പ്രധാനമന്ത്രി അബീ അഹ്മദും എരിത്രിയൻ പ്രസിഡന്റ് ഇസയാസ് അഫ്‌വർകിയും ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച എരിത്രിയയും എത്യോപ്യയും തങ്ങളുടെ കരാതിർത്തികൾ തുറന്നിരുന്നു. 90 കളുടെ ആദ്യത്തിലാണ് എത്യോപ്യയിൽ നിന്ന് എരിത്രിയ സ്വാതന്ത്ര്യം നേടിയത്. അതിർത്തി തർക്കത്തിന്റെ പേരിൽ വൈകാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1998 മുതൽ 2000 വരെ നീണ്ടുനിന്ന യുദ്ധത്തിൽ 80,000 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 

Latest News