എണ്ണ വില കത്തി കയറിയത് രൂപയെ ദുർബലമാക്കുമോയെന്ന ആശങ്കയിൽ നിക്ഷേപങ്ങൾ വിറ്റുമാറാൻ വിദേശ ഫണ്ടുകൾ മത്സരിച്ചത് സെൻസെക്‌സിനെയും നിഫ്റ്റിയെയും ഒരു പോലെ സമ്മർദ്ദത്തിലാക്കി. ഇന്ത്യൻ മാർക്കറ്റ് രണ്ടാം വാരവും വിൽപ്പനകാരുടെ നിയന്ത്രണത്തിൽ നീങ്ങിയതിനാൽ ബോംബെ സൂചിക 299 പോയിൻറ്റും നിഫ്റ്റി 74 പോയിൻറ്റും പ്രതിവാര നഷ്ടത്തിലായി. രണ്ടാഴ്ച്ചകൊണ്ട് ബി എസ് ഇ സൂചിക 554 പോയിൻറ്റ് ഇടിഞ്ഞു.
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ കാലിടറിയ ഇന്ത്യൻ രൂപ ഒരവസരത്തിൽ 72.10 ൽ നിന്ന് 72.91 വരെ ഇടിഞ്ഞത് ഓഹരി ഇടപാടുകാരെ പരിഭ്രാന്തരാക്കി. രൂപയുടെ മൂല്യ തകർച്ചയെ പിടിച്ച് നിർത്താൻ റിസർവ് ബാങ്ക് ശ്രമം നടത്തിയെങ്കിലും ഇത് കാര്യമായ ചലനമുളവാക്കിയില്ല. അതേ സമയം സാമ്പത്തിക അവലോകനം നടത്തുമെന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ വാരാന്ത്യം രൂപയെ 71.87 ലേയ്ക്ക് മെച്ചപ്പെടുത്തി.
ശനിയാഴ്ച്ച നടന്ന സാമ്പത്തിക അവലോകനത്തിന് എത്ര മാത്രം പിൻതുണ വിപണിയിൽനിന്ന് ലഭിക്കുമെന്ന് വ്യക്തമാകാൻ ഇന്ന് ട്രേഡിങ് തുടങ്ങി ആദ്യ പകുതി പിന്നിടും വരെ കാത്തിരിക്കണം. ഈ വാരം ഡോളറിന് മുന്നിൽ രൂപയ്ക്ക് 72.60 ൽ പ്രതിരോധവും 71.58 ൽ താങ്ങും പ്രതീക്ഷിക്കാം. വ്യാഴാഴ്ച മുഹറം അവധിയാതിനാൽ ഓഹരി വിപണി പ്രവർത്തിക്കില്ല. അതേ സമയം ഡെറിവേറ്റീവ് മാർക്കറ്റിൽ സെപ്റ്റംബർ സീരീസ് സെറ്റിൽമെൻറ്റിനുള്ള ദിനങ്ങൾ അടുത്തത് ഓപ്പറേറ്റർമാരിൽ പിരിമുറുക്കമുളവാക്കാം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബുള്ളിഷ് ട്രൻറ്റിലാണ്. വാരാന്ത്യം 78.11 ഡോളറിൽ എത്തിയ എണ്ണയ്ക്ക് ഈവാരം 79.75 ഡോളറിൽ പ്രതിരോധമുള്ളതിനാൽ ഫണ്ടുകൾ ലാഭമെടുപ്പ് നടത്തിയാൽ 77.87 വിപണിക്ക് താങ്ങ് പ്രതീക്ഷിക്കാം. ഇന്ത്യയിൽ ക്രൂഡ് ഓയിൽ അവധി വില 4956 രൂപയിലാണ്. ഡെയ്‌ലി ചാർട്ടിൽ ബുള്ളിഷായി നീങ്ങുന്ന ക്രൂഡിന് 5025 ൽ പ്രതിരോധവും 4780 രൂപയിൽ താങ്ങുമുണ്ട്.
നിഫ്റ്റി ഉയർന്ന നിലവാരമായ 11,573 ൽ നിന്നുള്ള തകർച്ചയിൽ 11,250 വരെ താഴ്‌ന്നെങ്കിലും മുൻവാരം സൂചിപ്പിച്ച രണ്ടാം സപ്പോർട്ടായ 11,219 ലെ താങ്ങ് നിലനിർത്തി വാരാവസാനം 11,515 ലേയ്ക്ക് തിരിച്ചു വരവ് നടത്തി. വിപണി ഇപ്പോൾ ലക്ഷ്യമിടുന്നത് 11,642 നെയാണ്. ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ ഊഹക്കച്ചവടക്കാർ പൊസിഷനുകളിൽ കുറവ് വരുത്താൻ ഇടയുണ്ട്. സെറ്റിൽമെൻറ്റ് ദിനം അടുക്കുന്നത് തന്നെയാണ് അവരെ അൽപ്പം ആശങ്കയിലാക്കുന്നത്. നിഫ്റ്റിക്ക് 11,319 ൽ താങ്ങ് നിലവിലുണ്ട്. ഇത് നഷ്ടപ്പെട്ടാൽ 11,123 വരെ തിരുത്തലിന് ശ്രമം നടത്താം.
ബോംബെ സൂചിക വാരാരംഭത്തിലെ 38,354 ൽ നിന്ന് നിന്ന് 1000 പോയിൻറ്റിൽ അധികം ഇടിഞ്ഞ് 37,342 വരെ സാങ്കേതിക തിരുത്തൽ കാഴ്ച്ചവെച്ചു. തിരുത്തലുകൾക്ക് ശേഷം 748 പോയിൻറ്റ് തിരിച്ചു വരവ് സുചിക കാഴ്ച്ചവെച്ചു. തിരുത്തൽ വിപണിയുടെ അടിയൊഴുക്ക് കൂടുതൽ ശക്തമാക്കുമെന്ന് പിന്നിട്ട രണ്ടാഴ്ച്ചകളിലും സൂചിപ്പിച്ചിരുന്നത് ശരിവെക്കും വിധത്തിലാണ് സെൻസെക്‌സിൻെറ പ്രകടനം.
മാർക്കറ്റ് ക്ലോസിങ് നടക്കുമ്പോൾ സെൻസെക്‌സ് 38,090 പോയിൻറ്റിലാണ്. ഈ വാരം 37,502 ലെ സപ്പോർട്ട് നിലനിർത്തി 38,51538,940 ലേയ്ക്ക് ഉയരാൻ ശ്രമം നടത്താം. ആദ്യ താങ്ങ് നിലനിർത്താനായില്ലെങ്കിൽ സെൻസെക്‌സ് 36,916 വരെ പരീക്ഷണങ്ങൾ തുടരാം.
സ്റ്റീൽ വിഭാഗങ്ങളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. അതേസമയം ബാങ്കിങ്, എഫ് എം സി ജി, ഓട്ടോമൊബൈൽ വിഭാഗങ്ങൾക്ക് തളർച്ച നേരിട്ടു. എൻ റ്റി പി സി ഓഹരി വില 175 രൂപയായി കയറി. ബജാജ് ഓട്ടോ 2878 രൂപയായും എയർടെൽ 383 രൂപയായും വിപ്രോ 330 രൂപയിലും ഇടപാടുകൾ നടന്നു. അതേ സമയം യെസ് ബാങ്ക് ഓഹരി വില 4.69 ശതമാനം കുറഞ്ഞ് 323 രൂപയായി. എസ് ബി ഐ രണ്ട് ശതമാനത്തിൽ അധികം കുറഞ്ഞ് 290 രൂപയായി. കോൾ ഇന്ത്യ 277 രൂപയായും സൺ ഫാർമ്മ 665 രൂപയായും താഴ്ന്നു.
ഇറക്കുമതി ചുങ്കം കൂട്ടി ഡോളറിനുള്ള ഡിമാന്റ് കുറക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയുന്നത്. അതേ സമയം വിദേശ നിക്ഷേപം ഉയർത്താൻ കടപത്രത്തിലെ നിക്ഷേപ പരിധി വർധിപ്പിക്കാനും കേന്ദ്രം നടപടി തുടങ്ങി. ആയിരം കോടി ഡോളറിന്റെ അധിക വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നാൽ ഈ പദ്ധതികൾ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമോ. ഒരു വർഷം എണ്ണ ഇറക്കുമതിക്ക് വേണ്ടി വരുന്ന ചിലവുകളുമായി താൽപര്യം ചെയ്യുമ്പോൾ പുതിയ പദ്ധതികൾ എത്രമാത്രം വിജയിക്കുമെന്ന കാര്യത്തിലെ സംശയങ്ങൾ ബാക്കിനിൽക്കും.