വി.എസ് അച്യുതാനന്ദൻ അറിയാൻ ഇടയില്ലാത്ത ഒരാളാണ് ശങ്കർ വേദാന്തം. സർക്കാർ ജീവനക്കാർ ചെയ്യുന്നതോ ചെയ്യാത്തതോ ആയ ജോലിയുടെ അളവും ഫലവും തിട്ടപ്പെടുത്തുകയും മെച്ചപ്പെടുത്തുകയുമാണ് തന്റെ തൽക്കാലത്തെ നിയോഗമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെങ്കിൽ, വേദാന്തത്തെ വി.എസ് അറിഞ്ഞിരിക്കണം. രണ്ടു പേരും ഏർപ്പെട്ടിരിക്കുന്ന ജോലിയിൽ ഒട്ടൊക്കെ പൊരുത്തം കാണുന്നു.
വലിയൊരു കമ്പനിയിൽ മനുഷ്യശേഷിയുടെ വിനിയോഗത്തിന്റെ ചുമതലയുള്ള മകൻ പരിചയപ്പെടുത്തിയതാണ് ശങ്കർ വേദാന്തത്തെ. എൻജിനീയറിംഗിൽനിന്ന് മാധ്യമപ്രവർത്തനത്തിലേക്കു നീങ്ങിയ ബംഗളൂരുകാരനാണ് അദ്ദേഹം. ജോലിസ്ഥലത്തും മുറ്റത്തും ആളുകൾ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കുകയാണ് അദ്ദേഹത്തിന്റെ നേരമ്പോക്ക്. ആ നേരമ്പോക്കുമായി ആഴ്ച്ചതോറും അദ്ദേഹം എൻ പി ആർ എന്ന റേഡിയോ ശൃംഖലയിൽ പ്രത്യക്ഷപ്പെടുന്നു.
ലാഘവത്തോടുകൂടി 'ഒളിഞ്ഞ തല', എന്നു ഞാൻ വിശേഷിപ്പിക്കുന്ന ഹിഡൻ ബ്രെയിൻ
(ഒശററലി ആൃമശി) ആണ് വേദാന്തം അവതരിപ്പിക്കുന്ന പരിപാടി. കഴിഞ്ഞ ആഴ്ചത്തെ പരിപാടിയിൽ വ്യാപകമായ അർഥത്തിൽ മനുഷ്യശേഷിയുടെ വിനിയോഗവും ഒറ്റ നോട്ടത്തിൽ ആളുകൾ ചെയ്തുകൂട്ടുന്ന ജോലികളുടെ ഭംഗുരതയും നിഷ്ഫലതയും അദ്ദേഹം എടുത്തു കാട്ടി. അവിടെ സർക്കാർ ജോലിക്കാർ ചെയ്യാതെ വിട്ടുകളയുന്ന ജോലിയുടെ ക്ഷുദ്രത പരിശോധിക്കുന്ന വി.എസ് കമ്മിഷന്റെ നിയോഗവും നേരം പോക്കാൻ ഒരു ജോലി എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബൃഹത്തായ ഒരു പ്രമേയത്തിന്റെ ഒഴുക്കനായ ലേബൽ ആകുന്നു നേരം പോക്കാൻ ഒരു ജോലി. ആഴത്തിൽ ചെന്നു കൊള്ളുന്ന ഒരു പദമാണ് മലയാളത്തിൽ നേരമ്പോക്ക്. ജാതി തിരിച്ചും നാടു തിരിച്ചും നേരമ്പോക്കിന് അർഥം മാറ്റിമാറ്റി പറയാം. വെടി എന്നോ വിനോദം എന്നോ തമാശ എന്നോ പറയുന്ന നേരമ്പോക്കിൽ ചില സൃഗാലന്മാർ രതിയുടെ രസവും അനുഭവിക്കും. വേദാന്തം ചർച്ച ചെയ്യുന്ന 'നേരം പോക്കാൻ ഒരു ജോലി'യാകട്ടെ ഒന്നിനും കൊള്ളാത്ത 'ചൊറി കുത്തി' തൊഴിലിനെ സൂചിപ്പിക്കുന്നു.
വേദാന്തവും ഡേവിഡ് ഗ്രെയ്ബർ എന്ന നരവംശശാസ്ത്രജ്ഞനും തമ്മിലാണ് ചർച്ച. ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്‌സിൽ പഠനവിഭാഗത്തിന്റെ മേധാവിയാണ് ഡേവിഡ് ഗ്രെയ്ബർ. അദ്ദേഹത്തിന്റെ ബുൾഷിറ്റ് ജോബ്‌സ് എന്ന പ്രയോഗത്തിന് ഞാൻ കൊടുക്കുന്ന പരുക്കൻ പദമാണ് 'ചൊറി കുത്തി' ജോലി. ആ പേരിലുള്ള ഗ്രെയ്ബറുടെ പുസ്തകത്തെ സ്പർശിച്ചുകൊണ്ട് റേഡിയോ സംവാദം കൊഴുക്കുന്നു. തങ്ങൾ ചെയ്യുന്ന ജോലിയുടെ കൊള്ളരുതായ്മയെപ്പറ്റി ഓരോരുത്തർ പറയുന്ന ചളു മുഴുവൻ ക്രോഡീകരിച്ചുകൊണ്ട് ഗ്രെയ്ബർ നടത്തിയ ഗവേഷണത്തിന്റെ പരഭാഗശോഭയും പുസ്തകത്തിനുണ്ട്.
നമ്മൾ പണ്ടേക്കു പണ്ടേ കണ്ടു പരിചയിച്ചതാണ് പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്ന ചൊറി കുത്തി ജോലി അല്ലെങ്കിൽ, വേദന കുറഞ്ഞ, നേരം പോക്കാൻ ഒരു ജോലി. കീഴ്‌വഴക്കത്തിന്റെ നിർബന്ധത്തിൽ ഒരു ജോലി ചെയ്തുകൊണ്ടേ പോകുന്നു. എന്തിനുവേണ്ടിയെന്ന് ചെയ്യുന്നയാൾക്ക് അറിയില്ല. ഫലം അനുഭവിക്കുന്നതാരെന്ന് ഒരു പിടിയുമില്ല. ആർക്കോ വേണ്ടി ഒക്കാനിക്കുന്നതുപോലെ. അന്വർഥമാണ് ആ ശൈലി. ഓക്കാനം വരുത്തുന്ന, മടുപ്പിക്കുന്ന, ആവർത്തനവിരസമായ അർഥരഹിതമായ ജോലി. ഇംഗ്ലിഷിൽ, ബുൾഷിറ്റ്.
അങ്ങനെ ആർക്കും വേണ്ടാത്ത അർഥരഹിതമായ ജോലി ചെയ്‌തെന്നു വരുത്തുന്നവർ എത്ര കാണും സർക്കാരിലും കെ.എസ്.ആർ.ടി.സി തുടങ്ങിയ ഭീമസ്ഥാപനങ്ങളിലും? ഒരു തിരഞ്ഞെടുപ്പ് ഡെസ്‌കിന്റെ കാര്യം ഓർക്കുന്നു. അപഗ്രഥനത്തിനും ഗവേഷണത്തിനുമായി എന്നെയും ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി. അപ്പപ്പോൾ വരുന്ന ഫലം മറ്റുള്ളവർ പ്രക്ഷേപണത്തിനയക്കുമ്പോൾ തികഞ്ഞ ആവേശത്തോടെ അതിന്റെ അങ്കഗണിതവും ചരിത്രവും പഠിക്കുകയാവും ഞങ്ങൾ. അപഗ്രഥനം തയ്യാറാകുമ്പോഴേക്കും ഫലം മുഴുവൻ വന്നിരിക്കും. ഞങ്ങളുടെ ജോലിക്ക് പുല്ലു വില പോലും ഇല്ലാതായി കഴിഞ്ഞിരിക്കും. ജോലി നേരമ്പോക്കായി ചെയ്യാതിരുന്ന മറ്റു സഹപ്രവർത്തകർക്ക് ഊറിച്ചിരിക്കാൻ ഒരു അവസരം ഉണ്ടായെന്നു മാത്രം.
കൂലിപ്പണി എന്നു വിളിക്കുന്ന താഴ്ന്ന തരത്തിൽ പെട്ടതു മാത്രമല്ല നേരം പോക്കാൻ ഒരു ജോലി. വാസ്തവത്തിൽ, ഗ്രെയ്ബർ ഊന്നിപ്പറയുന്നു, വിഭവസമാഹരണത്തിലും വിനിയോഗത്തിലും വിപണനത്തിലും വിനിമയത്തിലും ഇടത്തരം ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവരിൽ വ്യർഥതയും വൈരസ്യവും അനുഭവിക്കുന്നവർ ഏറെ കാണും. ഇടത്തരം ജോലികളിലാണ് നേരന്‌പോക്ക് കൂടുതലും സഹിക്കേണ്ടിവരിക എന്നു തോന്നുന്നു.
ഒന്നും സൂക്ഷിക്കാത്ത ഒരു മുറിക്ക് കാവൽ നിൽക്കാൻ നിയോഗിക്കപ്പെട്ട ഒരാളുടെ ദൈന്യം ഗ്രെയ്ബർ വിവരിച്ചുപോകുന്നു. ആർക്കും വേണ്ടാത്തതെന്നു തോന്നുന്ന ജോലി ചെയ്യുമ്പോൾ ഓക്കാനം വരുന്നതാണ് പരമദൈന്യം. ജീവിതത്തിന്റെ ഏതു മണ്ഡലത്തിലായാലും വ്യർഥതയും നൈഷ്ഫല്യവും നേരിടുമ്പോൾ മടുക്കുന്നു, മുഷിയുന്നു, മദ്യപാനത്തിലോ സോളിറ്റെയർ കളിയിലോ മുഴുകുന്നു. മൂന്നു ഭാഷകളിൽ ഇറങ്ങുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് എനിക്കുണ്ടായതും അതേ അനുഭവം തന്നെ. നിർബ്ബന്ധമായ ജോലിയെല്ലാം മറ്റുള്ളവർ ചെയ്യും. അതു ശരിയായോ എന്നു നോക്കുകയാവും എന്റെ ജോലി.
എന്റെ ജോലി വളരെ പ്രധാനപ്പെട്ടതാണെന്നു വരുത്താൻ ഞാൻ ചിലപ്പോൾ ശരിയും തെറ്റാണെന്നു പ്രഖ്യാപിച്ചെന്നിരിക്കും. അതു തീരുമ്പോൾ ആരും കാണാതെ സോളിറ്റെയർ കളിച്ചു മുഷിയുന്ന അവസരത്തിലാണ് 'അതിനിന്ദ്യമീ നരത്വം' എന്ന് ആത്മഗതം ചെയ്യുക.
ആ ശീലിലുള്ള ആത്മഗതവുമായി മുന്നോട്ടുപോയപ്പോഴാണ് ഒരു കുറി ഞാൻ മുപ്പതുകൊല്ലം മുമ്പ് ചെയ്തിരുന്ന ജോലിയുടെ ഇപ്പോഴത്ത പരുവം മനസ്സിലാക്കിയത്. രണ്ടു സഹപ്രവർത്തകരും ഞാനും കൂടി പാട്ടും പാടി ചെയ്തുതീർത്തിരുന്ന ജോലി സമാനമായ കാര്യക്ഷമതയോടെയോ അല്ലാതെയോ ചെയ്യാൻ മുപ്പതുകൊല്ലം കഴിഞ്ഞിട്ടും ഞാൻ സന്നദ്ധനാകുന്നു. രണ്ടു സഹപ്രവർത്തകരുടെ സ്ഥാനത്ത് ആറു പേർ കയറിയിരിക്കുന്നു. എന്റെ പഴയ പദവിയുടെ സ്വഭാവവും ഉത്തരവാദിത്വവും മാറിയിട്ടില്ലെങ്കിലും ഡയറക്റ്റർ എന്നായിരിക്കുന്നു അതിന്റെ പേർ. അടുത്തുതന്നെ അത് ഡയറക്റ്റർ ജനറൽ ആയേക്കും.
എല്ലാ വകുപ്പിലും കാണും ഡയറക്റ്റർമാരും ഡയറക്റ്റർ ജനറൽമാരും. പോലിസിന്റെ കാര്യം എടുക്കുക. ഒരു ഇൻസ്‌പെക്റ്റർ ജനറൽ മാത്രമുണ്ടായിരുന്ന കാലം ഞാൻ ഓർക്കുന്നു. ആ തസ്തികയിൽ വാണരുളിയിട്ടും പുസ്തകം വായിക്കാനും നിരൂപണം ചെയ്യാനും നേരം കണ്ടെത്തിയിരുന്നു ഐ.ജി വി.എൻ രാജൻ. അടിയന്തരാവസ്ഥയിലൂടെ കടന്നു വന്ന അദ്ദേഹത്തെ ഏതോ കേസിൽ വിസ്തരിക്കവേ കോടതി അർഥഗർഭമായി ചോദിക്കുകയുണ്ടായി, 'നിങ്ങൾ വെറും തപാലാപ്പിസാണോ?' നേരം പോക്കാൻ ഒരു ജോലി എന്ന പ്രയോഗം അന്ന് നിലവിൽ വന്നിരുന്നില്ല. പിന്നെ ഒരാൾ ചെതിരുന്ന ജോലിക്ക് പല ഐ.ജിമാരായി, പിന്നെ ഡി.ജി.പിമാരും.
ഭരണപരിഷ്‌ക്കാരവ്യഗ്രമായ വി.എസ് അച്യുതാനന്ദന്റെ മനസ്സ് ഡി.ജി.പിമാരുടെ പെരുകുന്ന ജനസംഖ്യയിലേക്കു തിരിയുമോ എന്നറിയില്ല. കുറ്റം ചെയ്യാൻ ഇടയുള്ള മലയാളികളുടെ എണ്ണം കാര്യമായി കൂടിയിട്ടില്ലെങ്കിലും പോലിസ് മേധാവിത്വം നിർബാധം പെരുകുക തന്നെ ചെയ്യുന്നു.
ഡി.ജി.പിമാർ പത്തായാൽ ചീഫ് സെക്രട്ടറിമാർ പതിനൊന്നെങ്കിലുമാകണം. ചെയ്യാൻ ജോലിയില്ലെങ്കിൽ തുല്യമായ പദവിയെങ്കിലും അവർക്കുണ്ടാകണം. സോളിറ്റെയർ കളിച്ചോ കളിക്കാതെയോ അവർ നേരം പോക്കാൻ ഒരു ജോലിയിൽ ജാഗരൂകരാകും.
ഗ്രെയ്ബറുടെ വിശ്ലേഷണവുമായി ബന്ധപ്പെട്ടതാണ് പാർക്കിൻസൺസ് നിയമം. തലച്ചോറിനുണ്ടാകുന്ന രോഗവുമായി പ്രത്യക്ഷത്തിൽ ബന്ധപ്പെട്ടതല്ല ബ്രിട്ടിഷ് ചിന്തകനായ നോർത് കോട് പാർക്കിൻസൺ നിരൂപിച്ചെടുത്ത പാർക്കിൻസൺസ് നിയമം. ഭരണശാസ്ത്രത്തിലോ മനശ്ശാസ്ത്രത്തിലോ അതിനെ പെടുത്താം. അതിൽ തെളിഞ്ഞുവരുന്ന ബ്രിട്ടിഷ് പരിഹാസം പതിറ്റാണ്ടുകളിലൂടെ നിലനിൽക്കുന്നു. പരുക്കനായി തർജമ ചെയ്താൽ ഇങ്ങനെ ആകും പാർകിൻസൺസ് നിയമം: 'ഒരു ജോലി ചെയ്തുതീർക്കാൻ അനുവദിക്കപ്പെടുന്ന സമയം തീരുവോളം ആ ജോലി വലുതായി വലുതായി വരുന്നു.'
അതിനെ ആരും നേരം പോക്കാൻ ഒരു ജോലി എന്നൊട്ടു വിളിക്കുകയുമില്ല. നേരം പോക്കാൻ ഒരു ജോലിയുമായി പിണഞ്ഞുകിടക്കുന്നതാണ്, വേദഭാഷയിൽ പറഞ്ഞാൽ, പീറ്റർ മഹാതത്വം, പീറ്റർ പ്രിൻസിപ്ല്. ജോലിക്കയറ്റമാണ് പീറ്റർ തത്വത്തിന്റെ വിഷയം. ഓരോ ഉദ്യോഗസ്ഥനും കഴിവില്ലായ്മയുടെ പരമമായ അവസ്ഥയിലേക്ക് നിരന്തരം കയറ്റം കിട്ടി പോകുന്നു എന്നതാണ് ആ മഹാതത്വത്തിന്റെ അന്തസ്സാരം.
ശങ്കർ വേദാന്തവും ഡേവിഡ് ഗ്രെയ്ബറും നേരം പോക്കാൻ ഒരു ജോലിയെപ്പറ്റിയും വ്യർഥതയെയും വൈരസ്യത്തെയും പറ്റിയും റേഡിയോ ചർച്ച ചെയ്യുന്നതിനുമെത്രയോ മുമ്പ്, റേഡിയോവിനെപ്പറ്റി ചിന്ത കൊടി നീട്ടുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പ് നമ്മുടെ ഒരു പൂർവികൻ അതിനു ദൃഷ്ടാന്തം കാണിച്ചു തന്നിരുന്നു.
യവനപുരാണത്തിലെ സിസിഫസിനെപ്പോലെ ഭ്രാന്തനായ ഒരു ഇന്ത്യൻ ചിന്തകൻ നേരം പോക്കാൻ ഒരു വഴി കണ്ടു പിടിച്ചു. പിടിച്ചാൽ പിടി കിട്ടാത്ത പാറ കുന്നിന്മുകളിലേക്ക് ഉരുട്ടിക്കയറ്റുക. മുകളിലെത്തിയാൽ തള്ളി താഴേക്കിടുക. അതു നോക്കി തപ്പു കൊട്ടി ചിരിക്കുക. നേരം പോക്കാൻ ഒരു ജോലി എന്ന പ്രമേയത്തിനു പല മാനം കൊടുക്കുന്നതാണ് നാറാണത്ത് ഭ്രാന്തന്റെ കഥ.