അഹമ്മദാബാദ് - അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ രാം വിലാസ് വേദാന്തി . മോഡിയെ വീണ്ടും പ്രധാന മന്ത്രി പദത്തിലെത്തിക്കാനുള്ള കാമ്പയിൻ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ബാബ്‌രി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച സംഘടനയാണ് രാമജന്മഭൂമി ന്യാസ്. മുൻ എംപിയാണ് വേദന്തി. രാമക്ഷേത്രം നിർമിക്കാൻ പ്രതിജ്ഞാബദ്ധമാണ് ബി.ജെ.പി . 2019 ലെ തെരഞ്ഞെടുപ്പിനു മുമ്പായി നിർമാണം തുടങ്ങിയിരിക്കും - അദ്ദേഹം പറഞ്ഞു. അയോധ്യയിൽ ഒരു പള്ളി കൂടി നിർമിക്കും അതുപക്ഷേ ഭീകരനായ അക്ബറിന്റെ പേരിലായിരിക്കില്ല - വേദാന്തി പറഞ്ഞു.