Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എരിത്രിയയും എത്യോപ്യയും സമാധാന കരാർ ഒപ്പുവെച്ചു

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ എത്യോപ്യൻ പ്രസിഡന്റ് അബി അഹമ്മദ്  അലിയും എരിത്രിയൻ പ്രസിഡന്റ് ഇസയ്യാസ് അഫ്‌വർക്കിയും സമാധാന കരാറിൽ ഒപ്പുവെച്ചപ്പോൾ 

സൽമാൻ രാജാവിനെ പ്രകീർത്തിച്ച് യു.എൻ മേധാവി

ജിദ്ദ - രണ്ട് ദശകത്തിലേറെ കാലം സംഘർഷത്തിലായിരുന്ന എരിത്രിയയും എത്യോപ്യയും  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ സമാധാന കരാറിൽ ഒപ്പുവെച്ചു. എത്യോപ്യൻ പ്രസിഡന്റ് അബി അഹമ്മദ് അലിയും എരിത്രിയൻ പ്രസിഡന്റ് ഇസയ്യാസ് അഫ്‌വർക്കിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുവർക്കും സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് മെഡൽ രാജാവ് സമ്മാനിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ്, ആഫ്രിക്കൻ യൂനിയൻ ഹൈക്കമ്മീഷണർ മൂസ ഫഖി മുഹമ്മദി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ തുടങ്ങിയ പ്രമുഖരുടെ സാനിധ്യത്തിലായിരുന്നു സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചത്. 
ഇത് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവസരം ലഭിച്ചതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് പറഞ്ഞു. മധ്യസ്ഥ ശ്രമത്തിന് മുന്നിട്ടിറങ്ങിയ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ ഹൃദ്യമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനം പുലരുന്നതിന് പ്രയത്‌നിച്ച് ഇരുരാജ്യങ്ങളിലെ ഭരണാധികാരികളുടെ മഹാമനസ്‌കതക്കും കൃതജ്ഞതയുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി. 
ശത്രുത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച ആദ്യമായി എരിത്രിയയും എത്യോപ്യയും തങ്ങളുടെ കരാതിർത്തികൾ തുറന്നിരുന്നു. ഉഭയകക്ഷി വ്യാപാരത്തിന് അതിർത്തി തുറന്നത് വഴിയൊരുക്കും. പരസ്പര വൈരം അവസാനിപ്പിക്കുന്ന സമാധാന പ്രഖ്യാപനത്തിൽ ജൂലൈയിലാണ് എത്യോപ്യൻ പ്രധാനമന്ത്രി അബീ അഹ്മദും എരിത്രിയൻ പ്രസിഡന്റ് ഇസയാസ് അഫ്‌വർകിയും ഒപ്പുവെച്ചത്. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് എത്യോപ്യയിൽ നിന്ന് എരിത്രിയ സ്വാതന്ത്ര്യം നേടിയത്. അതിർത്തി തർക്കത്തിന്റെ പേരിൽ വൈകാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1998 മുതൽ രണ്ടായിരാമാണ്ട് വരെ നീണ്ടുനിന്ന യുദ്ധത്തിൽ 80,000 ത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 
മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ, മന്ത്രി മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, മന്ത്രി ഡോ. ഇസാം ബിൻ സഅദ് ബിൻ സഈദ്, റോയൽകോർട്ട് മേധാവി ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽഈസ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ, ധനകാര്യമന്ത്രി മുഹമ്മദ് ബിൻ ജദ്ആൻ,  ആഫ്രിക്കൻ രാജ്യങ്ങളുടെ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി അഹ്മദ് ബിൻ അബ്ദുൽ അസീസ് ഖത്താൻ, യുഎന്നിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ യഹ്‌യ അൽമുഅല്ലിമി, എത്യോപ്യയിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ ഫാലിഹ് അൽഅർജാനി, എരിത്രിയൻ എംബസിയുടെ ചുമതലയുള്ള ഡോ. അബ്ദുല്ല ബിൻ സുൽത്താൻ അൽശരീഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
 

Latest News