Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രക്ഷയുടെ കരങ്ങൾക്ക് ആദരം, ഓർമയുടെ സ്‌കൂൾ മുറ്റത്ത് ആ വള്ളം

കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിലെത്തിച്ച വള്ളം കാണുന്ന വിദ്യാർഥികൾ

പത്തനംതിട്ട- നൂറ്റാണ്ടിലെ മഹാപ്രളയം നേരിട്ട് അറിഞ്ഞ കോഴഞ്ചേരി ഗവ. ഹൈസ്‌കൂൾ, പ്രളയത്തിന്റെ മുപ്പതാം നാൾ നിരവധി പേരുടെ ജീവൻ കാത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ചു. രക്ഷാദൗത്യത്തിന്റെ ഓർമക്കായി മത്സ്യത്തൊഴിലാളികൾ സമ്മാനിച്ച വള്ളം  സ്‌കൂളിൽ സ്ഥാപിക്കുകയും ചെയ്തു.
കോഴഞ്ചേരി, ആറന്മുള, തെക്കേമല പ്രദേശത്തെ ധാരാളം കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ, പാഠപുസ്തകം മുതൽ എല്ലാം. 
പ്രളയം കഴിഞ്ഞ് ഓരോ കുട്ടികളുടെ വീട്ടിലും എത്തിയ അധ്യാപകർ അവരെ കൈ പിടിച്ചുയർത്താനുള്ള യത്‌നത്തിലായിരുന്നു. അത് ഏറെക്കുറെ പൂർത്തിയാക്കിയ ശേഷമാണ് നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ഓർമ നിലനിർത്തുന്നതിന് വള്ളം സ്ഥാപിക്കാൻ തീരുമാനിച്ചത്.പ്രളയത്തിൽ വെള്ളം ഉയർന്ന അതേ നിരപ്പിലാണ് വള്ളം സ്‌കൂളിൽ വെച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ ഓർക്കാനും പ്രളയ സ്മരണ നിലനിർത്തുന്നതിനും കുട്ടികളിൽ സഹായ മനോഭാവത്തിന്റെ ചിന്തകൾ രൂപീകരിക്കുവാനുമാണ് സ്‌കൂൾ ഈ പ്രവർത്തനത്തിന് മുൻകൈയെടുത്തത്. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് സ്‌കൂളിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചും മത്സ്യത്തൊഴിലാളികളുടെ അഭ്യർഥന പ്രകാരവും പമ്പാതീരത്തെ ജനങ്ങളുടെ ജീവന് രക്ഷാമാർഗമായി മാറിയ വള്ളം സ്‌കൂളിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. 
കൊല്ലം വാടി കടപ്പുറത്തുനിന്നു എത്തിച്ച വള്ളത്തിനും മത്സ്യത്തൊഴിലാളികൾക്കും സ്‌കൂളിൽ സ്വീകരണം നൽകി. പ്രളയം വിഴുങ്ങിയ ഓഗസ്റ്റ് 15 നു ശേഷം ഒരു മാസം പിന്നിട്ട സെപ്റ്റംബർ 15 ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർഥികളും ഉൾപ്പെട്ട വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രക്ഷകരായ ഷിബു, റോയ്, ജയിംസ് കുട്ടി എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മിനി ശ്യാം മോഹൻ പൊന്നാട നൽകി ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. 
മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് വികാരനിർഭരമായിരുന്നു. രക്ഷാപ്രവർത്തനത്തിലൂടെ ജീവിതം തിരികെക്കിട്ടിയവരും രക്ഷകരെ കാണാൻ എത്തിയിരുന്നു.ജീവൻ രക്ഷിച്ചവരെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. സ്‌നേഹ വാത്സല്യത്തോടെ അവരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയത് വികാരനിർഭരമായ രംഗങ്ങൾ സൃഷ്ടിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് ജി. രമണി, ക്രിസ്റ്റഫർ ദാസ്, ചന്ദ്രശേഖരക്കുറുപ്പ, ജി. ശ്രീരഞ്ജു എന്നിവർ ചടങ്ങിൽ സംസാരിച്ചു. 
 

Latest News