സംഘപരിവാറിന് തിരിച്ചടി; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിന് മിന്നും ജയം

ന്യുദല്‍ഹി- ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രധാന സീറ്റുകളും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യം തൂത്തുവാരി. വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തുകയും കാമ്പസില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്ത ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി വീണ്ടും കനത്ത പരാജയം നുണഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു വിദ്യാര്‍ത്ഥി സഖ്യം സ്വന്തമാക്കിയത്. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ സായ് ബാലാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1500ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശാരിക ചൗധരി വൈസ് പ്രസിഡന്റായും ജയിച്ചു. ഐജാസ് അഹമദ് റാത്തര്‍ ആണ് ജനറല്‍ സെക്രട്ടറി. അമുദ ജയദീപ് പുതിയ ജോയിന്റ് സെക്രട്ടറിയും.

സംഘപരിവാര്‍ വെല്ലുവിളി നേരിടാന്‍ ഇത്തവണ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകള്‍ ചേര്‍ന്ന് ഇതടുപക്ഷ വിദ്യാര്‍ത്ഥി സഖ്യത്തിന് രൂപം നല്‍കുകയായിരുന്നു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ (68 ശതമാനം) വോട്ടു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണിത്. 

വെള്ളിയാഴ്ച വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും തോല്‍വി അറിഞ്ഞു തുടങ്ങിയ എ.ബി.വി.പി തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് കാമ്പസില്‍ സംഘര്‍ഷം അഴിച്ചു വിടുകയും വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 14 മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തി വച്ചിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് എ.ബി.വി.പി അവകാശപ്പെടുന്ന സയന്‍സ് വകുപ്പുകളിലെ സീറ്റുകളില്‍ പരാജയപ്പെട്ടതോടെയാണ് അവര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറുകയും തെരഞ്ഞെടുപ്പു സമിതി അംഗങ്ങളെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.
 

Latest News