തൃശൂർ- ചാലക്കുടിയിൽ സിനിമാ സ്‌റ്റൈലിൽ കാറിലെത്തിയ അക്രമി സംഘം 100 പവൻ തട്ടിയെടുത്തു. ചാലക്കുടി പോട്ട മേൽപ്പാലത്തിനു സമീപം കാറിൽ കൊണ്ടുപോവുകയായിരുന്ന നൂറു പവനാണ് പിന്തുടർന്നെത്തിയ അക്രമി സംഘം ഇന്നലെ രാവിലെ ഏഴു മണിയോടെ തട്ടിയെടുത്തത്. നെടുമ്പാശേരിയിൽ നിന്ന് കോഴിക്കോട് കൊടുവള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്വർണം. മേൽപാലത്തിന് സമീപം വെച്ച് മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം സ്വർണം കൊണ്ടുവന്നിരുന്ന കാറിന്റെ പിന്നിലിടിച്ചു. തുടർന്ന് സ്വർണം കയറ്റിയ കാറിൽ നിന്നിറങ്ങിയ രണ്ടു പേരെ അഞ്ചുപേരും ചേർന്ന് മർദിക്കുകയും സ്വർണം കവരുകയുമായിരുന്നു. രണ്ടു പേരെയും സ്വർണം കൊണ്ടുവന്ന കാറിൽ തന്നെ കയറ്റിക്കൊണ്ടുപോയി മർദിച്ച് മറ്റൊരിടത്ത് ഇറക്കിവിട്ട് അക്രമികൾ കടന്നു കളഞ്ഞു. തുടർന്ന് ഇവർ ചാലക്കുടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. കണ്ണൂരിലുള്ള സുഹൃത്ത് ദുബായിൽ നിന്നും കൊടുത്തുവിട്ട വസ്തുക്കളടങ്ങിയ ബാഗാണ് കവർന്നതെന്ന് കൊടുവളളി സ്വദേശികളായ രണ്ടുപേരും ചാലക്കുടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണക്കടത്തായിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കവർച്ച നടത്തിയവരുമായി ഇവർക്ക് എന്തെങ്കിലും അടുപ്പമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.