Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ  പ്രതി എട്ടു വർഷത്തിനു ശേഷം പിടിയിൽ

കോഴിക്കോട്- പെൺകുട്ടിയുമായുള്ള അടുപ്പത്തെ തുടർന്ന് അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എട്ടു വർഷത്തിനു ശേഷം പിടിയിൽ. അസമിലെ ചാബോൽ താലൂക്കിലെ ഏനൂർ റഹ്മാൻ (20) കൊല്ലപ്പെട്ട കേസിലാണ് അസമിലെ കൊക്രാജാർ ജില്ലയിലെ ബിലാസിപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷഹ്‌നൂർ അലിയെ (22) ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്ഡെബ്യു-3) ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ എം.വി. അനിൽകുമാറും സംഘവും പിടികൂടുന്നത്.
ഇന്നലെ പുലർച്ചെ 2.45 നാണ് പ്രതി പിടിയിലായത്. ബിലാസിപ്പാറ പോലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചതായി അറിയുന്നു. കേസിൽ 2016 മാർച്ചിൽ മലപ്പുറം ജില്ലയിലെ വാഴയൂർ നടുവങ്ങോട്ടുമല കാരേങ്ങൽ വീട്ടിൽ ഷിഹാബുദ്ധീൻ (33), ആസാമിലെ ദുബ്‌റി ജില്ലക്കാരനായ ജലിബർ ഹഖ് എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. 
2010 ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവം. ഷിഹാബുദ്ധീന്റെ ബന്ധുവായ പെൺകുട്ടിയുമായി ഏനൂർ റഹ്മാനുള്ള അടുപ്പമാണു കൊലപാതകത്തിൽ കലാശിച്ചത്. വാഴയൂർ, ചണ്ണയിൽ മൂലോട്ടിൽ പുറായിലെ ചെങ്കൽ ക്വാറിയിലായിരുന്നു ഏനൂർ റഹ്മാൻ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മുണ്ടിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാലുകളും കൈകളും മുണ്ടുകൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാഴക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് രണ്ടു മാസത്തിനു ശേഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 
18 വയസ് പ്രായമുള്ളപ്പോഴാണു ഏനൂർ റഹ്മാൻ കേരളത്തിൽ ജോലി തേടിയെത്തിയത്. മലപ്പുറത്തെ ചെങ്കൽ ക്വാറിയിലും മറ്റുമായി റഹ്മാൻ ജോലി ചെയ്തുവരികയായിരുന്നു. വിവിധ ക്വാറികളിലായി ജോലി ചെയ്തിരുന്ന റഹ്മാൻ എല്ലാവരുമായി സൗഹൃദത്തിലായി. കഠിനാധ്വാനം ചെയ്യുന്നതിനാൽ ക്വാറി നടത്തിപ്പുകാർക്കും റഹ്മാനെ ഏറെ ഇഷ്ടമായിരുന്നു. അതിനിടെ റഹ്മാൻ  സമീപത്തെ ഒരു വീട്ടിലെ നിത്യ സന്ദർശകനായി. ഇവിടെയുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഈ വിവരം പെൺകുട്ടിയുടെ ബന്ധുവായ ഷിഹാബുദ്ധീൻ അറിഞ്ഞു. ഷിഹാബുദ്ധീൻ മറ്റൊരു ക്വാറിയിലെ തൊഴിലാളിയാണ്. ഷിഹാബുദ്ധീനുമായി അസം ം സ്വദേശിയായ ജലിബർ ഹഖിനു പരിചയമുണ്ടായിരുന്നു. ബന്ധുവായ പെൺകുട്ടിയും  ആസാം സ്വദേശിയായ റഹ്മാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഷിഹാബുദ്ധീൻ ജലിബറിനെ അറിയിച്ചു. തുടർന്നു ജലിബർ  ഈ വിഷയം റഹ്മാനോട് സംസാരിച്ച് താക്കീത് ചെയ്തു. എന്നാൽ റഹ്മാൻ പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ റഹ്മാൻ നിത്യസന്ദർശകനായി. ഇതേതുടർന്നു ഷിഹാബുദ്ധീൻ റഹ്മാനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.  ജലിബറിനെ ഇക്കാര്യം അറിയിച്ചു. തുടർന്നു ജലിബർ ഷഹ്നൂർ അലിയേയും ഷിഹാബുദ്ധീൻ തന്റെ സുഹൃത്തായ ഡ്രൈവറേയും കൂട്ടി റഹ്മാനെ കൊലപ്പെടുത്താൻ പദ്ധതിയൊരുക്കി.
2010 ജനുവരി 31ന് പുലർച്ചെ മൂന്നിനു റഹ്മാനെ ജോലി സ്ഥലത്തു നിന്നും ജലിബറും സുഹൃത്തായ ആസാം സ്വദേശിയും കൂടി ബൈക്കിൽ മൂലോട്ടിൻ പുറയായിലെ ചെങ്കൽ ക്വാറിയിലെത്തിച്ചു. ബൈക്കിൽ നിന്നിറങ്ങിയ റഹ്മാനെ ഷിഹാബുദ്ധീൻ പിറകിൽ നിന്നും പിടിച്ചു വച്ചു. ഷിഹാബുദ്ധീന്റെ സുഹൃത്ത് തോർത്തുകൊണ്ടു റഹ്മാന്റെ കൈയും വായയും കെട്ടുകയും ജലിബർ രണ്ടു കാലുകളും തോർത്തുമുണ്ടുകൊണ്ടു കെട്ടുകയും ചെയ്തു. താഴെ വീഴ്ത്തിയ റഹ്മാന്റെ കഴുത്തിൽ ഷിഹാബുദ്ധീൻ തോർത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു ക്വാറിയിലേക്ക് മൃതദേഹം വലിച്ചിടുകയും അതിനു മുകളിൽ ക്വാറിയിൽ നിന്നും നീക്കം ചെയ്ത മണ്ണിട്ടു മൂടുകയുമായിരുന്നു.
തെളിയിക്കപ്പെടാത്ത കേസുകളിൽ അന്വേഷണം ഊർജിതമാക്കണമെന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന എസ്. അനന്തകൃഷ്ണന്റെ നിർദേശത്തെ തുടർന്നാണ് റഹ്മാൻ വധക്കേസ് വീണ്ടും അന്വേഷിച്ചത്. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ജലിബർ സംശയ നിഴലിലായത്. തുടർന്നു ജലിബറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. 

Latest News