Sorry, you need to enable JavaScript to visit this website.

70 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുന്ന ഇടവും ഇന്ത്യയിലുണ്ട്! വിവിധയിടങ്ങളിലെ വില അറിയാം

ന്യൂദല്‍ഹി- ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലാണ്. ഇനിയും ഉയര്‍ന്നു കൊണ്ടിരിക്കുകയുമാണ്. ദിനം പ്രതി വില പുതുക്കാന്‍ കമ്പികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതിനു ശേഷമാണ് വിലക്കയറ്റത്തിന് ഒരു നിയന്ത്രണവുമില്ലാതായത്. രാജ്യമൊട്ടാകെ ഇന്ധനത്തിന് ഏകീകൃത വിലയല്ല. വിവിധ സംസ്ഥാനങ്ങളില്‍ പല നഗരങ്ങളിലും പല വിലയാണ്. പ്രാദേശിക വില്‍പ്പന നികുതികളും തീരുവകളും വാറ്റും പുറമെ എത്തിക്കല്‍ ചെലവുമെല്ലാം കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. ഈ വ്യത്യാസം വിലയിലും പ്രതിഫലിക്കുന്നു. രാജ്യത്ത് പെട്രോള്‍ ലീറ്ററിന് ഏറ്റവും വലിയ നല്‍കേണ്ടത് മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ്. ഇവിടെ ലീറ്ററിന് 90.77 രൂപയാണ് ഏറ്റവും പുതിയ വില. അതേസമയം 70.26 രൂപയ്ക്ക് ഒരു ലീറ്റര്‍ പെട്രോള്‍ ലഭിക്കുന്ന സ്ഥലവും ഇന്ത്യയിലുണ്ട്. അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട് ബ്ലെയറിലാണിത്. ഡീസലിനും കുറഞ്ഞ വില പോര്‍ട്ട് ബ്ലെയറില്‍ തന്നെ. 68.80 രൂപ. ഡീസല്‍ ലീറ്ററിന് ഏറ്റവും ഉയര്‍ന്ന വില ഹൈദരാബാദിലാണ്. 79.99 രൂപ. 

പെട്രോള്‍ വിലയില്‍ 20 രൂപയുടെ അന്തരമാണ് ഏറ്റവും കൂടിയ വിലയ്ക്കും കുറഞ്ഞ വിലയ്ക്കുമിടയിലുള്ളത്. സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങള്‍ എടുത്താല്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. 89.01 രൂപ. ബിഹാറിലെ പട്‌നയില്‍ 87.81 രൂപയും മധ്യപ്രദേശിലെ ഭോപാലില്‍ 87.39 രൂപയുമാണ് മറ്റു ഉയര്‍ന്ന നിരക്കുകള്‍. ഏറ്റവും വില കുറഞ്ഞ നഗരങ്ങള്‍ പോര്‍ട് ബ്ലെയര്‍, തൊട്ടു പിന്നാലെ പനജി (75.30 രൂപ), അഗര്‍ത്തല (80.05 രൂപ). വന്‍നഗരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് ദല്‍ഹിയിലാണ്. ഇവിടെ പെട്രോള്‍ ലീറ്ററിന് 81.63 രൂപയും ഡീസലിന് 73.54 രൂപയുമാണ് പുതിയ നിരക്ക്.

ഇന്ധനം ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) ആണ് പെട്രോളിനു ഡീസലിനും സംസ്ഥാനങ്ങള്‍ ഇടാക്കുന്നത്. രണ്ടു ഇന്ധനങ്ങളുടേയും വാറ്റ് നിരക്കിലും സംസ്ഥാനങ്ങളില്‍ വ്യത്യാസമുണ്ടാകും. ഡീസലിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്നത് തെലങ്കാനയാണ്. ഹൈദരാബാദില്‍ ഡീസലിന് വില കൂടാന്‍ ഇതാണു കാരണം. അമരാവതി, തിരുവനന്തപുരം, റായ്പൂര്‍, അഹമദാബാദ് എന്നീ നഗരങ്ങളാണ് ഡീസലിനു വിലയേറിയ മറ്റു നഗരങ്ങള്‍. കേന്ദ്ര ഭരണ പ്രദേശമായ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വെറും ആറു ശതമാനം മാത്രമാണ് ഇന്ധനങ്ങള്‍ക്ക് ഇടാക്കുന്ന വാറ്റ്. ഇതാണ് ഇവിടെ വിലകുറഞ്ഞിരിക്കാന്‍ കാരണം. 

ഇന്ധനം എണ്ണശുദ്ധീകരണ ശാലയില്‍ നിന്നും നിങ്ങളിടെ വാഹനത്തിലെ ടാങ്കിലെത്തുന്നതിനിടെ വില ഏതാണ്ട് ഇരട്ടിയിലധികമായി വര്‍ധിക്കുന്നു. കേന്ദ്ര എക്‌സൈസ് തീരുവ, സംസ്ഥാന വില്‍പ്പന നികുതി/ വാറ്റ്, ഗതാഗത ചെലവ്, ഡീലര്‍മാരുടെ കമ്മീഷന്‍ ഇവയെല്ലാം ചേര്‍ന്നതാണ് ഉപഭോക്താവ് പെട്രോള്‍ പമ്പില്‍ നല്‍കേണ്ട  വില.
 

Latest News