Sorry, you need to enable JavaScript to visit this website.

കരുണാകരന്റെ മക്കളുടെ പ്രതികരണം  ഗ്രൂപ്പ് സമവാക്യങ്ങളെ ബാധിച്ചേക്കും

തിരുവനന്തപുരം- ചാരക്കേസിലെ സുപ്രീം കോടതി വിധി കോൺഗ്രസിനെ വെട്ടിലാക്കുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ബലിയാടായ കെ.കരുണാകരന്റെ മക്കളായ കെ.മുരളീധരനും പത്മജാ വേണുഗോപാലും പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കെ.മുരളീധരനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതോടെ കേസ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. എന്നാൽ മുതിർന്ന നേതാക്കളൊന്നും സുപ്രീം കോടതി വിധി സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 
കേസ് കോൺഗ്രസിനെ ബാധിക്കുന്ന പ്രശ്‌നമില്ലെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസിലെ സുപ്രീം കോടതി വിധിയോട് ഇപ്പോൾ പ്രതികരിക്കാനില്ല. കരുണാകരന്റെ മക്കളുടെ പ്രതികരണങ്ങളെക്കുറിച്ച് അവരോട് ചോദിക്കണമെന്നുംഅന്വേഷണം നടക്കട്ടെയെന്നും ഹസൻ പറഞ്ഞു.
വിധിയോട് പ്രതികരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാന പ്രകാരമാണ് നേതാക്കൾ മൗനം പാലിക്കുന്നത്. ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരോടെല്ലാം കേസിനെ കുറിച്ച് പ്രതികരിക്കില്ലെന്നും കരുണാകരന്റെ മക്കളുടെ പ്രസ്താവന സംബന്ധിച്ച് അവരോട് ചോദിക്കണമെന്ന ഒറ്റ വരി മാത്രമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മറുപടി. 
കേരളത്തിൽ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കിയ പ്രമാദമായ ഐഎസ്ആർഒ ചാരക്കേസിൽ രണ്ടു പതിറ്റാണ്ടിനിപ്പുറം വന്ന സുപ്രീം കോടതി വിധി കോൺഗ്രസിൽ കലഹത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
 

Latest News