Sorry, you need to enable JavaScript to visit this website.

റിയാദിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്കും 

ഒക്‌ടോ. 30 മുതൽ കോഴിക്കോട് ഷെഡ്യൂളിൽ മാറ്റം

റിയാദ്- ഒക്ടോബർ 30 മുതൽ റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂളിൽ മാറ്റം. നിലവിലെ പകൽ സമയക്രമം രാത്രിയിലേക്ക് മാറ്റിയും ഒരു വിമാനം വെട്ടിക്കുറച്ചുമാണ് പുതിയ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് റിയാദിലേക്ക് സൗദി എയർലൈൻസിന്റെ സർവീസും കണ്ണൂരിൽ നിന്ന് റിയാദിലേക്ക് എയർഇന്ത്യ എക്‌സ്പ്രസിന്റെ സർവീസും തുടങ്ങാനിരിക്കുന്നതാണ് ഷെഡ്യൂൾ മാറ്റത്തിന് കാരണം.
ഒക്ടോബർ 27 വരെ നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെയാണ് സർവീസ് തുടരുക. വെള്ളി, ശനി, ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് കാലത്ത് 9.15ന് പുറപ്പെട്ട് 11.45ന് റിയാദിലെത്തുന്ന വിമാനം ഉച്ചക്ക് 01.15 ന് പുറപ്പെട്ട് രാത്രി 08.45ന് കോഴിക്കോട്ടെത്തും. എന്നാൽ ഒക്ടോബർ 30 മുതൽ റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ ചൊവ്വ, ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. കോഴിക്കോട്ട് നിന്ന് റിയാദിലേക്ക് ശനി, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും സർവീസ് നടത്തും. രാത്രി 12.35ന് പുറപ്പെടുന്ന വിമാനം കാലത്ത് 8.05ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് 11.30ന് റിയാദിലുമെത്തും.
അതേസമയം കണ്ണൂരിലേക്ക് റിയാദിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുമെന്നും അതിന്റെ ഭാഗമായാണ് സർവീസിൽ ചില മാറ്റങ്ങൾ വരുത്തുന്നതെന്നും എയർ ഇന്ത്യ റിയാദ് റീജ്യണൽ മാനേജർ മാരിയപ്പൻ മലയാളം ന്യൂസിനോട് പറഞ്ഞു.
2016 ഡിസംബർ രണ്ട് മുതലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയിൽ നാലു ദിവസം കോഴിക്കോട്-റിയാദ് സർവീസ് തുടങ്ങിയത്. പിന്നീട് യാത്രക്കാരുടെ ബാഹുല്യം കാരണം ചൊവ്വ ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്നു.

Latest News