തിരുവനന്തപുരം- മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. ദേശീയ, സംസ്ഥാന ക്രൈംറെക്കൊഡ്സ് ബ്യൂറോകളുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2016 ലേക്കാൾ 2017 ൽ അരലക്ഷത്തിലേറെ കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജൂൺ വരെയുള്ള കണക്കനുസരിച്ച് ഈ വർഷം രണ്ടു ലക്ഷത്തോളം കേസുകളുടെ കുറവെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2016 ൽ 7.07 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2017 ഇത് 6.52 ലക്ഷമായി കുറഞ്ഞു. അതായത് 54966 കേസുകളുടെ കുറവ്. 2018 ജൂൺ വരെ 2.74 ലക്ഷം കേസുകൾ മാത്രമേ രജി സ്റ്റർ ചെയ്തിട്ടുള്ളു. ഈ വർഷം കേസുകൾ അഞ്ച് ലക്ഷം കടക്കില്ലെന്നാണ് സംസ്ഥാന പൊലീസിന്റെ കണക്കു കൂട്ടൽ. 2016ൽ 2.60 ലക്ഷം ഐ.പി.സി കേസുകളും 4.47 ലക്ഷം മറ്റ് കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ തൊട്ടടുത്ത വർഷം ഐ.പി.സി കേസുകളുടെ എണ്ണം 2.36 ലക്ഷമായും മറ്റ് കേസുകളുടെ എണ്ണം 4.16 ലക്ഷമായും കുറഞ്ഞു. റോഡപകട കേസുകളാണ് എണ്ണത്തിൽ കൂടുതൽ. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഭൂരിഭാഗ വും ശിക്ഷിക്കപ്പെടുന്നതും കേരളത്തിൽ തന്നെ. 2016ൽ രജിസ്റ്റർ ചെയ്ത 93.53 ശതമാനം കേസുകളിലും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ കുറ്റാന്വേഷണത്തിലും ഒന്നാം സ്ഥാനത്താ ണ് കേരള പൊലീസ്.
സേനയുടെ ആധുനികവൽക്കരണവും സാങ്കേതികമികവും മികച്ചതായതിനാലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതെന്നാണ് വിലയിരുത്തൽ. പൊലീസ് സേനയുടെ ആ ധുനികവൽകരണം ഏറെ പ്രധാനമായതിനാൽ എത്ര വിദഗ്ധമായ കേസുകളിലും മറ്റൊരു ഏജൻസിയുടെ സംവിധാനമില്ലാതെ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിയുന്നുമുണ്ട്. പൊലീസിന്റെ സൈബർ സംവിധാനത്തെ രാജ്യത്തിന് മാതൃകയാകു ന്ന തരത്തിൽ വികസിപ്പിച്ചതും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. കൂടാതെ പൊലീസുകാരുടെ വ്യക്തിത്വവികസനം, നൈപുണ്യ വികസനം, കുറ്റകൃത്യം തടയുന്നതിനുള്ള പരിശീലനം, ബുദ്ധിവികാസം, ഗതാഗത നിയന്ത്രണം തുടങ്ങി നിരവധി മേഖലകളിൽ കൃത്യമായ പരിശീലനമാണ് പൊലീസിന് നൽകുന്നത്. പെരുമ്പാവൂർ ജിഷ വധക്കേസ്, നടിലെ ആക്രമിച്ച കേസ് തുടങ്ങി, ഇടുക്കിയിലെ മന്ത്രിവാദിയുടെ കൊലപാതകം തുടങ്ങി പ്രമാദമായ നിരവധി കേസുകളിലെ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഇവയിലെല്ലാം പൊലീസിന്റെ സാങ്കേതികത്തികവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.






