Sorry, you need to enable JavaScript to visit this website.

യുവതിയെ തല്ലിച്ചതച്ചു, മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തി; വിഡിയോയില്‍ കുടുങ്ങിയ പോലീസുകാരന്റെ മകന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ഏതാനും ദിവസങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ യുവതിയെ ക്രൂരമായി തല്ലിച്ചതക്കുന്ന ദല്‍ഹി പോലീസ് ഉദ്യോഗസ്ഥന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ അശോക് സിങ് തോമറിന്റെ മകന്‍ 21കാരന്‍ രോഹിത് തോമറാണ് പ്രതി. മര്‍ദനമേറ്റ യുവതിയുടേയും രോഹിതുമായി പിരിഞ്ഞ മുന്‍ കാമുകിയുടേയും പരാതികളില്‍ ദല്‍ഹിയിലെ വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളടക്കം വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവം സാമുഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിടുകയും പ്രതിയെ ഉടന്‍ പിടികൂടാന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രോഹിതിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

യുവതി മര്‍ദിക്കപ്പെടുന്ന വീഡിയോ വൈറലായതോടെ മര്‍ദനമേറ്റ യുവതി വ്യാഴാഴ്ച വൈകുന്നേരം ദല്‍ഹി ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ദല്‍ഹി ഉത്തം നഗറിലെ ഒരു സുഹൃത്തിന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി രോഹിത് തന്റെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേര്‍പ്പെടുകുയും പരാതി നല്‍കുമെന്ന പറഞ്ഞപ്പോള്‍ മര്‍ദിക്കുകയായിരുന്നെന്നുമാണ് യുവതി പോലീസിന് രേഖാമൂലം മൊഴി നല്‍കിയത്. സെപ്തംബര്‍ രണ്ടിനാണ് സംഭവം. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പോലീസ് ഇന്നലെയാണ് കേസ് രജിസറ്റര്‍ ചെയ്തത്.  ബലാല്‍സംഗം, മര്‍ദനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് രോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു മിനിറ്റും 44 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രോഹിത് യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണുള്ളത്. തെറി വിളിക്കുകയും കാല്‍മുട്ടു കൊണ്ടും കൈമുട്ടു കൊണ്ടും നിലത്തിട്ട് ഇടിക്കുന്നതും വിഡിയോയിലുണ്ട്. രോഹിതിന്റെ സുഹൃത്തിന്റെ കോള്‍ സെന്ററിനകത്താണ് സംഭവം. അവിടെ ഉണ്ടായിരുന്ന രോഹിതിന്റെ സുഹൃത്ത് അലിയാണ് മൊബൈലില്‍ വിഡിയോ പകര്‍ത്തിയത്. സംഭവം എന്താണെന്ന് അറിയില്ലെന്നും സ്വയം രക്ഷയ്ക്കു വേണ്ടിയാണ് വീഡിയോ എടുത്തതെന്നും അലി പറഞ്ഞതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. യുവതി രോഹിതിന്റെ ക്ലബ് സുഹൃത്തായിരിക്കാമെന്നും സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നെന്നും അലി പറയുന്നു.

രോഹിതിന്റെ മുന്‍കാമുകിയുമായുള്ള ഉടക്കും ഈ സംഭവത്തിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ രണ്ടര മാസത്തോളമായി രോഹിത് തന്നെ നിരന്തരം ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് വിവാഹത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ കാമുകി ബുധനാഴ്ച പോലീസില്‍ പരാതിപ്പെട്ടിരുന്നു. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മര്‍ദിക്കുമെന്നും ആഡിസ് ആക്രമണം നടത്തുമെന്നും രോഹിത് ഭീഷണിപ്പെടുത്തിയതായും മുന്‍ കാമുകി പരാതിപ്പെട്ടിരുന്നു. ചൊവ്വാഴച് രാത്രി മദ്യപിച്ച് തന്റെ വീട്ടിലെത്തി കല്ലെറിഞ്ഞ് അതിക്രമം കാട്ടിയതോടെയാണ് 22-കാരിയായ മുന്‍ കാമുകി ദല്‍ഹിയിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പോലീസ് രോഹിതിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പോലീസ് ഉ്‌ദ്യോഗസ്ഥനായ പിതാവിന്റെ ബന്ധമുപയോഗിച്ച് പുറത്തിറങ്ങുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.

വഴിത്തിരിവായി മര്‍ദന വിഡിയോ

രോഹിത് ഒരു യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ രണ്ടാഴ്ച മുമ്പ് മുന്‍ കാമുകിക്ക് അയച്ചു കൊടുത്തിരുന്നു. തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഈ വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയുടെ ഗതിയായിരിക്കുമെന്ന ഭീഷണിക്കൊപ്പമായിരുന്നു രോഹിത് ഇതു അയച്ചു കൊടുത്തത്. വ്യാഴാഴ്ച ഈ വിഡിയോ ഒരു ഫേസ്ബുക്കില്‍ പേജില്‍ പ്ത്യക്ഷപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ഈ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടതോടെ യുവതി കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പരാതി പുതുക്കി. പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ രോഹിതിനെ വിട്ടയച്ചതായി കണ്ടെന്നും യുവതി പറഞ്ഞിരുന്നു.  


 

Latest News