ഹൈദരാബാദ്- എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസമെന്ന മുദ്രാവാക്യവുമായി നടത്തുന്ന നൂറുദിന യാത്രയുടെ ഉദ്ഘാടനത്തിനെത്തിയെ പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകരെ തെലങ്കാന പോലീസ് കൈകാര്യം ചെയ്തതായി ആക്ഷേപം. അനുമതിയില്ലാതെ റാലി നടത്തിയെന്ന് ആരോപിച്ച് നൂറോളം വിദ്യാഭ്യാസ,സന്നദ്ധ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപക, വിദ്യാര്‍ഥി, പൗരാവകാശ സംഘടനാ പ്രതിനിധികളെയാണ് പോലീസ് മണിക്കൂറുകളോളം കസ്റ്റഡിയില്‍വെച്ചത്. സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ഹൈദരബാദിലെ ഗണ്‍ പാര്‍ക്കില്‍ 100 ദിനയാത്രയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ കോളേജുകളില്‍നിന്ന് ജേണലിസം, ജിയോഗ്രഫി, ഹ്യൂമന്‍ റൈറ്റ്‌സ് കോഴ്‌സുകള്‍ ഒഴിവാക്കി അവ സ്വകാര്യ കോളേജുകള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചു കൂടിയാണ് സേവ് എജുക്കേഷന്‍ കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചത്. കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. ജി. ഹരഗോപാല്‍, പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖര്‍ റാവു, ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രൊഫ. ലക്ഷ്മിനാരായണ്‍ എന്നിവര്‍ കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടും.
പ്രൊഫ. ഹരഗോപാലിനേയും മറ്റുള്ളവരേയും പോലീസ് പിടിച്ചു തള്ളി. കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസിന്റെ തള്ളലില്‍ നിലത്തുവീണ ഹരഗോപാലിന്റെ മുട്ടിനു മുറിവുപറ്റി. കസ്റ്റഡിയിലെടുത്തവരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്.
അഭിപ്രായം പ്രകടിപ്പിക്കാന്‍ ഒത്തുചേരുന്നവരെ അറസ്റ്റ് ചെയ്യുന്നതും തടവിലാക്കുന്നതും സര്‍ക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് ബോലാറം പോലീസ് സ്റ്റേഷനില്‍നിന്ന് പിന്നീട് വിട്ടയച്ച പ്രൊഫ. ഹരഗോപാല്‍ പറഞ്ഞു. സംഘടനക്ക് 40 വര്‍ഷം പഴക്കമുണ്ടെന്നും ഇതുപോലുള്ള അനുഭവം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങ് നടത്തുന്നതിന് അനുമതിക്കായി സൈഫാബാദ് പോലീസ് സ്‌റ്റേഷനിലും പോലീസ് കണ്‍ട്രോള്‍ റൂമിലും അപേക്ഷ നല്‍കിയിരുന്നുവെന്ന് പ്രൊഫ. ലക്ഷ്മീ നരായണ്‍ പറഞ്ഞു. പ്രകടനം നടത്തുന്നതിനിലാണ് അനുമതി നല്‍കാതിരുന്നതെന്നും പ്രതിഷേധക്കാരെ മുന്‍കരുതലെന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.