Sorry, you need to enable JavaScript to visit this website.

ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ്; ആന്ധ്രയിലും തെലങ്കാനയിലും ടി.ഡി.പി പ്രതിഷേധം

ഹൈദരാബാദ്- ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരെ മഹാരാഷ്ട്രയിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് തെലുഗു ദേശം പാര്‍ട്ടി (ടി.ഡി.പി). ഇതിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വ്യാപക പ്രതിഷേധം നടത്താന്‍ ടി.ഡി.പി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 2010ലെ കേസുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്രയിലെ ധര്‍മബാദ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നായിഡുവിനും ടി.ഡി.പി നേതാക്കളും മന്ത്രിമാരുമായ മറ്റു 13 പേര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയിരിക്കുന്നത്. സെപ്തംബര്‍ 21-നം നായിഡുവിനെ അടക്കം എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് ഉത്തരവിട്ടിരിക്കുന്നത്. 2010 ജൂലൈ 18ന് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബബ്ലി അണക്കെട്ടില്‍ പ്രതിഷേധ പ്രകടനം നടത്താല്‍ നായിഡുവിന്റെ നേതൃത്വത്തില്‍ ടി.ഡി.പി പ്രവര്‍ത്തകര്‍ തെലങ്കാനയില്‍ നിന്നും അതിര്‍ത്തി കടന്നെത്തി എന്നാണ് ഇവര്‍ക്കെതിരായ കേസ്. ഗോദാവരി നദിക്കു കുറുകെ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. അണക്കെട്ട് നിര്‍മ്മിച്ചാല്‍ തെലങ്കാനയിലെ വിവിധ പ്രദേശങ്ങളെ അത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. 

അറസ്റ്റ് വാറന്റ് ടി.ഡി.പിക്കെതിരായ ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് ടി.ഡി.പി തെലങ്കാന പ്രസിഡന്റ് എല്‍. രമണ ആരോപിച്ചു. തെലങ്കാനയില്‍ ടി.ഡി.പി പുതിയ സഖ്യമുണ്ടാക്കുന്നത് ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. ഇതു തടയാനാണ് കാലാവധി തീര്‍ന്ന അറസ്റ്റ് വാറന്റ് ്‌വീണ്ടും പുതുക്കി ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു ടി.ഡി.പി നേതാക്കളും കോടതിയില്‍ ഹാജരാകുമെന്ന് നായിഡുവിന്റെ മകനും ഐടി മന്ത്രിയുമായ എന്‍ ലോകേഷ് പറഞ്ഞു. തെലങ്കാനയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോരാടിയ ആളാണ് തന്റെ അച്ഛനെന്നും അറസ്റ്റിലായപ്പോള്‍ ജാമ്യം ശ്രമം നിരസിച്ചയാളാണെന്നും ലോകേഷ് പറഞ്ഞു.

നേരത്തെ ജൂലൈ അഞ്ചിനും മഹാരാഷ്ട്ര കോടതി നായിഡുവിനും മറ്റു 13 പേര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. ഓഗസ്റ്റ് 16ന് അതിന്റെ കാലാവധി തീര്‍ന്നതോടെ നന്ദേഡ് സ്വദേശിയായ പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 21 നകം അറസ്റ്റ് ചെയ്യണമെന്ന് വാറന്റ് പുതുക്കിയത്. നായിഡുവിനെ കൂടാതെ ജലവിഭവ മന്ത്രി ദേവിനേനി ഉമമഹേശ്വര റാവു, സാമൂഹ്യ ക്ഷേമ മന്ത്രി എന്‍ ആനന്ദ് ബാബു, മുന്‍ എം.എല്‍.എ ജി കമലാകര്‍  എന്നിവരും കേസില്‍ പ്രതികളാണ്.
 

Latest News