ന്യൂദൽഹി- സി.ബി.എസ്.ഇ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയതിന് പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച പത്തൊൻപതുകാരി കൂട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലാണ് ക്രൂരത അരങ്ങേറിയത്. പത്തൊൻപതുകാരിയായ കോളെജ് വിദ്യാർഥിനി കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെ ഒരു സംഘമെത്തി തട്ടിക്കൊണ്ടുപോയി ക്രൂരമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഹരിയാനയിലെ റെവാരി ഗ്രാമത്തിലാണ് സംഭവം. മൂന്നു പേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം പെൺകുട്ടിയെ കാറിൽ പിടിച്ചുകയറ്റി വയലിൽ കൊണ്ടുപോയി മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ സ്ഥലത്ത് നേരത്തെ ചിലർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇവരും പെൺകുട്ടിയെ മാനഭംഗത്തിനിരയാക്കി. അക്രമികളെല്ലാം ഇവരുടെ ഗ്രാമത്തിൽനിന്നുള്ളവരാണ്.
തുടക്കത്തിൽ പോലീസ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ല. അക്രമികളുടെ ഭീഷണി കാരണമാണ് പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറാകാതിരുന്നത് എന്നാണ് ആരോപണം.
മോഡിജിയാണ് എന്റെ മകൾക്ക് സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയതിന് സമ്മാനം നൽകിയത്. ബേട്ടി പഠോ ബേട്ടി ബചാവോ എന്നാണ് മോഡിജി പറയുന്നത്. പക്ഷെ എങ്ങിനെ. എന്റെ മകൾക്ക് നീതി വേണം. പോലീസ് ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
സംഭവം നടന്ന സ്ഥലം തങ്ങളുടെ പരിധിയിലല്ല എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. അതുകൊണ്ടാണ് പരാതി സ്വീകരിക്കാതിരുന്നതെന്നും പോലീസ് പറയുന്നു.