Sorry, you need to enable JavaScript to visit this website.

അഴിമുഖത്തെ മണലൂറ്റ്: വെൽഫെയർ പാർട്ടിക്കെതിരെ മന്ത്രി ജലീൽ

കുറ്റിപ്പുറം- അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാരി ശുദ്ധീകരിച്ച് സർക്കാർ മേൽനോട്ടത്തിൽ വിൽപന നടത്താനുള്ള പദ്ധതിക്കെതിരെ സമരം ചെയ്യുന്ന വെൽഫെയർ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ടി ജലീൽ. കപട മതരാഷ്ട്രീയവാദക്കാരാണ് ആരോപണത്തിന് പിന്നിലെന്നും ജലീൽ വ്യക്തമാക്കി. 
ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അഴിമുഖത്ത് അടിഞ്ഞ്കൂടിക്കിടക്കുന്ന ഉപ്പ് രസമുള്ള മണൽ സർക്കാറിന്റെ മേൽനോട്ടത്തിൽ വാരി ശുദ്ധീകരിച്ച് സർക്കാർ തന്നെ നേരിട്ട് വിൽപന നടത്തുന്ന പദ്ധതിയെ എതിർക്കുന്ന വെൽഫെയർ പാർട്ടി എനിക്കും സ്പീക്കർക്കും എതിരെ പ്രചരിപ്പിക്കുന്ന നുണക്കഥകളുടെ നിജസ്ഥിതി വെളിപ്പെടുത്താനാണ് ഈ കുറിപ്പ്. സർക്കാറിന്റെ സ്ഥലത്ത് സർക്കാർ പ്രാവർത്തികമാക്കിയ പദ്ധതിയെ എതിർക്കുന്നതിലൂടെ പുഴയിലെ നല്ല മണൽ ഊറ്റി വിൽക്കുന്നവരെ സഹായിക്കുകയാണ് സമരക്കാർ ചെയ്യുന്നത്. 'ഞങ്ങളിവിടെയൊക്കെ ജീവിച്ചിരിപ്പുണ്ടെ'ന്ന് മാലോകരെ അറിയിക്കാൻ വേണ്ടി മാത്രം നടത്തുന്ന ചെപ്പടിവിദ്യകൾക്കപ്പുറം ഒരു വിലയും പുറത്തൂർ പള്ളിക്കടവ് 'ജിഹാദിന്' ജനങ്ങൾ കൽപിക്കില്ല.

അഴിമുഖത്ത് കുമിഞ്ഞ്കൂടിയ ഉപ്പ് രസമുള്ള മണൽ ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ടിന്റെ മേൽനോട്ടത്തിൽ വാരി അത് ശുദ്ധീകരിച്ച് സർക്കാർ നേരിട്ട് വിൽപന നടത്തുന്ന പദ്ധതിയെയാണ് 'ബിനാമി' സംരംഭം എന്ന് വെൽഫെയർ പാർട്ടി വിളിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്രസ്തുത പ്രൊജക്ട് ആരംഭിച്ചത്. കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ പ്ലാന്റിന് സ്ഥലം അനുവദിച്ചതും ആ സർക്കാർ തന്നെ. സംശയമുള്ളവർക്ക് രേഖകൾ പരിശോധിക്കാം. അത്യന്താധുനിക മെഷിനറി ഉപയോഗിച്ച് മണൽ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ആഗോള ടെൻഡർ വിളിച്ച് സുപ്രീം കോടതിയുടേതുൾപ്പടെ ഗ്രീൻ ട്രിബൂണലിന്റെതടക്കമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ച് ഗവൺമെന്റ് നിയന്ത്രണത്തിൽ സ്വകാര്യ കമ്പനി ചെയ്യുന്നത്. ഇത്തരം സംരഭങ്ങളാണ് പബ്ലിക്ക് െ്രെപവറ്റ് പാർട്ട്ണർഷിപ്പ് അഥവാ പി.പി.പി പ്രൊജക്ട് എന്ന പേരിൽ അറിയപ്പെടുന്നത്. മണൽ ശുദ്ധീകരിക്കുന്നതിന് സർക്കാർ ഒരു നിശ്ചിത തുക കരാർ വ്യവസ്ഥ പ്രകാരം കമ്പനിക്ക് നൽകുന്ന പ്രസ്തുത പദ്ധതിയുടെ നടത്തിപ്പു നിയന്ത്രണം തുറമുഖ വകുപ്പിനാണ്.

പുഴകളിൽൽ നിന്ന് മണലെടുത്ത് അവയെ കൊല്ലുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ലതാണ് ഈ പദ്ധതിയെന്ന് മനസ്സിലാക്കിയാണ് രണ്ട് സർക്കാറുകളും മണൽ ശുദ്ധീകരണ പ്രൊജക്ടുമായി മുന്നോട്ട് പോയത്. ഇതുവരെ മൊത്തം വാരിയ മണലും വിറ്റമണലും എത്രയെന്നും ഇതിലൂടെ സർക്കാറിന് ലഭിച്ച സംഖ്യയും സർക്കാർ ഉണ്ടാക്കിയ എം.ഒ.യു പ്രകാരം കമ്പനിക്ക് ലഭിച്ച സംഖ്യയും എത്രയൊക്കെയാണെന്നും ഒരു വിവരാവകാശം കൊടുത്താൽ കിട്ടുന്ന പ്രശ്‌നമല്ലേ ഉള്ളു. പുഴകൾ ചളിക്കുണ്ടുകളാകുന്നത് തടയാൻ സമാന സ്വഭാവത്തോടെ മറ്റു അഴിമുഖങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് ഗവ: ആലോചിക്കുന്നത്. 
സ്ഥലക്കച്ചവടമുൾപ്പടെ മറ്റു ബിസിനസ്സുകൾക്ക് പാവം കുഞ്ഞാടുകളിൽ നിന്ന് പണപ്പിരിവ് നടത്തി അവസാനം എല്ലാം പാളീസായി, പണം തിരിച്ച് ചോദിച്ചവരുടെ മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഒളിച്ചോടേണ്ടി വന്നിട്ടില്ല മന്ത്രിക്കും സ്പീക്കർക്കുമെന്ന് ഓർക്കേണ്ടവർ ഓർത്താൽ അവർക്ക് നല്ലത്. ബിനാമി പ്രയോഗമൊക്കെ നടത്തുമ്പോൾ സ്വന്തത്തിലേക്കൊന്ന് നോക്കാനുള്ള സന്മനസ്സെങ്കിലും ബന്ധപ്പെട്ടവർ പ്രകടിപ്പിച്ചാൽ ഉചിതമാകും.

കുറ്റിപ്പുറത്ത് നിളാ പാർക്ക് സ്ഥാപിക്കുമ്പോൾ മണലൂറ്റുന്ന ഒരു കടവെങ്കിലും ഇല്ലാതാകുമല്ലോ എന്ന് ചിന്തിച്ച ജനപ്രതിനിധിക്ക് 'ഞെളിഞ്ഞിരുന്ന്' പ്രകൃതി സ്‌നേഹം പ്രസംഗിക്കാൻ കപടൻമാരായ മതരാഷ്ട്രീയ വാദികളെക്കാൾ ആയിരം വട്ടം അവകാശമുണ്ട്. അത് കാണുമ്പോൾ ആർക്കെങ്കിലും അവജ്ഞ തോന്നിയെങ്കിൽ അതവരുടെ മനസ്സിന്റെയും കണ്ണിന്റെയും കുഴപ്പമെന്നല്ലാതെ എന്തു പറയാൻ.

ഒരാളുടെ ഒരു കാലിച്ചായ പോലും പ്രതിഫലം പറ്റാതെയാണ് ഈ നിമിഷം വരെയും ഈയുള്ളവൻ പൊതു പ്രവർത്തനം നടത്തിയിട്ടുള്ളത്. രാഷ്ട്രീയം കൊണ്ട് ഒരു നയാപൈസ പോലും സമ്പാദിക്കാൻ ശ്രമിച്ചിട്ടുമില്ല. അല്ലെന്ന് അഭിപ്രായമുള്ള ഏതെങ്കിലും അനുഭവസ്ഥർ ഈ ഭൂമി ലോകത്തെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഹേ വെൽഫയർ പാർട്ടിക്കാരേ കൊണ്ടു വരൂ അവരെ. നിങ്ങൾക്കതിന് ഒരിക്കലും കഴിയില്ല. അങ്ങിനെ ഒരുമ്മ പെറ്റ മകൻ ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. ഹൃദയം തൊട്ടാണ് ഞാൻ സാക്ഷ്യപ്പെടുത്തുന്നത്. ഇത് തന്നെയാണ് എന്റെ നിർഭയത്വത്തിന്റെ അടിസ്ഥാനവുമെന്ന് നിങ്ങൾ മനസ്സിലാക്കുക. വിമർശിക്കാം, പക്ഷെ പച്ചക്കള്ളം വിളമ്പി ഒരാളെ സമൂഹമദ്ധ്യത്തിൽ അപമാനിക്കരുത്.
 

Latest News