കൊല്‍ക്കത്ത- യുഎസിലെ ചിക്കാഗോയില്‍ വിവേകാനന്ദ വേദാന്ത മിഷന്‍ സംഘടിപ്പിക്കാനിരുന്ന ലോക ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിക്കാഗോ യാത്രയ്ക്ക് അനുമതി തേടി മമത അപേക്ഷ നല്‍കിയിട്ടില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. എന്നാല്‍ മന്ത്രാലയത്തിന്റെ വിദശീകരണത്തില്‍ വസ്തുതകളില്ലെന്നും കേന്ദ്ര സര്‍ക്കാരിലെ ചിലരുടെ കടുത്ത സമ്മര്‍ദ്ദം മൂലം സംഘാടകര്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഈ പരിപാടിക്ക് മമതയെ സംഘാടകര്‍ ക്ഷണിച്ചിരുന്നുവെന്നും തൃണമൂല്‍ വ്യാഴാഴ്ച വ്യക്തമാക്കി.
'ഞാന്‍ ചിക്കാഗോയിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ ചിലര്‍ നടത്തിയ അവിശുദ്ധ ഗൂഢാലോചന കാരണം എനിക്കവിടെ പോകാന്‍ കഴിഞ്ഞില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു,' മമത രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു. വിവേകാനന്ദ വേദാന്ത മിഷന്‍ ചിക്കാഗോ പരിപാടിയിലേക്ക് മമതയെ ക്ഷണിച്ചിരുന്നതും അതു അവര്‍ സ്വീകരിച്ചിരുന്നതുമാണെന്ന് തൃണമൂല്‍ നേതാവ് ഡെരക് ഒബ്രെയ്ന്‍ പറഞ്ഞിരുന്നു. സംഘാടകര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണുണ്ടായത്. ചിക്കാഗോയില്‍ ഗ്ലോബല്‍ ഹിന്ദു കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു പരിപാടി മാത്രമെ നടക്കാവൂ എന്നാണ് ബി.ജെ.പി, ആര്‍.എസ്.എസ് നിലപാട്. ഈ പരിപാടിയില്‍ ആര്‍.എസ്.എസ് മേധാവിയും പങ്കെടുക്കും. ഇക്കാരണത്താലാണ് വിവേകാനന്ദ വേദാന്ത മിഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ചിക്കാഗോയിലെ അവരുടെ പരിപാടി റദ്ദാക്കിച്ചതെന്നും ഒബ്രെയ്ന്‍ ആരോപിച്ചു.