ദമാം- കാർ കേടായി റുബ്ഉൽഖാലി മരുഭൂമിയിൽ കുടുങ്ങിയ രണ്ട് യു.എ.ഇ പൗരന്മാരെ കിഴക്കൻ പ്രവിശ്യയിലെ ബത്ഹ സെക്ടർ അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി അതിർത്തി സുരക്ഷാ സേന വക്താവ് കേണൽ സാഹിർ അൽഹർബി അറിയിച്ചു. അൽശൈബ-ബത്ഹ റോഡിൽ വിജനമായ സ്ഥലത്ത് ഇവരുടെ കാറിന്റെ ടയറുകൾ പഞ്ചറാവുകയായിരുന്നു.
റിയാദ് യു.എ.ഇ എംബസിയാണ് അതിർത്തി സുരക്ഷാ സേനക്കു കീഴിലെ കമാന്റ് ആന്റ് കൺട്രോൾ സെന്ററിൽ ബന്ധപ്പെട്ട് യു.എ.ഇ പൗരന്മാർ മരുഭൂമിയിൽ കുടുങ്ങിയ വിവരം അറിയിച്ചത്. അവർ ഉടൻ തന്നെ വിവരം കിഴക്കൻ പ്രവിശ്യയിലെ കമാന്റ് ആന്റ് കൺട്രോൾ സെന്ററിന് കൈമാറി. യു.എ.ഇ പൗരന്മാർ കുടുങ്ങിക്കിടക്കുന്ന സ്ഥലം നിർണയിച്ച് ഇരുവരെയും രക്ഷപ്പെടുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയുമായിരുന്നെന്ന് കേണൽ സാഹിർ അൽഹർബി പറഞ്ഞു.






