ജിദ്ദ- സൗദിയിൽ പ്രവാസികളുടെ ബാങ്കിംഗ് വിശദാംശങ്ങൾ കൈക്കലാക്കിയുള്ള തട്ടിപ്പ് വീണ്ടും. ബാങ്കിംഗ് അപ്‌ഡേറ്റിന് വേണ്ടി ബാങ്ക് അക്കൗണ്ട്, പിൻനമ്പർ തുടങ്ങിയവ വേണമെന്നാവശ്യപ്പെട്ടാണ് ഫോൺ കോളുകൾ വരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഫോണുകൾ എത്തുന്നത്. പുതിയ നിയമമാണെന്നും ഉടൻ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങൾ നിലക്കുമെന്നുമാണ് ഫോൺ ചെയ്യുന്ന തട്ടിപ്പുകാരന്‍ വിശദീകരിക്കുക. ഹിന്ദി, ഉറുദു, അറബി എന്നീ ഭാഷകളെല്ലാം ഇവർ സംസാരിക്കുകയും ചെയ്യും. ഐ.എം.ഒ വഴിയും ചിലർക്ക് ഫോണുകൾ എത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ഇഖാമ പുതുക്കിയാൽ നേരിട്ട് ബാങ്കിലെത്തിയാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാറുള്ളത്. ഇതേ സേവനത്തിന് വേണ്ടിയാണ് ബാങ്കുകളിൽനിന്ന് നേരിട്ട് വിളിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ പറ്റിക്കുന്നത്. അക്കൗണ്ട് നമ്പറും പിൻനമ്പറും ലഭിച്ചാൽ പണം കൈക്കലാക്കാൻ തട്ടിപ്പ് സംഘത്തിന് കഴിയും.
ബാങ്കുകളിൽനിന്ന് വിശദാംശങ്ങൾ ചോദിച്ച് ആരും വിളിക്കില്ലെന്നും ഇത്തരം ഫോൺകോളുകളെ കരുതിയിരിക്കണമെന്നും ബാങ്ക് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാങ്കുകളിൽ വ്യക്തിഗത വിശദാംശങ്ങൾ അന്വേഷിച്ച് ആരും വിളിക്കില്ലെന്നും ഇത്തരം കോളുകൾ കരുതിയിരിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.