Sorry, you need to enable JavaScript to visit this website.

പി. ജയരാജനെയും അഡ്വ. സി. ഷുക്കൂറിനെയും പിന്തുണച്ച്  റിയാസ് മൗലവി ആക്ഷൻ കമ്മിറ്റി

കാസർകോട്- സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും മുസ്ലിംലീഗ് നേതൃത്വത്തിന്റെ നടപടി നേരിട്ട അഡ്വ. സി ഷുക്കൂറിനെയും പിന്തുണച്ചു കൊല്ലപ്പെട്ട കാസർകോട് ചൂരിയിലെ റിയാസ് മൗലവിയുടെ കേസ് നടത്തിപ്പ് കമ്മിറ്റി രംഗത്ത്. പി ജയരാജനെ പിന്തുണച്ചതിന്റെ പേരിൽ ലോയേഴ്‌സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മുസ്ലിം ലീഗ് പ്രവർത്തകസമിതിയിൽ നിന്നും അഡ്വ. സി. ഷുക്കൂറിനെ കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ ഉൾപ്പെടെ പാർട്ടിയുടെ സ്വന്തം എന്ന പരിഗണനയിൽ ഇദ്ദേഹത്തിനും ഭാര്യക്കും പ്രധാന പദവികളും മുസ്‌ലിം ലീഗ് നൽകിയിരുന്നു. എന്നാൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതോടെ ആ നില മാറുകയും സി.പി.എം നേതാക്കൾ ഷുക്കൂറിനെ സഹായിക്കുകയും ചെയ്തു. റിയാസ് മൗലവിയുടെ കൊലപാതകം ഉണ്ടായപ്പോൾ ഉൾപ്പെടെ ലീഗുകാരനായ അഭിഭാഷക നേതാവ് സഹായം തേടിയെത്തിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അടുത്തായിരുന്നു. സഹായിച്ചതിന് നന്ദി പറഞ്ഞുകൊണ്ടും രാഷ്ട്രീയ പരിഗണന നോക്കാതെ പി ജയരാജനെ പുകഴ്ത്തിയും ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് പാർട്ടി കുടുംബമായിരുന്നിട്ടും ഷുക്കൂറിനെതിരെ മുസ്ലിംലീഗ് നേതാക്കൾ രംഗത്തുവന്നത്. പാർട്ടി നടപടി എടുത്തതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിച്ചു നിൽക്കുന്നതിനിടയിലാണ് റിയാസ് മൗലവി വധക്കേസിൽ സഹായിച്ചത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും അഡ്വ. സി ഷുക്കൂറുമാണെന്ന് കേസ് നടത്തിപ്പ് കമ്മിറ്റി പ്രസ്താവിച്ചത്. നിഷ്ഠുരമായ ഈ കൊലപാതകത്തിൽ നിയമത്തിന്റെ എല്ലാ വഴികളും സുഗമമാക്കാൻ രംഗത്തുണ്ടായിരുന്നത് പി ജയരാജനും ഷുക്കൂറുമായിരുന്നു എന്ന് വ്യക്തമാക്കിയ കമ്മറ്റി ലീഗ് നേതാക്കൾ ഒന്നും ചെയ്തില്ലെന്ന് പറയാതെ പറയുകയും ചെയ്തു. കൊലപാതകം നടന്നയുടനെ ജാഗ്രതയുള്ള പ്രവർത്തനമാണ് പ്രദേശത്തെ നാട്ടുകാർ ചേർന്ന് നടത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇപ്പോഴത്തെ കാസർകോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസനെ സ്പെഷ്യൽ ടീമായി നിയമിക്കുകയും യു.എ.പി.എ ചുമത്തണമെന്നും പ്രമുഖ അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ചൂരി പ്രദേശം സന്ദർശിക്കുകയും ഭരണതലത്തിലും ആഭ്യന്തര വകുപ്പിലും ആവശ്യമായ സഹായങ്ങൾ ചെയ്തതും പി. ജയരാജനാണ്. അദ്ദേഹം ചൂരി ജുമാമസ്ജിദ് സന്ദർശിക്കുകയും പ്രദേശവാസികളുടെ വികാരം മനസിലാക്കുകയും ചെയ്തിരുന്നു. ചൂരി പ്രദേശത്തുകാർ പലവട്ടം കേസുമായി ബന്ധപ്പെട്ട പല സാങ്കേതിക തടസങ്ങളും മറികടക്കുന്നതിനായി അദ്ദേഹത്തെ കാണുകയും ഓരോ ഘട്ടങ്ങളിലും കൃത്യമായി ഇടപെട്ട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെ സംഭവം നടന്ന് മൂന്നാം ദിവസം തന്നെ അറസ്റ്റു ചെയ്യുകയും നിയമപരമായ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ ഉത്തരവാകുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ എം അശോകനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കടുത്ത ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളുള്ള അഡ്വ. ഷുക്കൂറിനെതിരെ ചില തെറ്റിദ്ധാരണയുടെ പുറത്താണ് മുസ്‌ലിം ലീഗ് നടപടിയെടുത്തത്. ഇത് പിൻവലിക്കണമെന്നും ഷുക്കൂർ വക്കീലിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാട് മുസ്‌ലിം ലീഗ് കൂടി ഉൾകൊള്ളണമെന്നും കേസ് നടത്തിപ്പു കമ്മിറ്റിക്കു വേണ്ടി സി.എച്ച് അബ്ദുല്ലക്കുഞ്ഞിയും, സി എച്ച് ബദ്റുദ്ദീനും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഇതേവരെ പ്രതികരിച്ചിട്ടില്ല. ലീഗിനെ വെട്ടിലാക്കുന്നതാണ് കേസ് നടത്തിപ്പ് കമ്മിറ്റിയുടെ പ്രസ്താവന. 

Latest News