Sorry, you need to enable JavaScript to visit this website.

നാസ് എയർ സൗദി വനിതകളെ പൈലറ്റുമാരായി നിയമിക്കുന്നു 

റിയാദ് - സൗദിയിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ നാസ് എയർ സൗദി വനിതകളെ പൈലറ്റുമാരായി നിയമിക്കുന്നു. സൗദി വനിതകളെ അസിസ്റ്റന്റ് പൈലറ്റുമാരായാണ് നിയമിക്കുകയെന്ന് നാസ് എയർ സി.ഇ.ഒ ബന്ദർ അൽമുഹന്ന പറഞ്ഞു. വ്യോമയാന മേഖലയിൽ ഉന്നത തസ്തികകളിൽ സൗദി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന ആദ്യ സൗദി വിമാന കമ്പനിയാണ് നാസ് എയർ. നാസ് എയർ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷനിൽ ഉന്നത തസ്തികകളിൽ ഏതാനും സൗദി യുവതികൾ ജോലി ചെയ്യുന്നുണ്ട്. മികച്ച തൊഴിലവസരങ്ങളിലേക്ക് സൗദി വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നാസ് എയർ ശ്രമിച്ചുവരികയാണെന്ന്, എയർ ഹോസ്റ്റസുമാരായി സൗദി യുവതികളെ നാസ് എയറിൽ നിയമിക്കുന്നതിന് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ബന്ദർ അൽമുഹന്ന പറഞ്ഞു.
എയർ ഹോസ്റ്റസുമാരായി സൗദി വനിതകളെ നിയമിക്കുമെന്ന് സൗദി അറേബ്യൻ എയർലൈൻസിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ അദീൽ എയർലൈൻസ് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് അസിസ്റ്റന്റ് പൈലറ്റുമാരായി സൗദി വനിതകളെ നിയമിക്കുമെന്ന് നാസ് എയർ സി.ഇ.ഒ വെളിപ്പെടുത്തിയത്. ഫുൾടൈം അടിസ്ഥാനത്തിൽ എയർ ഹോസ്റ്റസുമാരായി ജോലി ചെയ്യുതിന് ഇരുപതു സൗദി വനിതകളെ തേടുന്നതായി അദീൽ എയർലൈൻസ് ചൊവ്വാഴ്ച പരസ്യം ചെയ്തു. അപേക്ഷകർ 23 മുതൽ 30 വരെ വയസ് പ്രായമുള്ള, ഡിപ്ലോമ ബിരുദധാരികളായിരിക്കണം. അപേക്ഷ നൽകുതിനുള്ള അവസാന ദിവസം സെപ്റ്റംബർ 30 ആണെും കമ്പനി അറിയിച്ചു.  നിലവിൽ സൗദി വിമാന കമ്പനികളിൽ സൗദി വനിതകൾ എയർ ഹോസ്റ്റസുമാരായോ പൈലറ്റുമാരായോ ജോലി ചെയ്യുന്നില്ല. ഏതാനും സൗദി യുവതികൾക്ക് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തൊഴിൽരഹിതരായി കഴിയുകയാണ്. വനിതകളെ പൈലറ്റുമാരായി നിയമിച്ചിട്ടില്ലെങ്കിലും എയർ ട്രാഫിക് കൺട്രോൾ അടക്കം എയർപോർട്ടുകളിലും സൗദി വിമാന കമ്പനികളിലും വ്യത്യസ്ത മേഖലകളിൽ നിരവധി സൗദി വനിതകൾ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. വനിതകൾക്ക് പൈലറ്റ് കോഴ്‌സ് പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റിയൂട്ടുകൾ ജിദ്ദയിലും ദമാമിലും പ്രവർത്തിക്കുന്നുണ്ട്. 
അഞ്ചു സൗദി വനിതകൾ പൈലറ്റ് ലൈസൻസ് നേടിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാലു പേർക്ക് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ആണ് ലഭിച്ചിരിക്കുന്നത്. ഇവർക്ക് രാജ്യത്ത് കൊമേഴ്‌സ്യൽ, പ്രൈവറ്റ് വിമാന കമ്പനികളിൽ ജോലി ചെയ്യുന്നതിന് സാധിക്കും. ഒരു യുവതിക്ക് ലഭിച്ചിരിക്കുന്നത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആണ്. ഇവർക്ക് വാണിജ്യ വിമാന കമ്പനികളിൽ ജോലി ചെയ്യുന്നതിന് സാധിക്കില്ല. സ്വന്തം രാജ്യത്ത് വിമാനം പറത്തുകയെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുന്നതിന് ഇനിയും സാധിക്കാത്തതിന്റെ നിരാശയിലാണ് താനെന്നും വൈകാതെ സ്വപ്‌നം യാഥാർഥ്യമാകുമെന്നാണ് പ്രത്യാശിക്കുതെന്നും പ്രഥമ സൗദി വനിതാ പൈലറ്റ് യാസ്മിൻ അൽമൈമനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2013 ൽ തനിക്ക് സൗദി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ രാജ്യത്തെ വിമാന കമ്പനികളിൽ തൊഴിലവസരം ലഭിച്ചിട്ടില്ലെന്ന് ഇരുപത്തിയേഴുകാരിയായ യാസ്മിൻ അൽമൈമനി പറഞ്ഞു. 
ജോർദാനിൽ നിന്നാണ് യാസ്മിൻ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയത്. ഈ ലൈസൻസ് നേടുന്ന ആദ്യ സൗദി വനിതയാണ് യാസ്മിൻ. അമേരിക്കയിൽ 300 മണിക്കൂർ പരിശീലനം പൂർത്തിയാക്കി യാസ്മിൻ പിന്നീട് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടി. 2013 ൽ അമേരിക്കൻ ലൈസൻസിനു പകരം സൗദി ലൈസൻസ് ലഭിച്ചു. സൗദിയിൽ യാത്രാ വിമാനങ്ങൾ പറത്തുന്നതിനുള്ള ലൈസൻസ് ലഭിച്ചിട്ട് അഞ്ചു വർഷമായെങ്കിലും ഇതുവരെ സൗദിയിലെ ഒരു വിമാന കമ്പനിയിൽ തൊഴിലവസരം ലഭിച്ചിട്ടില്ലെന്ന് യാസ്മിൻ പറഞ്ഞു. സൗദി വനിതകളെ അസിസ്റ്റന്റ് പൈലറ്റുമാരായി നിയമിക്കുമെന്ന് നാസ് എയർ പ്രഖ്യാപിച്ചതിലൂടെ പൈലറ്റ് ലൈസൻസ് നേടി വർഷങ്ങളായി തൊഴിൽരഹിതരായി തുടരുന്ന സൗദി യുവതികൾക്ക് മുന്നിൽ പ്രതീക്ഷയുടെ പുതിയ വാതായനമാണ് തുറക്കുന്നത്. നാസ് എയറിനും അദീൽ എയർലൈൻസിനും പിന്നാലെ മറ്റു സൗദി വിമാന കമ്പനികളിലും എയർ ഹോസ്റ്റസുമാരായും പൈലറ്റുമാരായും സൗദി വനിതകളെ കാണുന്ന കാലം വിദൂരമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Latest News