റിയാദ് - സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സാധിക്കുന്നതിന് ആവശ്യമായ പിന്തുണകൾ സ്വകാര്യ മേഖലക്ക് നൽകുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
സൗദിവൽക്കരണത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് റിയാദിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അനുയോജ്യവും ആകർഷകവും ഭദ്രവുമായ തൊഴിലവസരങ്ങൾ എല്ലാ പ്രവിശ്യകളിലും സ്വദേശികൾക്ക് ലഭ്യമാക്കുന്നതിനും സ്വകാര്യ മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വികസനത്തിൽ സ്വദേശികളുടെ സംഭാവന വർധിപ്പിക്കുന്നതിനും ബിസിനസ് മേഖലയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും മന്ത്രാലയത്തിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളും തമ്മിൽ പങ്കാളിത്തവും സംയോജനവും കൂടുതൽ ശക്തമാക്കേണ്ടത് പ്രാധാന്യം അർഹിക്കുന്നു.
സ്വകാര്യ മേഖലയുമായി ശക്തവും ഫലപ്രദവുമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്. സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികൾ ഗൗരവത്തോടെ കാണുകയും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിൽ പ്രതീക്ഷിക്കുന്ന പങ്ക് വഹിക്കുന്നതിന് സ്വകാര്യ മേഖലക്ക് അവസരമൊരുക്കുകയും ചെയ്യും.
ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും സ്വകാര്യ മേഖലക്ക് ആവശ്യമായ സർവ പിന്തുണകളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നൽകും. സ്വകാര്യ മേഖലയുമായി യഥാർഥ പങ്കാളിത്തം സ്ഥാപിക്കുന്നതിനാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ നിലക്ക് സ്വദേശികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിന് സ്വകാര്യ മേഖലക്കൊപ്പം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രവർത്തിക്കുന്നു. തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന തന്ത്രങ്ങൾക്ക് മന്ത്രാലയം രൂപംനൽകുന്നുണ്ടെന്നും പറഞ്ഞു.
റിയാദ് കിംഗ് അബ്ദുൽ അസീസ് നാഷണൽ ഡയലോഗ് സെന്ററിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്നൈൻ, കൗൺസിൽ ഓഫ് സൗദി ചേംബേഴ്സ് പ്രസിഡന്റ് ഡോ. സാമി അൽഉബൈദി, മാനവശേഷി വികസന നിധി ഡയറക്ടർ ജനറൽ ഡോ. അഹ്മദ് അൽസുദൈരി എന്നിവരും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും 300 ലേറെ വ്യവസായികളും പങ്കെടുത്തു.






