Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനത്താവളത്തിൽ ഡേ ഹോട്ടൽ വരുന്നു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നു പോയിക്കൊണ്ടിരിക്കുന്ന യാത്രക്കാർക്ക് താമസ സൗകര്യമില്ലാത്തത് പരിഹരിക്കാൻ കിയാലിന്റെ പുതിയ പദ്ധതി വരുന്നു. 
നേരത്തെ പുലർകാല വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും വിമാനത്താവളത്തിൽ മതിയായ സൗകര്യമുണ്ടായിരുന്നില്ല. ഇതു പരിഹരിക്കുന്നതിനായാണ് കിയാൽ അടിയന്തര നടപടി സ്വീകരിക്കുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ ഡേ ഹോട്ടൽ സംവിധാനമാണ് തുടക്കത്തിൽ ആരംഭിക്കുക.
ടെർമിനൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് 1418 ചതുരശ്ര മീറ്റർ ഏരിയ താമസ സൗകര്യത്തിനായി ഒരുക്കുന്നത്. ഈ സ്ഥലം ഇതിനായി മാറ്റി വെച്ചിരിക്കുകയാണെന്ന് കിയാൽ അധികൃതർ അറിയിച്ചു. ഇവിടെ ആദ്യ ഘട്ടത്തിൽ 25 മുതൽ 30 റൂമുകളാണുണ്ടാവുക. ഒരാൾക്ക് 24 മണിക്കൂർ വരെ ഡേ ഹോട്ടൽ സൗകര്യം ഉപയോഗപ്പെടുത്താം.
 റസ്‌റ്റോറന്റ്, കോൺഫറൻസ് ഹാൾ, ലിവിങ് ഏരിയ, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭിക്കും. വിമാനത്താവളത്തിൽ താമസസൗകര്യം വരുന്നതോടെ വെളുപ്പിന് എത്തുന്നവർക്ക് 12 മണിക്കൂർ വിശ്രമിച്ചു ഇവിടെ നിന്നും യാത്ര ചെയ്യാം. ഡേ ഹോട്ടലിനായുള്ള ടെൻഡർ നടപടി പുരോഗമിച്ചു വരികയാണെന്നും ഉടൻ നിർമാണം തുടങ്ങുമെന്നും കിയാൽ അധികൃതർ അറിയിച്ചു.

Latest News