Sorry, you need to enable JavaScript to visit this website.

ഈ യുദ്ധം അവരുടേതു മാത്രമല്ല

ഏതാണ്ട് ഉഴുതുമറിച്ചിട്ട പോലെ പരന്നുകിടക്കുന്ന ഊഷരമായ ഒരിടത്തൂടെ നടന്നുപോകുന്ന മൂന്നു മനുഷ്യര്‍.  ആകാശത്തു നിന്നുള്ള ദൃശ്യമാണു.  ഏതോ സിനിമയിലെ ഷോട്ട് പോലെ തോന്നും.  അത്ര തിരക്കിട്ടൊന്നുമല്ല അവര്‍ നടക്കുന്നത്.  കൈകളില്‍ ഒന്നുമില്ല.  

പെട്ടെന്ന് മൂവരെയും കറുത്ത പുകപടലങ്ങള്‍ വലയം ചെയ്യുന്നു. പുകയ്ക്കുള്ളില്‍ അവര്‍ അപ്രത്യക്ഷരായിക്കഴിഞ്ഞു.  ദൃശ്യത്തിന്റെ കൂടെ ശബ്ദമില്ല. നിശ്ശബ്ദചിത്രമാണു.  എന്താണു സംഭവിച്ചതെന്നു നമുക്ക് മനസ്സിലാവാന്‍ ഏതാനും നിമിഷങ്ങളെടുക്കും.  സംഭവിച്ചത് മറ്റൊന്നുമല്ല.  മുകളില്‍ വട്ടമിട്ടു പറക്കുന്ന ഒരു ഡ്രോണില്‍ നിന്നുള്ള ചെറു മിസൈലുകളില്‍ മൂവരും ഭസ്മമായിപ്പോയതാണു.   

ഷോട്ട് വീണ്ടും ഉയരുമ്പോള്‍, നാം കാണുന്നു, കു റച്ചു മുന്നില്‍, അല്പം തിരക്കിട്ടെന്ന പോലെ നടക്കുന്ന ഒറ്റപ്പെട്ടൊരു മനുഷ്യന്‍.  നേരത്തെ പുകപടലത്തിനുള്ളില്‍ അപ്രത്യക്ഷരായവരില്‍ രക്ഷപ്പെട്ടോടിയ ആരെങ്കിലുമാണോ അതോ മറ്റൊരാളാണോ എന്ന് ആദ്യം വ്യക്തമാവില്ല.  ഏതാനുമടി നടന്നു കഴിയുമ്പോള്‍ അയാള്‍ കാലിടറിയെന്ന പോലെ വീഴുന്നത് കാണാം.  പിന്നെ അയാള്‍ മുട്ടിലിഴഞ്ഞ് മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്.  എന്തില്‍ നിന്നോ രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുകയാണയാള്‍ എന്ന് അപ്പോള്‍ നമുക്ക് മനസ്സിലാകും.

പക്ഷെ, രക്ഷപ്പെടാനുള്ള അയാളുടെ ശ്രമങ്ങള്‍ വ്യര്‍ത്തമാണെന്നും അടുത്ത നിമിഷം തന്നെ നാം കാണും.  മറ്റൊരു കറുത്ത പുകപടലം അയാള്‍ക്കു മേല്‍ പരക്കുന്നതോടെ. ഒരു മനുഷ്യജീവി ഇല്ലാതായെന്ന് നമുക്ക് മനസ്സിലാവും.  

ദൗര്‍ഭാഗ്യവശാല്‍ ഈ ദൃശ്യങ്ങള്‍ ഏതെങ്കിലും ഹോളിവുഡ് ചിത്രത്തില്‍ നിന്നല്ല.  യഥാര്‍ത്ഥദൃശ്യങ്ങളാണു.  തയക്കു മീതെ പറന്നെത്തുന്ന മരണയന്ത്രങ്ങള്‍ക്ക് നിങ്ങളെ എവിടെ നിന്നും തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാനാവുമെന്ന ആധുനിക യാഥാര്‍ത്ഥ്യം.  

ഏതാണ്ടൊരു വീഡിയോ ഗെയിം പോലെ, എവിടെയോ ഇരുന്നു സ്‌ക്രീനില്‍ കളിക്കുന്നവര്‍ക്ക്, നിര്‍മിതബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുന്ന ഡ്രോണുകളുപയോഗിച്ച് നിങ്ങളെ പിന്തുടരാം.  അവര്‍ക്കു രസിക്കുമ്പോള്‍ കൊല്ലാം.  

ഏറ്റവും അത്യാധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിന്യസിക്കപ്പെടുന്ന ഒരു യുദ്ധമാണു നാം കഴിഞ്ഞ ആറു മാസമായി കണ്ടുകൊണ്ടിരിക്കുന്നത്.  ഏതു തരം ഭൂഭാഗത്തിലും അനായാസം ഓടിയെത്താനാവുന്ന, എവിടെയിരുന്നാലും നിങ്ങളെ കണ്ടുപിടിക്കാനാവുന്ന റോബോട്ട് നായകളെയും അവിടെ നാം കാണുന്നുണ്ട്.  

അവിടമിപ്പോള്‍ ഒരു ലിവിങ്ങ് ലബോറട്ടറി കൂടിയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം നാം. പണ്ട് ഹിറ്റ്‌ലര്‍ ഇവരുടെ പ്രപിതാമഹന്മാരെ  മാരകപരീക്ഷണങ്ങള്‍ക്കുള്ള മനുഷ്യഗിനിപ്പന്നികളായി ഉപയോഗിച്ചിരുന്നു.  ആ രീതി അത്യാധുനികമായി പരിഷ്‌കരിച്ച് മറ്റൊരു ജനതക്കു മുകളില്‍ യാതൊരുളുപ്പുമില്ലാതെ പ്രയോഗിച്ചു പരീക്ഷിക്കുകയാണിവര്‍.  

തങ്ങള്‍ നേരിട്ട ദുരന്തങ്ങള്‍ ഇനി ലോകത്ത് മറ്റൊരു ജനതക്കും ഉണ്ടാവരുതെന്ന് ചിന്തിക്കുന്നതിനു പകരം, അതിനേക്കാള്‍ ക്രൂരമായ രീതിയില്‍ എങ്ങനെ മറ്റൊരു ജനതയെ ഇല്ലാതാക്കാമെന്നു പരീക്ഷിക്കുന്ന മനോവൈകൃതമുള്ളവരായി ഒരു ജനതയൊട്ടാകെ മാറുന്ന കാഴ്ചയാണു നാം കാണുന്നത്.    

നിര്‍മിതബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുന്ന ഈ പറക്കുന്ന നാല്‍ക്കാലികളും, സര്‍വീലന്‍സ് കാമറകളും, റോബോട്ട് നായകളുമെല്ലാം നാളെ നമ്മളെയും തേടിയെത്താം.  സ്വന്തം പൗരന്മാരെ അടിച്ചമര്‍ത്താനാഗ്രഹിക്കുന്ന ഏതൊരു ഭരണകൂടത്തിനു അത്യന്തം പ്രയോജനപ്രദമായ ആയുധങ്ങളാണല്ലോ അവയെല്ലാം.  നിങ്ങള്‍ ജനിച്ചു വളര്‍ന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന മണ്ണില്‍ നിങ്ങള്‍ ആരുമല്ലെന്നു തെളിയിക്കാനും ഇതേ നിര്‍മിതാ ബുദ്ധികള്‍ ഉപയോഗിക്കാമെന്ന് തെളിയിക്കാന്‍ അവര്‍ക്കു വലിയ വിഷമമൊന്നുമില്ല.  

അതു കൊണ്ടാണു, ഈ യുദ്ധം അവരുടേതു മാത്രമല്ല, ഈ കൂട്ടക്കൊല ചിലരെ മാത്രം ബാധിക്കുന്നതല്ല എന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത്.  

മേല്‍പ്പറഞ്ഞ ദൃശ്യം ലോകത്തിനു മുന്നിലെത്തിയത് വെറുതെയല്ല.  ആ വെടിയുതിര്‍ത്ത ഡ്രോണ്‍, പ്രതിരോധസേന വെടിവെച്ചിട്ടതാണ്.  അവരുടെ കൈവശം എത്തിപ്പെട്ട ഡ്രോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണവ.  അപ്പോള്‍ കാണപ്പെടാതെ പോകുന്ന ദൃശ്യങ്ങള്‍ എത്രയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവല്ലോ.  

 

 

Latest News