Sorry, you need to enable JavaScript to visit this website.

സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് ദമാം തനിമ ഇഫ്‌താർ 

തനിമ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ നിന്ന്

ദമാം - മനുഷ്യനിർമിത അതിരുകൾക്കപ്പുറം സഹോദര്യത്തിന്റെയും ഉള്ളുതുറന്ന പങ്കുവെക്കലുകളുടെയും ഊഷ്‌മള വേദിയാണ് ഇഫ്‌താർ സംഗമങ്ങളെന്ന സന്ദേശം വിളിച്ചോതി തനിമ ദമാം ഘടകം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. റോസ് റെസ്‌റ്റോറന്റിൽ നടന്ന സംഗമത്തിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നൂറിലേറെ പേർ പങ്കെടുത്തു. അന്നപാനീയങ്ങൾ ഉപേക്ഷിച്ച് സൃഷ്ടാവിന്റെ കൽപനകൾ ശിരസാവഹിക്കുന്നതിലൂടെ സ്വയം വിമലീകരിക്കപ്പെടുകയും പട്ടിണിയിൽ ജീവിക്കുന്നവരുടെ  നോവറിഞ്ഞ്‌ അവരോടു ഐക്യപ്പെടുകയും ചെയ്യുന്ന ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾ ഉൾകൊള്ളുന്ന ശുദ്ധീകരണ പ്രക്രിയയാണ് റമദാനെന്ന് തനിമ കേന്ദ്ര സമിതി അംഗം കെ.എം ബഷീർ റമദാൻ സന്ദേശത്തിൽ പറഞ്ഞു. വെറുപ്പ് വേര് പടർത്തുന്ന കാലത്ത്, പ്രവാസലോകത്ത് രൂപപ്പെടുന്ന ഇത്തരം സൗഹൃദ സംഗമങ്ങൾ നിർവഹിക്കുന്ന ധർമ്മം വലുതാണെന്നും എല്ലാത്തിനുമുപരി മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണെന്ന ഇസ്‌ലാമിക പാഠം എക്കാലത്തും പ്രസക്തമാണെന്നും സമാപനത്തിൽ മുഹമ്മദലി പീറ്റെയിൽ അഭിപ്രായപ്പെട്ടു. വ്രതാനുഷ്‌ഠാനത്തിന്റെ ബഹുമുഖ ഫലങ്ങൾ ഉൾക്കൊള്ളിച്ചുള്ള പോസ്‌റ്റർ പ്രദർശനം ഒരുക്കിയിരുന്നു. തനിമ ദമാം ഘടകം പ്രസിഡന്റ് മുഹമ്മദ് സിനാൻ അധ്യക്ഷത വഹിച്ചു. ഷമീർ ബാബു ശാന്തപുരം സ്വാഗതം പറഞ്ഞു. അർഷദ് അലി ഖിറാഅത് നടത്തി. മുഹമ്മദ് കോയ, ബിനാൻ ബഷീർ, ഷബീർ ചാത്തമംഗലം, അംജദ് പത്തനംതിട്ട, കബീർ മുഹമ്മദ്, അയ്മൻ സയീദ് എന്നിവർ നേതൃത്വം നൽകി.  

 

Tags

Latest News