Sorry, you need to enable JavaScript to visit this website.

തേയില തേടി ഡാർജിലിംഗിലേക്ക്‌

മാസങ്ങളോളമുള്ള തയാറെടുപ്പിനൊടുവിൽ 2022 ജനുവരി നാലാം തീയതി ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ്  വീട്ടിൽ നിന്നും ഞാനും എന്റെ ബിസിനസ്  പങ്കാളിയായ ഹംസയും രാജ്യത്തിന്റെ  വടക്കുകിഴക്കൻ മേഖലയിൽപെട്ട ഡാർജിലിംഗിലേക്കുള്ള യാത്ര പുറപ്പെട്ടത്.  4.35 ന് പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്നും  ഇന്റർസിറ്റി എക്്‌സ്പ്രസിൽ ആലുവയിലേക്ക്. പിറ്റേന്ന് പുലർച്ചെ 7.50 നാണ് നെടുമ്പാശ്ശേരിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനം. കൃത്യസമയത്തെത്തിയ ട്രെയിൻ രാത്രി എട്ടു മണിയോടെ  ആലുവയിൽ എത്തി.  ആലുവയിൽ സുഹൃത്തായ സലീം ഭായിയുടെ പെരിയാറിന്റെ തീരത്തുള്ള വീട്ടിലായിരുന്നു അന്ന് രാത്രിയിലെ വിശ്രമവും ഉറക്കവും. പെരിയാറിൽ വിസ്തരിച്ചു ഒരു കുളിയും കഴിഞ്ഞപ്പോൾ തെല്ലൊരാശ്വാസമായി. സലീം ഭായിയുടെ രണ്ടു വയസ്സിൽ താഴെ പ്രായമുള്ള മകൻ പെരിയാറിൽ നീന്തിത്തുടിക്കും എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട്  നീന്തുന്ന വീഡിയോ കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. പിറ്റേന്ന് രാവിലെ ആറു മണിയോടെ അദ്ദേഹം ഞങ്ങളെ എയർപോർട്ടിൽ എത്തിച്ചു. പിന്നെ കൊൽക്കത്തയിലേക്കുള്ള വിമാന യാത്ര. കൊൽക്കത്തയും അവിടെനിന്ന് ബാഗ്‌ദോഗര എയർപോർട്ടിലേക്കു കണക്ഷൻ ഫ്ളൈറ്റും തരപ്പെടുത്തി. കൊൽക്കത്തയിൽ എത്തിയപ്പോൾ കൂടപ്പിറപ്പായ വിശപ്പ് മുദ്രവാക്യം വിളിക്കാൻ തുടങ്ങിയിരുന്നു. വിമാനമിറങ്ങി ഞങ്ങൾ ഭക്ഷണം തെരഞ്ഞു നടന്നു. അപ്പോഴാണ് എൻ.ആർ.ഇ പ്രീമിയം അക്കൗണ്ട് ഉള്ളവർക്ക് വി.ഐ.പി ലോഞ്ചിൽ ഫുഡ് സൗകര്യമുണ്ട് എന്ന ബോധമുദിച്ചത്. അതും അവിടെ പ്രയോജനപ്പെട്ടു. ബാഗ്‌ദോഗരയിലേക്കുള്ള  അടുത്ത വിമാനം കയറണം. കൊൽക്കത്തയിൽ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട് ബാഗ്‌ദോഗര എയർ പോർട്ടിലേക്ക്. ബാഗ്ധോഗരയോട്  ചാരിനിൽക്കുന്ന ബംഗാളിലെ മൂന്നാർ എന്നു വേണമെങ്കിൽ വിളിക്കാവുന്ന സിലിഗുരി എന്ന സ്ഥലമാണ് പ്രഥമ ലക്ഷ്യം. കൊൽക്കത്തയിൽ നിന്നും ഏകദേശം 560  കിലോമീറ്റർ ദൂരമുണ്ട് സിലിഗുരിയിലേക്ക്. 13 മണിക്കൂറോളം സമയമെടുക്കും റോഡ് മാർഗമുള്ള യാത്രയ്ക്ക്.   ബാഗ്‌ദോഗരയിൽ നിന്നും പത്തോ പന്ത്രണ്ടോ കിലോമീറ്റർ മാത്രം. ബാഗ്‌ദോഗര വിമാനത്താവളം ഇന്റർനാഷണൽ എയർപോർട്ട് ആണെങ്കിലും അത്ര വലിയ സംവിധാനമൊന്നും അവിടെ കണ്ടില്ല. ഇന്ത്യൻ എയർഫോഴ്സിന്റെ  ഒരു എൻക്ലൈവായിട്ടാണ് ഈ വിമാനത്താവളം കൂടുതലും ഉപയോഗിക്കുന്നത്. പലയിടങ്ങളിലായി എയർഫോഴ്സിന്റെ വിമാനങ്ങൾ നിർത്തിയിട്ടിട്ടുള്ളത് കാണാമായിരുന്നു.


സൗദിയിൽ ഏതാണ്ട് ആറു വർഷം മുമ്പ് ഹജ് വേളയിൽ  ഇന്ത്യൻ ഹജ് മിഷന്റെ വളണ്ടിയറായി നിയയോഗിതനായിരുന്ന, ഇപ്പോൾ ഇംഫാലിൽ ബി.എസ്.എഫിൽ കമാണ്ടറായി ജോലി ചെയ്യുന്ന റാഷിദ് റാസ ഭായ് എന്ന ബിഹാറുകാരൻ  ഞങ്ങളുടെ സുഹൃദ്‌വലയത്തിലുണ്ടായിരുന്നത് ഫലം ചെയ്തു. അദ്ദേഹത്തിന്റെ ചില ബന്ധുക്കൾ സിലിഗുരിയിലുണ്ട്. എയർപോർട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കളായ റാഷിദ് ഭായിയും സഹോദരനും എത്തിയിരുന്നു. അവരുടെ വാഹനത്തിൽ സിലിഗുരിയിൽ അവരുടെ താമസ സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോയി സൽക്കരിച്ചു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും നല്ല നിലയിലുള്ളവർ. കാലങ്ങളായി ഇവരുടെ പൂർവികർ സിലിഗുരിയിൽ താമസമാക്കിയതാണ്. നമ്മുടെ നാട്ടിലെ വിരുന്നു സൽക്കാരം പോലെ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണം അവർ ഒരുക്കിയിരുന്നു.  വീട്ടിലെ സൽക്കാരത്തിന് ശേഷം ഞങ്ങളെ അത്യാവശ്യം തെറ്റില്ലാത്ത ഹോട്ടലിൽ കൊണ്ടുവിട്ടു. അവരുടെ കാഴ്ചയിൽ ഞങ്ങൾ ബിസിനസുകാരാണല്ലോ. രാജ് ദർബാർ ഹോട്ടലിലെ 304 നമ്പർ റൂം ഞങ്ങൾക്കായി ഒരുക്കിവെച്ചു. ഞങ്ങൾ അൽപം വിശ്രമിച്ചു അനുഷ്ഠാന കർമങ്ങൾ നിർവഹിച്ചു പുറത്തേക്കിറങ്ങി. സിലിഗുരിയിലെ ഹോങ്കോംഗ് മാർക്കറ്റാണ് ലക്ഷ്യം.
മഹാനന്ദ നദിയുടെ തീരത്ത് ഡാർജിലിംഗ് ജില്ലയിലെ സമതലങ്ങളിൽ ഹിമാലയ പർവത നിരകളുടെ അടിത്തട്ടിലാണ് സിലിഗുരി സ്ഥിതി ചെയ്യുന്നത്.  പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമാണിത്. വടക്ക്-കിഴക്കൻ ഇന്ത്യയുടെ കവാടം എന്ന പേരിലും സിലിഗുരി അറിയപ്പെടുന്നു. ബംഗ്ലാദേശ്, ചൈന, നേപ്പാൾ എന്നീ മൂന്ന് അന്താരാഷ്ട്ര അതിർത്തികളുമായി സിലിഗുരി നഗരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.   കലിംപോംഗ്, സിക്കിം എന്നിവിടങ്ങളിൽ റോഡ് മാർഗവും ജയ്പാൽഗുരി, ഡാർജിലിംഗ് എന്നിവിടങ്ങളുമായി റെയിൽവേ ശൃംഖലയാലും ബന്ധിപ്പിച്ചിരിക്കുന്നു.  സിലിഗുരി എന്ന ഒരു ചെറിയ കാർഷിക ഗ്രാമം കഴിഞ്ഞ നൂറ്റാണ്ടിൽ  വാണിജ്യപരമായും  സാമ്പത്തികമായും   വികസിതമായ നഗരമായി മാറി.  തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു വലിയ പ്രദേശം.  പാണ്ഡ്യന്മാർ, ചേരന്മാർ, ചോളന്മാർ തുടങ്ങിയ നിരവധി പ്രധാന രാജവംശങ്ങൾ ഈ നഗരം ഭരിച്ചിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്. പ്രമുഖ ചരിത്ര പണ്ഡിതനായ സൈലൻ ദേബ്നാഥിന്റെ അഭിപ്രായത്തിൽ 'സിലിഗുരി' എന്ന പദത്തിന്റെ അർത്ഥം കല്ലുകൾ അല്ലെങ്കിൽ കല്ലുകളുടെ കൂമ്പാരം എന്നാണ്.  പത്തൊമ്പതാം  നൂറ്റാണ്ട് വരെ ഇത് ശിൽചഗുരി എന്നാണ് അറിയപ്പെട്ടിരുന്നത്.  അയൽ സംസ്ഥാനങ്ങളിലേക്കും അയൽരാജ്യങ്ങളിലേക്കും ഇവിടെ നിന്നും യാത്ര വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നു. 


ഓട്ടോ റിക്ഷകളുടെ മറ്റൊരു പതിപ്പായ ടോട്ടോ റിക്ഷകളും നിരത്തുകളിൽ ധാരാളം കാണാം. യാത്രക്കാരുമായി വന്ന ഒരു ടോട്ടോ ഞങ്ങളുടെ ഓരം ചാരി നിർത്തി. സ്ഥലവും ടിക്കറ്റ് ചാർജും പറഞ്ഞു ടോട്ടോയിൽ കയറി. പത്തു രൂപയാണ് ഒരാൾക്ക് ചാർജ്.  ഏകദേശം ഒന്നന്നൊര മണിക്കൂറോളം ഹോങ്കോംഗ് മാർക്കറ്റിൽ ചെലവഴിച്ചു. എല്ലാത്തരം സാധനങ്ങളും  ലഭ്യമാകുന്ന ഒരു സ്ഥലമാണ് ഹോങ്കോംഗ് മാർക്കറ്റ്. പിറ്റേന്നത്തേക്കുള്ള തയാറെടുപ്പും കണക്കുകൂട്ടലുകളുമായി ടോട്ടോയിൽ തന്നെ താമസ സ്ഥലത്തേക്ക് തിരിച്ചു.  രാത്രിയിൽ ലഘു ഭക്ഷണത്തിൽ ഒതുക്കി നേരത്തെ ഉറങ്ങാൻ കിടന്നു. രാവിലെ 9 മണിയോടെ റൂം ചെക്ക്ഔട്ട് ചെയ്യണം. ബാഗേജുമായി ഞങ്ങൾ റിസപ്ഷനിലേക്കു ചെന്നു. താമസിക്കുന്ന ഹോട്ടലിലെ പ്രഭാത ഭക്ഷണം റൂമിന്റെ കൂടെ അനുവദിക്കപ്പെട്ടതായതിനാൽ അതിനു വണ്ടി അലയേണ്ടി വന്നില്ല. 
റൂം ചെക്ക്ഔട്ട് ചെയ്യേണ്ട സമയം പന്ത്രണ്ടു മണിയാണ്. യാത്ര കഴിഞ്ഞു തിരിച്ചെത്താൻ വൈകിയാൽ   വീണ്ടും ഒരു ദിവസത്തെ റൂംവാടക കൊടുക്കേണ്ടി വരും. അതിനാൽ രാവിലെ തന്നെ റൂം ചെക്ക്ഔട്ട് ചെയ്തു ബാഗേജ് ഓഫീസിൽ ഏൽപിച്ചു.  ഞങ്ങൾ റെസ്റ്റോറന്റിലേക്ക് നടന്നു. ഒരു മേശക്കരികെ  ഞങ്ങൾ ഇരുന്നു. അപ്പുറത്തായി നേപ്പാൾ ടൂറിസ്റ്റുകൾ ഭക്ഷണം കഴിക്കുന്നു. കുറച്ചു സമയമായി വെയിറ്റർമാരിൽ നിന്നും ഒരു പ്രതികരണവുമില്ല. ഹോട്ടൽ ജീവനക്കാർ അത്ഭുത ജീവികളെ കാണുന്ന തരത്തിൽ ഞങ്ങളെ നോക്കി നിൽക്കുകയാണ്. കുറച്ചു സമയത്തിന് ശേഷമാണ് കാര്യം പിടികിട്ടിയത്. റെസ്റ്റോററന്റിൽ ഒരു ഭാഗത്തു ഭക്ഷണ തളികകൾ  നിരത്തിവെച്ചിരിക്കുന്നു. ബഫെയാണ് സിസ്റ്റം.  പിന്നെ ഒന്നും നോക്കിയില്ല ഒരു കുതിച്ചു ചാട്ടമായിരുന്നു. പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഇനി നമ്മുടെ യാത്രാലക്ഷ്യത്തിലേക്കു നീങ്ങണം. 
                                      (തുടരും) 

Latest News