Sorry, you need to enable JavaScript to visit this website.

പൊള്ളാച്ചി-വാൽപ്പാറ-ചാലക്കുടി- ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാനന പാത

പൊള്ളാച്ചി-വാൽപ്പാറ-ചാലക്കുടി പാത. 172 കിലോമീറ്റർ വരുന്ന മനോഹരമായ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ മഴക്കാടുകൾ താണ്ടി കടന്നു പോകുന്ന പാതയാണ്. എത്ര കണ്ടാലും മതിവരാത്ത അല്ലെങ്കിൽ ഓരോ തവണയും വ്യത്യസ്തമായ കാഴ്ചയുടെ വർണ്ണ വിസ്മയങ്ങൾ ഒരുക്കുന്ന പാത. പലരും പല തവണ പറഞ്ഞിട്ടും തീർന്നിട്ടില്ല പൊള്ളാച്ചി- വാൽപ്പാറ-ചാലക്കുടി പാതയുടെ സൗന്ദര്യം. മഴയിലും കോടമഞ്ഞിലും മുങ്ങികിടക്കുന്ന ചുരം ത്രസിപ്പിക്കും. വനവന്യത പൊള്ളാച്ചി വാൽപ്പാറ മലക്കപ്പാറ വാഴച്ചാൽ സ്‌ട്രെച്ചിൽ മനോഹരമാണ്. 42 ഹെയർ പിന്നുകൾ പൊള്ളാച്ചി വാൽപ്പാറ പാതയിൽ മാത്രമുണ്ട്. പിന്നെയുമുണ്ട് ഹെയർപിന്നുകൾ ഒരുപാട് വാൽപ്പാറ-ചാലക്കുടി സ്‌ട്രെച്ചിൽ. ഒരു ഹരിത തുരങ്കം തന്നെയാണ് വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഭാഗം. ചാലക്കുടി പുഴയുടെ ഓരം പിടിച്ച് ഒറ്റപ്പെട്ട ആദിവാസികുടികൾ മാത്രമുള്ള നിബിഡ വനമേഖലയാണിത്. മഴയായാലും മഞ്ഞായാലും വെയിലായാലും വർഷം മുഴുവൻ സഞ്ചരികളെ മാടി വിളിക്കുന്ന നിരവധി ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യൂ പോയിന്റുകളുമുള്ള ഈ പാത സുരക്ഷാ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് പ്രൊമോട്ട്  ചെയ്താൽ ലോകപ്രശസ്തമായ ടൂറിസം ഇടനാഴികളോട് കിടപിടിക്കും. വാഴച്ചാൽ മലക്കപ്പാറ പാതയിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. ധാരാളം വന്യമൃഗങ്ങൾ ഉള്ള ഈ പാതയിൽ വളരെ ശ്രദ്ധയോടെ പതുക്കെ സഞ്ചരിക്കണം.


വാഴച്ചാലിലും മലക്കപ്പാറയിലും ചെക്ക് പോസ്റ്റുകൾ ഉണ്ട്.സഞ്ചാരികൾക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ആ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് യാത്ര ചെയ്താൽ ഏറ്റവും മനോഹരവും ദൈർഘ്യമുള്ളതുമായ ഒരു വന യാത്ര ആസ്വദിക്കാം.
സാധാരണക്കാരായ സഞ്ചാരികളുടെ പറുദീസയാണ് വാൽപ്പാറ പച്ചപ്പട്ടു വിരിച്ച തേയിലത്തോട്ടങ്ങളും കോടമഞ്ഞ് ഉറങ്ങുന്ന പാറക്കൂട്ടങ്ങളും കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും  വാൽപ്പാറയിൽ ഏതൊരു സഞ്ചാരിയെയും മനംകുളിർപ്പിക്കുന്ന കാഴ്ചകളാണ് ദൈവം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത് ഏഴാം സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽപ്പാറയുടെ കാഴ്ചകൾ സഞ്ചാരികൾക്ക് എന്നും മനസ്സിൽ കുളിർ മഴ പെയ്യുന്ന ഒരു അനുഭവമാണ്. ഈ  ലേഖകൻ ജനിച്ചതും വളർന്നതും വാൽപ്പാറയിലാണ്. 


പ്രവാസ ജീവിതത്തിലെ പിരിമുറുക്കത്തിൽ നിന്ന് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ എല്ലാ വെക്കേഷനിലും മിക്കവാറും വാൽപ്പാറയിലേക്ക് ഞങ്ങൾ പോകാറുണ്ട്.  ഭാര്യക്കും മക്കൾക്കും ഇവിടം സന്ദർശിക്കുന്നതിനേക്കാൾ വലിയൊരു സന്തോഷം വേറെയില്ല. വാൽപ്പാറയിൽ നിന്ന് നാട്ടിലേക്ക് പറിച്ചു നടുമ്പോൾ മനസ്സ് വല്ലാതെ എന്തോ ഒന്നു മിസ്സ് ചെയ്യുമായിരുന്നു.  
ജീവിതത്തിലെ വലിയ വലിയ തലങ്ങൾ തേടി പല രാജ്യങ്ങളെയും കറങ്ങുമ്പോൾ മനസ്സ് നിറയെ  വാൽപ്പാറയും നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രം അവശേഷിച്ചിരുന്നു.  അവിടുത്തെ ജനങ്ങളുടെ പച്ചയായ ജീവിതം എനിക്കെന്നും ഒരു അത്ഭുതമായിരുന്നു ലോകത്തിന്റെ പല കോണിലും ഞാൻ സഞ്ചരിച്ചിട്ടുണ്ട്.  
എങ്കിലും അവിടത്തെ ജനങ്ങളുടെ വിനയവും ബഹുമാനവും ഒന്നും ഞാൻ മറ്റെവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. 
ഒരിക്കൽ പോയവർ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് വാൽപ്പാറ. മലയാളി ടൂറിസ്റ്റുകൾക്ക് വാൽപ്പാറയിലേക്കുള്ള യാത്ര അവിസമരണീയ അനുഭവമായിരിക്കും. 
 

Latest News