Sorry, you need to enable JavaScript to visit this website.

ഡെസ്റ്റിനേഷൻ സർഗാലയ

ക്രാഫ്റ്റ് വില്ലേജിന്റെ ആകാശ ദൃശ്യം
ക്രാഫ്റ്റ് വില്ലേജിന്റെ ആകാശ ദൃശ്യം
സർഗാലയയിൽ എത്തിയ ടൂറിസ്റ്റുകൾ.
അതിഥികളെ സ്വീകരിക്കുന്നു.

കേരളത്തിലെ ആദ്യ കരകൗശല ഗ്രാമമായ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജായ സർഗാലയ വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി. മലബാറിലെ ടൂറിസം മാപ്പിൽ പ്രധാന സ്ഥാനം ഇപ്പോൾ സർഗാലയക്കാണ്.  സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷൻ,  ഗ്രീൻ ഡെസ്റ്റിനേഷന്റെ ലോകത്തെ ഏറ്റവും മികച്ച നൂറ് കേന്ദ്രങ്ങളിൽ സ്ഥാനം. ഈ  പുരസ്‌കാരങ്ങളുടെ നിറവിലാണ് സർഗാലയ.  കേരള സർക്കാരിന്റെ വിനോദ വകുപ്പ് സംരംഭത്തിന്റെ മാനേജ്‌മെന്റ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ്. 


2011 ലാണ് 20 ഏക്കർ സ്ഥലത്ത് 15 കോടി രൂപ ചെലവിൽ ഇരിങ്ങലിൽ ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചത്. വളരെ വേഗം തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദ സഞ്ചാര പദ്ധതിക്കുള്ള ദേശീയ പുരസ്‌കാരം നേടാൻ സാധിച്ചു. സൗത്ത് ഏഷ്യ ട്രാവൽ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള സർഗാലയ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം പദ്ധതിക്കുള്ള പുരസ്‌കാരവും നേടി. ടൂറിസം മേഖലക്ക് സമഗ്ര സംഭാവന നൽകി ആഗോള മാതൃക സൃഷ്ടിച്ചതിന് കേരള ടൂറിസം വകുപ്പിന്റെ ബഹുമതിയും കരസ്ഥമാക്കി. മുപ്പതിനടുത്ത് സ്റ്റാളുകളുമായി ആരംഭിച്ച സർഗാലയ വിപുലീകരിച്ചു. ഇപ്പോൾ മണിക്കൂറുകൾ ചുറ്റിക്കറങ്ങി കാണാനുണ്ട്. 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേത് ഉൾപ്പെടെ ആയിരക്കണക്കിന് കരകൗശല വിദഗ്ദധരുടേയും കലാകാരന്മാരുടേയും വരുമാന സ്രോതസ്സായി മാറിയെന്നത് അഭിമാനാർഹമായ നേട്ടമാണ്. 


   സർഗാലയയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ദീർഘ കാഴ്ചയിൽ ഒരു സ്തൂപം പോലെ പാറക്കെട്ട് കാണാം. ഇത് കാണുമ്പോൾ ഒരു യുഗ പുരുഷനെയാണ് സ്മരിക്കുക. കുഞ്ഞാലി മരക്കാരുടെ പാദസ്പർശമേറ്റ പാറയാണിത്. തന്റെ പടക്കപ്പലുകളെ  നിരീക്ഷിക്കാൻ കയറി നിന്ന വലിയ പാറമലയുടെ അവശേഷിപ്പാണിത്. പുറംകാഴ്ചകളായി കുഞ്ഞാലി മരക്കാരുടെ മ്യൂസിയം, കടലാമകളുടെ പ്രജനന കേന്ദ്രം, വടക്ക് മൂരാട് പുഴ കടലുമായി സന്ധിക്കുന്ന അഴിമുഖം, സന്ധ്യയോടെ സൂര്യാസ്തമയം..എല്ലാം  നയനമനോഹര കാഴ്ചയാണ്. കരവിരുതിന്റെ വിസ്മയങ്ങൾ വസന്തം വിരയിക്കുന്ന വിസ്മയ ലോകം. പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം, മുത്തപ്പൻ മല, കൊളാവി പാലം, ആമ വളർത്ത് കേന്ദ്രം, കോട്ടക്കൽ കുഞ്ഞാലി മരക്കാർ കോട്ട, സാന്റ് ബാങ്ക്‌സ് ബീച്ച് എന്നീ കേന്ദ്രങ്ങളെല്ലാം സർഗാലയയുടെ ഒരു വിളിപ്പാടകലെയാണ്. ഇവ പരസ്പരം കോർത്തിണക്കി ഒരു ടൂറിസം പദ്ധതി  സർക്കാരിന്റെ ആലോചനയിലാണ്.  


    വിനോദ സഞ്ചാര മേഖലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന വടക്കൻ കേരളത്തിലെ ടൂറിസം മേഖലക്ക് ഉണർവേകി വികസന പ്രയാണത്തിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ച് മുന്നേറുകയാണ്  സർഗാലയ. സർഗാലയയുടെ  നേട്ടങ്ങൾ കേരളത്തിനും രാജ്യത്തിനും മാതൃകയായി മാറി. മലബാറിന്റെ വിനോദ സഞ്ചാര വികസനത്തിന് പുതിയ മാനം നൽകാൻ സർഗാലയക്ക് ഇതിനകം സാധിച്ചു. അടിസ്ഥാന സംവിധാനങ്ങളുടെ പോരായ്മയും വിനോദ സഞ്ചാര മേഖലയുടെ പിന്നോക്കാവസ്ഥയും ടൂറിസം മാർക്കറ്റിംഗ് രംഗത്തെ പോരായ്മയും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചത് സർഗാലയയിലെ മാനേജ്‌മെന്റും ജീവനക്കാരും കരകൗശല തൊഴിലാളികളും ഇരിങ്ങൽ പ്രദേശവാസികളും ചേർന്നുള്ള മാതൃകാപരമായ കൂട്ടായ്മയിലൂടെയാണ്.


   സർഗാലയ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി. സർഗാലയയുടെ വളർച്ച മികച്ച തൊഴിൽ മേഖല തന്നെ സൃഷ്ടിച്ചു. ക്രാഫ്റ്റ് വില്ലേജ് ടൂറിസത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്നും കരകൗശല വിദഗ്ധരും കലാകാരന്മാരും പങ്കെടുത്ത് നടത്തുന്ന ദേശീയ കരകൗശല മേളയും ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. വിദേശികളും തദ്ദേശികളുമൊക്കെയായി ലക്ഷക്കണക്കിന് പേരാണ് മേളക്കെത്തുന്നത്. ലോകത്തിലെ പ്രധാന കരകൗശല-കലാമേളകളിൽ ഒന്നായി ഇത് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. 
  ഒടുവിൽ ഒരു രാജ്യാന്തര പുരസ്‌കാരം വാങ്ങുവാനുള്ള യത്‌നത്തിലാണിതിന്റെ സംഘാടകർ. സുസ്ഥിരതയുടെ മികച്ച കഥകൾ പറയുന്ന ലോകത്തെ 100 വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി എസ്‌തോണിയയിലെ റ്റാലിനിൽ നടന്ന ഗ്രീൻ ഡെസ്റ്റിനേഷൻ കോൺഫറൻസിൽ സർഗാലയയെ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ടൂറിസം ഫെയർ ആയ ഐറ്റിബിബെർലിൻ 2024 ൽ പ്രഖ്യാപിക്കുന്ന ഐറ്റിബി അവർഡിന് മത്സരിക്കാൻ ഇതിനകം സർഗാലയ യോഗ്യത നേടിക്കഴിഞ്ഞു. പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. 


   തൊഴിൽ നൽകുക എന്ന അടിസ്ഥാന ലക്ഷ്യവുമായി പിറവിയെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി ഈ അത്യാകർഷകമായ കലാഗ്രാമത്തിന് രൂപം നൽകിയതും നിർമിച്ചതും നടത്തിപ്പിന് നേതൃത്വം വഹിക്കുന്നതും. കരകൗശല കലാകാരന്മാർക്ക് അന്തസ്സോടെ ഉപജീവനം നടത്തുന്നതിനും ആധുനിക സംവിധാനങ്ങളും ടൂറിസവും പ്രയോജനപ്പെടുത്തി കരകൗശല വിപണി വികസിപ്പിക്കാനും അന്യം നിന്നു പോകുന്ന കരകൗശല വിദ്യകളെ അവയിലൂടെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യം വെച്ച്  ഉത്തരവാദ ടൂറിസം നയത്തിൽ ഊന്നിയാണ് സർഗാലയ പ്രവർത്തിപ്പിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുത്ത കരകൗശല കലാകാരന്മാർക്ക് ആവശ്യമായ സൗകര്യങ്ങളോടെ കോട്ടേജുകൾ ഒരുക്കി നൽകി അതിൽ കളിമൺ പാത്രനിർമ്മാണം, പെയിന്റിംഗുകൾ, ഗൃഹാലങ്കാര സാമഗ്രികൾ, ചൂരൽ ഉൽപന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹ ഓഫീസ്  ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ ഉൾപ്പടെയുള്ളവ വാങ്ങാനും കാണാനും കഴിയും. മാത്രവുമല്ല, ഇവ നിർമിക്കുന്നതും നേരിട്ട് കാണാം. ഇരുന്നൂറിൽപരം കലാകാരന്മാർ ജോലി ചെയ്യുന്നുണ്ട്. വിദഗ്ധരായ കലാകാരന്മാർക്ക് സ്വന്തം ഭാവനക്ക് രൂപം നൽകാനും ഇടനിലക്കാരില്ലാതെ അവ വിറ്റഴിക്കുന്നതിനും ഇവിടെ കഴിയും.


   വേൾഡ് ക്രാഫ്റ്റ് കൗൺസിലിന്റെ ഏഷ്യാ പസഫിക് മേഖലയിലെ മികച്ച കരകൗശല ഉൽപന്നത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കാൻ സർഗാലയ സ്ഥിരം കരകൗശല വിദഗ്ധനായ എൻ.സി. അയ്യപ്പന് കഴിഞ്ഞതും വലിയ നേട്ടമാണ്.   സർഗാലയയുടെ അടുത്ത ഘട്ട വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ  അടുത്ത സാമ്പത്തിക വർഷത്തിൽ നടപ്പാക്കുകയാണ്. രാജ്യത്തെ  ഏറ്റവും മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രവും മാതൃക കരകൗശല സങ്കേതവുമായി മാറാനുള്ള  ഒരുക്കത്തിലാണ്. 20 കോടിയിൽപരം  രൂപ ചെലവഴിച്ചാണ് യു.എൽ.സി.സി.എസ് സർഗാലയയുടെ വികസനം നടത്താൻ തയാറെടുക്കുന്നത്. ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ സർഗാലയ മികച്ച രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമാകും. മാസ്റ്റർ പ്ലാൻ പ്രകാരം നിരവധി പുതിയ വിനോദ സഞ്ചാര അനുഭവങ്ങളാണ് തയാറാകുന്നത്. ഒരു ആർട് മ്യൂസിയമാക്കാനുള്ള പദ്ധതിയും ഉടനെ നടപ്പിലാക്കാനാണ് തീരുമാനം. ഇക്കഴിഞ്ഞ ഡിസംബർ 22 മുതൽ ജനുവരി 8 വരെ സംഘടിപ്പിച്ച സർഗാലയ അന്തർദ്ദേശീയ കലാകരകൗശല മേളയിൽ  ബംഗ്ലാദേശ്, ഈജിപ്ത്, ജോർദാൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, തുനീഷ്യ, ഉസ്ബക്കിസ്ഥാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായി. വിദേശങ്ങളിൽ നിന്നെത്തിയവർക്കൊപ്പം ഇന്ത്യയിലെ  തെരഞ്ഞെടുക്കപ്പെട്ട ആർട്ടിസാൻമാരും ഒരുക്കിയ വൈവിധ്യമാർന്ന കരകൗശല ഉൽപന്നങ്ങൾ ഇത്തവണത്തെ മേളയിൽ ശ്രദ്ധേയമായി.  
 

Latest News