Sorry, you need to enable JavaScript to visit this website.

സ്ലീപ്പറും ജനറലും കുറച്ച് എ.സിയാക്കി പണം കൊയ്യുന്ന റെയിൽവേ

സ്ലീപ്പർ കോച്ചിനെ മാറ്റിയെടുത്ത എ.സി കംപാർട്ട്‌മെന്റ്
കംപാർട്ട്‌മെന്റിന്റെ ഉൾവശം

സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എ.സി കോച്ചുകളാക്കിയതോടെ തിങ്ങിഞെരുങ്ങുകയാണ് കേരളത്തിലെ ചില ട്രെയിനുകളിലെ സ്ഥിരം യാത്രക്കാർ. ബംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ 12 സ്ലീപ്പർ കോച്ചുകൾ ഏഴ് വരെയായി ചുരുക്കി. പകരം മൂന്ന് എ.സി കോച്ചുകൾ കൂട്ടി. ആറ് ത്രീ ടയർ എ.സി കോച്ചുകളും രണ്ട് ടു ടയർ എ.സികളുമാണുളളത്. ഗുരുവായൂർ-പുനലൂർ മധുരയ്ക്ക് നീട്ടി മധുര എക്സ്പ്രസിൽ സെക്കൻഡ് ക്ളാസ് മാറ്റി രണ്ട് സ്ലീപ്പറും എ.സിയുമാക്കി.
ഗുരുവായൂർ പുനലൂർ എക്സ്പ്രസ് മധുര വരെ നീട്ടിയപ്പോൾ കോച്ചുകളും കുറഞ്ഞു. ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്ഡ് ആയി മാറുകയും ചെയ്തതോടെ ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ യാത്ര ചെയ്തിരുന്ന സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം വൻതിരക്കായി. ഈ സമയത്ത് വർഷങ്ങളായി പോയിരുന്നവർക്ക് യാത്രാക്ളേശം രൂക്ഷമാണ്.
മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസിലും ഒരു സ്ലീപ്പർ കോച്ച് എ.സി കോച്ചായി മാറിയിരുന്നു. നിലവിൽ 10 സ്ലീപ്പർ കോച്ചുകളും 4 എ.സി ത്രീ ടയർ കോച്ചുകളുമാണ് മലബാർ എക്സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകൾ എ.സി 3 ടയർ കോച്ചിലേക്ക് മാറി.
എല്ലാ ട്രെയിനുകളിലും ഘട്ടം ഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവേയുടെ പുതിയ തന്ത്രം.  യാത്രക്കാരേറെയുളള റൂട്ടുകളിലെ സാമ്പത്തിക നേട്ടം മുന്നിൽ കണ്ടാണ് റെയിൽവേയുടെ നീക്കം. മിതമായ നിരക്കിൽ യാത്ര ചെയ്യാവുന്ന സ്ലീപ്പർ കോച്ചുകളെ ആശ്രയിക്കുന്നവർക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്.
മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, മംഗളൂരു - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നിവയിലെല്ലാം കോച്ചുകൾ കുറച്ചു. സാധാരണ ട്രെയിൻ യാത്രക്കാരെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നു എന്നത് മാത്രമല്ല ഈ തീരുമാനം കൊണ്ട് സംഭവിക്കുന്നത്. റിസർവേഷൻ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്. തത്കാൽ ടിക്കറ്റുകളെടുപ്പിച്ച് കൊള്ളലാഭമുണ്ടാക്കാൻ ശ്രമമുണ്ടെന്നും പരാതിയുണ്ട്.

Latest News