അബുദാബി- ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് അബുദാബിയിലെ വിനോദ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ ഡ്രൈവറില്ലാ കാറുകൾ സഞ്ചാരികൾക്കിടയിൽ തരംഗമാവുന്നു. യാസ് ഐലന്റ്, സാദിയാത്ത് എന്നീ വിനോദ കേന്ദ്രങ്ങളിലാണ് ഇത്തരം കാറുകൾക്ക് വിനോദസഞ്ചാര വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യ കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യാസ് ഐലന്റിൽ ഇത്തരത്തിലുള്ള ഒരു വാഹനം നവംബറിൽ പരീക്ഷണാടിസ്ഥാത്തിൽ സർവീസ് ആരംഭിച്ചിരുന്നു. ഇത്തവണ ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് കൂടുതൽ വാഹനങ്ങൾ ഇറക്കിയത്. യാസ് ഐലന്റിൽ ഒമ്പത് സ്റ്റോപ്പുകളിലൂടെ കടന്നു പോകുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മൊബൈൽ ആപ്പ് വഴി സഞ്ചാരികൾക്ക് ഈ വാഹനം ബുക്ക് ചെയ്ത് ഉപയോഗിക്കാം.