ന്യൂയോർക്ക്- ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന തനിക്ക് അഭിവാദ്യം അർപ്പിക്കാൻ ഒരു കോടിയോളം പേർ എത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് പറഞ്ഞതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. അഹമ്മദാബാദിലെ 22 കിലോമീറ്റർ റോഡ് യാത്രക്കിടെ അഭിവാദ്യമർപ്പിക്കാൻ ഒരു കോടി ആളുകൾ എത്തുമെന്ന് മോഡി പറഞ്ഞുവെന്നാണ് ട്രംപിന്റെ അവകാശവാദം. കൊർളാഡോയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്. ഈ മാസം 24-നാണ് മോഡിയും ട്രംപും അഹമ്മദാബാദിലെ 22 കിലോമീറ്റർ റോഡിലൂടെ ഷോ നടത്തുന്നത്. അതേസമയം, അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നു എന്നാണ്. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിൽ ആകെ ജനസംഖ്യ എൺപത് ലക്ഷമാണ്. ഭാര്യ മെലാനിയ ട്രംപിനോടൊപ്പമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തുന്നത്.