Sorry, you need to enable JavaScript to visit this website.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; കേരളത്തിലടക്കം ഇന്ന് വിജ്ഞാപനം, പത്രികാ സമര്‍പ്പണം ഏപ്രില്‍ നാലുവരെ

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനകേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്.
ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.

കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.

ഏഴു ഘട്ടമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്.  കേരളത്തിലെ 20 സീറ്റുകളിലും ഏപ്രില്‍ 26 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ബിഹാറില്‍ ഇന്നു കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ബിഹാറില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്നത്തേക്ക് കൂടി നീട്ടിയത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ബാക്കി സംസ്ഥാനങ്ങളില്‍ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

വാർത്തകൾ തുടർന്നും വാട്സ്ആപ്പിൽ ലഭിക്കാൻ പുതിയ ഗ്രൂപ്പിൽ അംഗമാകുക

ഇവിടെ ക്ലിക്ക് ചെയ്യുക

Latest News